പനച്ചോട്ടുകടവ് അപകട മരണങ്ങളുടെ കേന്ദ്രമായി മാറുന്നു
1571652
Monday, June 30, 2025 6:25 AM IST
പേയാട് : സുരക്ഷാ മുൻകരുതലൊരുക്കാൻ അധികൃതർ വൈകുന്നതോടെ കുണ്ടമൺഭാഗം പനച്ചോട്ടുകടവ് അപകടമരണങ്ങളുടെ കേന്ദ്രമായി മാറുന്നു. കഴിഞ്ഞ ദിവസം ഒട്ടോ ഡ്രൈവർ മുങ്ങി മരിച്ചത് ഈ കടവിലാണ്. വിളവൂർക്കൽ പഞ്ചായത്തിൽ മൂലത്തോപ്പിലാണ് പനച്ചോട്ടുകടവ്. നിരവധിപേർ കുളിക്കാനെത്തുന്നുണ്ടെങ്കിലും കൽപ്പടവുകളുള്ള കുളിക്കടവില്ല.
കരമനയാറിന്റെ തീരത്തെ കടവിൽ വെള്ളമുയരുന്നതും താഴുന്നതും എപ്പോഴാണെന്നു നാട്ടുകാർക്കുപോലും നിശ്ചയമില്ല. ഈ സാഹചര്യത്തിലാണിവിടെ അപകടങ്ങളുണ്ടാകുന്നതെന്ന് അവർ പറയുന്നു. .അടിയൊഴുക്കും ചുഴികളും പാറയിടുക്കുകളും നിറഞ്ഞ പുഴയിൽ പലയിടവും ആഴമേറിയ കയങ്ങളാണ്.
ഇവരിൽ ഭൂരിഭാഗവും യുവാക്കളും കൗമാരക്കാരുമാണ്. മണൽവാരൽ മൂലമുണ്ടായ കയങ്ങൾ, അടിയൊഴുക്കു കാരണം രൂപപ്പെടുന്ന ചുഴികൾ, അടിത്തട്ടിലെ ചെളി നിക്ഷേപങ്ങൾ, പാറക്കൂട്ടങ്ങൾ എന്നിവയാണ് അപകടത്തിനിടയാക്കുന്നത്. നീന്തൽ അറിയാവുന്നവർപോലും ഇത്തരം കയങ്ങളിൽപ്പെടുമ്പോൾ വെള്ളത്തിൽനിന്നു കയറാനാകാതെ കുടുങ്ങും. കാൽവഴുതിയുള്ള വീഴ്ചകളിൽ പാറക്കൂട്ടങ്ങളിൽ തലയിടിച്ച് ബോധരഹിതരാകും. ഇതും അപകടതീവ്രത വർധിപ്പിക്കുന്നു.
വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിൽ കരമനയാറിന്റെ മിക്ക പ്രദേശവും അപകടകരമാണ്. അപകടമുണ്ടാക്കുന്ന മിക്ക കടവുകൾക്കു സമീപത്തും ആൾത്താമസം കുറവാണ്. സ്വകാര്യതയ്ക്കുവേണ്ടി മുതിർന്നവരുടെ കണ്ണുവെട്ടിച്ചും കുട്ടികൾ പല കടവുകളിലും എത്തുന്നുണ്ട്. ആറിലേക്ക് ഇറങ്ങാൻ കഴിയുന്നിടത്തൊക്കെ ഇക്കൂട്ടർ എത്തിപ്പറ്റുന്നതിനാൽ അപകടം തടയാനും കഴിയുന്നില്ല.
വിളപ്പിൽ പഞ്ചായത്തിലെ പേയാട് അരുവിപ്പുറം കടവ്, കാവടിക്കടവ് എന്നിവിടങ്ങളിൽ മാത്രം 16 പേർ മരിച്ചിട്ടുണ്ട്. അരുവിപ്പുറം കടവിൽ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതുമാത്രമാണ് നടപടി. വിളവൂർക്കൽ പഞ്ചായത്തിലെ പനച്ചോട്ടുകടവിൽ എട്ടു ജീവനുകളാണ് അസ്തമിച്ചത്. പാപ്പനംകോട് പാറയിൽക്കടവ്, വട്ടിയൂർക്കാവിനു സമീപം മേലേക്കടവ്, ആയിരവില്ലിക്ഷേത്രത്തിനു സമീപം ആറാട്ടുകടവ്,
കുലശേഖരം ശങ്കരനാരായണ ക്ഷേത്രത്തിനു സമീപമുള്ള കടവ്, തമലത്തിനു സമീപം ചുള്ളമുക്ക് തെറ്റിക്കുഴി, കരമന കാട്ടാൻവിള, തെറ്റിക്കുഴി, ആറാട്ടുകടവ്, ബലിക്കടവ്, അലക്കുകടവ് എന്നിങ്ങനെ അപകടമേഖലകളുടെ എണ്ണം നീളും. അപകടമൊഴിവാക്കാൻ പലവഴികൾസ്ഥിരം പകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, പ്രദേശവാസികളുടെ സഹായത്തോടെ ജാഗ്രതാ സമിതി രൂപവത്കരിക്കുക എന്നിവയാണ് പരിഹാരമായി നിർദേശിക്കപ്പെടുന്നത്.
അപകടകരമായ രീതിയിൽ അപരിചിതരും കൗമാരക്കാരും ആറിലേക്കിറങ്ങുന്നതു തടയാൻ ഇതിലൂടെ കഴിയുമെന്ന് ചൂണ്ടികാട്ടപ്പെടുന്നു.
സ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്ക് അപകടബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുകയാണ് മറ്റൊരു മാർഗം. കുളങ്ങളിലും മറ്റും നീന്തി പരിചയമുള്ളവർക്കുപോലും ആറ്റിലെ ഒഴുക്കിൽ നീന്താൻ കഴിയില്ല. ചെളിയിൽ താഴ്ന്നുപോയാൽ തിരികെ ഉയർന്നുവരാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ പരിചയമുള്ളവർക്കു മാത്രമേ നീന്തിക്കയറാൻ കഴിയുകയുള്ളൂ.
ആറ്റിൽ ഇറങ്ങണമെന്ന് നിർബന്ധമുള്ളവർ ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാസജ്ജീകരണങ്ങൾ ഉപയോഗിക്കുകയാണ് അപകടമൊഴിവാക്കാനുള്ള മറ്റൊരു മാർഗമെന്ന് നാട്ടുകാർ പറയുന്നു.