സനാതന ധർമം പഠിക്കാനും പഠിപ്പിക്കാനും തയാറാകണം: അമൃതാനന്ദമയി
1572524
Thursday, July 3, 2025 5:37 AM IST
കൊല്ലം: സംസ്കാരവും മൂല്യങ്ങളും ഉൾകൊള്ളുന്ന ഭാരതത്തിന്റെ സനാതന ധർമം പഠിക്കാനും പഠിപ്പിക്കാനും നമ്മൾ തയാറാകണമെന്ന് അമൃതാനന്ദമയി. സ്വാമി വിവേകാനന്ദന്റെ ജീവിതം നൽകുന്ന സന്ദേശം അതാണെന്നും പ്രകൃതി എല്ലാവരുടേതുമാണെന്നു ചിന്തിച്ചാൽ ലോകത്ത് സമാധാനം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്താരാഷ്ട്ര സമാധാന പുരസ്കാരം ഏറ്റുവാങ്ങി പ്രഭാഷണം നടത്തുകയായിരുന്നു അമൃതാനന്ദമയി. അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ അമൃതാനന്ദമയി പുരസ്ക്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്രതലത്തിൽ നടത്തിവരുന്ന പൊതുജനക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.
വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഫൗണ്ടേഷൻ കൺവീനർ ഗഗൻ മഹോത്ര, മുഖ്യ രക്ഷാധികാരി രവികുമാർ അയ്യർ എന്നിവരിൽ നിന്നും ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. ഗഗൻ മഹോത്ര, തർപ്പൺ ഫൗണ്ടേഷൻ സിഇഒ സരിക പന്ഹാൽകർ, സ്വാനാഥ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രേയ ഭാരതീയ, ചക്ര ഫൗണ്ടേഷൻ ചെയർമാൻ എ. രാജശേഖരൻ, തുടങ്ങിയവർ പ്രസംഗിച്ചു.