എഴുത്തുവഴിക്ക് തുടക്കം
1571032
Saturday, June 28, 2025 6:14 AM IST
കൊല്ലം: പുസ്തകവായനയുടെ മൂല്യം പുതുതലമുറയ്ക്ക് പകര്‍ന്നു നല്കാന് വായന പക്ഷാചരണ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ‘എഴുത്തുവഴി' തേവള്ളി ബിഎഡ് സെന്ററില്‍ ദേശീയ പുരസ്കാര ജേതാവായ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ഉദ്ഘാടനം ചെയ്തു.
മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള മികച്ച ഉപാധിയാണ് പുസ്തക വായനയെന്നും അതുവഴി മനുഷ്യ ഭാവനയുടെ വളര്‍ച്ചയും വിപുലീകരണവും സാധ്യമാക്കാനാകുമെന്നും സജീവ് പാഴൂര്‍ പറഞ്ഞു. ഹൈസ്കൂള്‍തല ഉപന്യാസ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും സജീവ് പാഴൂര്‍ നിര്‍വഹിച്ചു.
അംബികോദയം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി എ.എല്‍.കീര്‍ത്തന, ഇളമ്പള്ളൂര്‍ എസ്എന്‍ എസ്എം എച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി അദിനാന് ഹസന്, കുണ്ടറ ട്രിനിറ്റി ലൈസിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി എസ്.ഡി.അഭിഷിക്ത എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കുള്ള സമ്മാനമായ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ബിഎഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ. ലതാദേവി അമ്മ അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണന്, സെക്രട്ടറി ഡി. സുകേശന്, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആന്റണി പീറ്റര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, ജില്ല സാക്ഷരത മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ബി. സജീവ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.