എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ റിമാൻഡിൽ
1571651
Monday, June 30, 2025 6:25 AM IST
ഓയൂർ: വിദ്യാർഥികൾക്ക് മയക്ക് മരുന്ന് വില്പന നടത്തി വന്നിരുന്ന രണ്ട് യുവാക്കൾ പോലീസിന്റെ വലയിലായി. വെളിയം മുട്ടക്കുഴി ചരുവിള വീട്ടിൽ അഭിജിത് ലാൽ (22) , വെളിയം പടിഞ്ഞാറ്റിൻകര ശ്രീഹരിയിൽ ഗോപുകൃഷ്ണൻ ( 21) എന്നിവരെയാണ്അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും ഒരു ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ശനിയാഴ്ച വൈകുന്നേരം ലഹരിവസ്തുക്കൾ വില്പന നടത്തുന്നതിനായി വെളിയം മുട്ടക്കുഴി ജംഗ്ഷന് സമീപം കാത്ത് നിൽക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. വെളിയം മേഖലയിൽ വ്യാപകമായി മയക്ക്മരുന്ന് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ച പോലീസ് കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു.
പ്രതികളുടെ വാഹവും , ദേഹപരിശോധനയും നടത്തിയാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പൂയപ്പള്ളി പോലീസിന് കൈമാറി.
കൊല്ലം റൂറൽ ഡാൻസാഫ് എസ്ഐജ്യോതിഷ് ചിറവൂർ, സിപിഒമാരായ കിരൺ, സജീവ്, ദിലീപ്, വിവിൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.