സ്പെയർപാർട്സ് വെയർഹൗസിൽ മോഷണം: പ്രതികൾ പിടിയിൽ
1571024
Saturday, June 28, 2025 6:05 AM IST
കൊട്ടിയം: പഴയാറ്റിൻകുഴിയിലെ ബൈക്ക് സ്പെയർ പാർട്സ് വെയർഹൗസിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ.തിരുവനന്തപുരം മലയിൻകീഴ് അന്തിയൂർക്കോണം പ്ലാവറത്തല പുത്തൻവീട്ടിൽ അലക്സ് ബാബു (26), അന്തിയൂർക്കോണം തെക്കേകുരുന്തോട്ടം പിപി ഹൗസിൽ പ്രമോദ് ചന്ദ്രൻ (27) എന്നിവരെയാണ് കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 15 നാണ് വെയർഹൗസിൽ മോഷണം നടന്നത്. മൂന്ന് ലക്ഷം രൂപയുടെ സ്പെയർ പാർട്സുകളാണ് അപഹരിച്ചത്.പ്രത്യേക അന്വേഷണ സംഘം 100 ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയുണ്ടായി.
ഇതിൽ നിന്നാണ് രണ്ട് പേർ ഒരു സ്കൂട്ടറിൽ വെയർഹൗസിൽ എത്തി മോഷണം നടത്തുന്ന ദൃശ്യങ്ങൾ ലഭിച്ചത്.സ്കൂട്ടറിന്റെ നമ്പരും തിരിച്ചറിഞ്ഞു. തുടർന്ന് വാഹനത്തിന്റെ ആർസി വിവരങ്ങൾ ശേഖരിച്ച് സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് പ്രതികളെ മനസിലാക്കിയത്. തുടർന്ന് ഇരുവരെയും മലയിൻകീഴിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.