ഡോക്ടർമാർ സമൂഹത്തിന്റെ പ്രതീക്ഷ : ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി
1572526
Thursday, July 3, 2025 5:52 AM IST
കൊല്ലം : ഡോക്ടർമാർ സമൂഹത്തിന്റെ പ്രതീക്ഷയാണ്. അവരുടെ സമർപ്പിത സേവനം പ്രശംസനീയമാണ്. സ്നേഹവും കരുണയും നഷ്ടപ്പെട്ടിട്ടില്ല എന്നുള്ളതാണ് സേവനങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ബിഷപ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു. ബെൻസിഗർ ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
രോഗികൾക്ക്, രോഗാവസ്ഥയിൽ നൽകുന്ന സാന്ത്വനവും കരുതലും സൗഖ്യത്തിൻെറ കര സ്പർശനവും മരുന്നുകൾക്ക് ഉപരിയായ സൗഖ്യത്തിനും കാരണമാകുന്നു എന്നും ബിഷപ് പറഞ്ഞു. ജീവന് തുടിപ്പേകുന്നവരാണ് ഞങ്ങളുടെ ഡോക്ടർമാർ എന്ന സന്ദേശത്തോടുകൂടിയാണ്” ഈ വർഷം ആശുപത്രിയിൽ ഡോക്ടർമാരെ ആദരിച്ചത്. ആശുപത്രി ഡയറക്ടർ ഓരോ ഡോക്ടറെയും നേരിൽ കണ്ട് ആശംസകളും സമ്മാനപ്പൊതികളും കൈമാറി .
ഓരോ ഡോക്ടർമാരും ഈ സ്ഥാപനത്തിന്റെ തുടിക്കുന്ന ഹൃദയം ആണെന്നും ആയുസിനും മനുഷ്യജീവന്റെ നിലനിൽപ്പിനുവേണ്ടി സേവനം ചെയ്യുന്നതിനാൽ അവരെ ദൈവ തുല്യരായി കാണേണ്ടതാണെന്നും ഡയറക്ടർ ജോസഫ് ജോൺ ആമുഖ പ്രഭാഷണത്തിൽ വ്യക്തമാക്കി.കൊല്ലം ഡിഎംഒ ഡോ. എം.എസ് .അനു മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യരംഗത്ത് നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ തരണം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോ.അനു പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി ബെൻസിഗർ ആശുപത്രിയിലെ ഡോക്ടർമാരുടെ മികവുറ്റ സേവനങ്ങൾക്കുള്ള അവാർഡുകളും നൽകി. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, അസോസിയേറ്റ് ഡയറക്ടർ ടി.ജയിംസ് , നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർളമേരി, മെഡിക്കൽ സൂപ്രണ്ട് ഡോ.ജി. മോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബെന്നി ക്ളീറ്റസ് എന്നിവർ പ്രസംഗിച്ചു. ജീവനക്കാരുടെ കലാപരിപാടികൾ ചടങ്ങിനെ ഗംഭീരമാക്കി.