ടിഎസ് കനാലിനു കുറുകെ നിർമിച്ച കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ ഉദ്ഘാടനം നാളെ
1572528
Thursday, July 3, 2025 5:52 AM IST
ചവറ : കെ എം എം എൽ എംഎസ് യൂണിറ്റിന് മുന്നില്‍ ടി.എസ് കനാലിന് കുറുകെ നിർമിച്ച കേരളത്തിലെ ആദ്യത്തെ സിംഗിള്‍ ഗര്‍ഡര്‍ പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ ഉദ്ഘാടനം നാളെ മന്ത്രി പി രാജീവ് നിര്‍വഹിക്കും. കേരളത്തിലെ അഭിമാന പദ്ധതിയായ ദേശീയ ജലപാതാ വികസനത്തിന് ഉതകുന്ന തരത്തിലാണ് പുതിയ സാങ്കേതിക വിദ്യയില്‍ പാലം നിര്‍മിച്ചിരിക്കുന്നത്.
5.07 കോടി രൂപ ചെലവിലാണ് 45 മീറ്റര്‍ നീളമുള്ള പാലം ഒരുങ്ങിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്റെ അനുമതിയോടെ കൊച്ചിയിലെ എഫ്എസിടിയുടെ ഡിസൈനിംഗ് വിംഗ് ആയ ഫെഡോ ആണ് നടപ്പാലം രൂപകല്‍പ്പന ചെയ്തത്. കെ എം എം എല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെ സിവില്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്‍കല്‍ ആണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന് മുന്‍ഭാഗത്ത് ദേശീയ ജലപാതക്ക് കുറുകെ നേരത്തെ ഒരു സ്റ്റീല്‍ നടപ്പാലമാണ് ഉണ്ടായിരുന്നത്. കമ്പനിയിലെ ജീവനക്കാരും പൊതു ജനങ്ങളും സ്ഥിരമായി ഉപയോഗിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്ന ഈ പാലം ദേശീയ ജലപാതാ വികസനത്തിന് തടസം സൃഷ്ടിച്ച സാഹചര്യത്തില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് ആലോചിച്ചു വരികയായിരുന്നു.
ഈ അവസരത്തിലാണ് 15 വര്‍ഷത്തോളം പഴക്കം ചെന്ന സ്റ്റീല്‍ പാലം തകർന്നത്. തുടര്‍ന്ന് കമ്പനിയിലെ ജീവനക്കാരുടെയും പൊതു ജനങ്ങളുടേയും ഗതാഗതത്തിനായി വര്‍ഷം 15 ലക്ഷത്തോളം രപ ചെലവഴിച്ച് ബോട്ട് സര്‍വീസ് നടത്തുകയായിരുന്നു. പുതിയ പാലം വന്നതോടെ ഈ തുക ലാഭിക്കാൻ കമ്പനിക്ക് കഴിയും.
കെ എം എം എല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന് മുന്നിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം - ഷൊര്‍ണൂര്‍ കനാല്‍ ജലപാതയിലൂടെയുള്ള സുഗമമായ യാത്രയ്ക്കു തടസമായി നില്ക്കുന്ന രണ്ടു പാലങ്ങളാണ് നിലവിലുണ്ടായിരുന്നത്. ഒന്ന് തൃക്കുന്നപ്പുഴയിലും മറ്റൊന്ന് കോവില്ത്തോട്ടത്തുള്ളതും.തൃക്കുന്നപ്പുഴയിലെ പാലം പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം സര്‍ക്കാര്‍ സ്വീകരിച്ച് കഴിഞ്ഞു.
കോവില്‍ത്തോട്ടം ദേവാലയത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന നടപ്പാലം മുഴുവനായി പൊളിച്ചുമാറ്റുകയും വാഹന ഗതാഗത യോഗ്യമായ പാലത്തിന്റെ നിർമാണം നടന്നുവരികയുമാണ്. ഈ പാലം നിർമാണത്തിലും കെ എം എം എല്‍ തുക വകയിരുത്തിയിട്ടുണ്ട്.