ദേശീയ ഭക്ഷ്യ ഭദ്രതാ പദ്ധതി പ്രവര്‍ത്തനം വിലയിരുത്തി സംസ്ഥാന ഭക്ഷ്യ കമ്മീഷന്
1572530
Thursday, July 3, 2025 5:52 AM IST
കൊല്ലം: ജില്ലയില്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ഭക്ഷ്യ കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ.ജിനു സഖറിയ ഉമ്മന്റെയും അംഗം അഡ്വ.സബിദാ ബീഗത്തിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വാടി, തങ്കശേരി മേഖലകളിലെ അങ്കണവാടികള്‍, സ്കൂളുകള്‍ സന്ദര്‍ശിച്ചു.
കുട്ടികളുടെ എണ്ണം വിലയിരുത്തി അവര്‍ക്ക് ആവശ്യമായ ഭക്ഷ്യവിതരണം ഉറപ്പാക്കി ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു.വാടി ഹാര്‍ബര്‍ മേഖലയിലെ മത്സ്യതൊഴിലാളികളുമായി സംവദിച്ച് പരാതികളും സ്വീകരിച്ചു.
വള്ളിക്കീഴ് ജി എച്ച് എസ് എസിന് കീഴിലുള്ള എല്‍ കെ ജി കുട്ടികള്‍ക്ക് മതിയായ ശുചിമുറി സൗകര്യം ഇല്ലെന്ന് ലഭിച്ച പരാതിയില്‍ സ്കൂളിലെത്തിയ കമ്മീഷന്, പരിഹാര നടപടികള്‍ക്കും നിര്‍ദ്ദേശം നല്കി. ഐ സി ഡി എസ് ഓഫീസര്‍ നിഷ നായര്‍, എ ഇ ഒ ആന്റണി പീറ്റര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.