ദീപിക കർഷകർക്ക് വേണ്ടി സംസാരിക്കുന്ന പത്രം: പി.എസ്.സുപാൽ എംഎൽഎ
1571293
Sunday, June 29, 2025 6:09 AM IST
അഞ്ചൽ: കർഷകരുടെ സംരക്ഷണത്തിനായി കാർഷിക രംഗത്ത് വിലമതിക്കാനാവാത്ത സംഭാവന നൽകിയ ദിനപത്രമാണ് ദീപികയെന്ന് പി.എസ്.സുപാൽ എം എൽഎ. കർഷകരുടെ സംരക്ഷണത്തിനായി ഏറ്റവും അധികം കൃത്യമായ ഇടപെടൽ നടത്തുന്ന ദീപിക കാലങ്ങളായി അവർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് സുപാൽ പറഞ്ഞു.
അഞ്ചൽ സെന്റ്ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ കിഴക്കൻ മലയോര മേഖലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ദീപികയും മാർത്താണ്ഡം മാർ അപ്രേം കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയും ചേർന്ന് ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദീപിക എന്നും സത്യത്തിന്റെ ഭാഗത്തുനിന്ന് കൊണ്ട് തെറ്റുകൾ വിളിച്ചു പറയുവാൻ ധൈര്യം കാട്ടാറുണ്ട്. കുട്ടികളിൽ അറിവും സാംസ്കാരിക അവബോധവും സൃഷ്ടിക്കാൻ ദീപിക നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് എംഎൽ എ പറഞ്ഞു.
കിഴക്കൻ മലയോര മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നാന്നൂറോളം വിദ്യാർഥികളെ ദീപിക ആദരിച്ചു. ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജർ റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, കുളത്തുപ്പുഴ ബി എം ജി എച്ച് എസ് ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ, അഞ്ചൽ മേരി മാതാ പള്ളി ഇടവക വികാരി ഫാ. ജോസഫ് നാല്പതാം കുളം, സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ മേരി പോത്തൻ, കൊട്ടാരക്കര സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജോമി തോമസ് എന്നിവർ പ്രസംഗിച്ചു.
ദീപിക പുനലൂർ ഏരിയ മാനേജർ വർഗീസ് ജോസഫ് സ്വാഗതവും ദീപിക പുനലൂർ ലേഖകൻ അനിൽ പന്തപ്ലാവ് നന്ദിയും പറഞ്ഞു.
ആദരിക്കൽ ചടങ്ങിന്റെ ഭാഗമായി മാർത്താണ്ഡം മാർ അപ്രേം കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാറും നടന്നു.