ആദ്യ ഡോസ് സ്വീകരിച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട: ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലായി ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ ആദ്യദിനം നൽകിയത് 592 പേര്‍ക്ക്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്ന് വാക്സിനേഷന് ഇല്ല. നാളെ തുടരും.
ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ വാക്സിനേഷനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിനു ശേഷം വാക്സിനേഷന് തുടങ്ങി.
ആദ്യഘട്ടത്തില്‍ ഗവണ്മെന്റ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആദ്യമായി കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 30 മിനിറ്റ് വിശ്രമത്തിന് ശേഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഡിഎംഒ പറഞ്ഞു.
ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭ ചെയര്‍മാര്‍ സക്കീര്‍ ഹുസൈന്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്. സന്തോഷ് കുമാര്‍, ആര്‍എംഒ ഡോ. ആഷിഷ് മോഹന്‍ തുടങ്ങിയവര്‍ ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു.
രണ്ടാം ഘട്ടത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്‍നിര പ്രവര്‍ത്തകര്‍ക്കും, മൂന്നാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുമാണ് വാക്സിന് നല്‍കുക. ആദ്യ ഡോസ് വാക്സിന് എടുത്തവര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ഉറപ്പുവരുത്തും.
വാക്സിന് എടുത്തു കഴിഞ്ഞാലും നിലവിലുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കണം. ഒരു ദിവസം ഒരു സെന്ററില്‍ 100 പേര്‍ക്കാണ് വാക്സിന് സജീകരിച്ചിരുന്നത്. വാക്സിന് സ്വീകരിക്കാനായി എപ്പോള്‍ ഏത് കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈലില്‍ സന്ദേശം കൃത്യമായി ലഭിച്ചിരുന്നു.
വാക്സിനേഷനു ശേഷം ഏതെങ്കിലും വ്യക്തിക്ക് പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. വാക്സിനേഷനായി എത്തിയവരെ തിരിച്ചറിയൽ രേഖ പരിശോധിച്ചും പ്രാഥമിക കോവിഡ് പരിശോധന നടത്തിയുമാണ് കടത്തിവിട്ടത്. വാക്സിനേഷൻ മുറിയിൽ മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ചു.
വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വിവിധ വാക്സിനേഷന് സെന്ററുകള്‍ സന്ദര്‍ശിച്ചു. വാക്സിന് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ചെറിയ പനിയോ തലവേദനയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതില്‍ ഭയപ്പെടാനൊന്നും ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, അംഗങ്ങളായ ബിജിലി പി.ഈശോ, ഗീതു മുരളി, ടി.ടി.വാസു, വാക്സിന് ജില്ലാ പ്രോജക്ട് ഓഫീസര്‍ എൻഎച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എസ്. പ്രതിഭ, ആര്‍എംഒ ഡോ.ജീവന്, ഡെപ്യൂട്ടി ഡിഎംഒ ഡോ.പദ്മകുമാരി, ജില്ലാ കാന്‍സര്‍ സൈസൈറ്റി ഡയറക്ടര്‍ ഡോ.കെ.ജി.ശശിധരന്‍പിളള, ഡിഎൻഒ രതി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആശുപത്രിയിലെ ആദ്യ വാക്സിന് ആശുപത്രി സൂപ്രണ്ട് ഡോ.എസ്. പ്രതിഭയ്ക്ക് ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സാലമ്മ നല്കി.
അടൂരിൽ
അടൂർ ജനറൽ ആശുപത്രിയിൽ വാക്സിൻ വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിച്ചു. 500 വാക്സിനാണ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിയിട്ടുള്ളത്. 29 വരെ വാക്സിൻ കുത്തിവയ്പ് ഉണ്ടാകും.
അടൂർ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുഭഗൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. നിരണ് ബാബു ആർഎംഒ ഡോ. നിഷാദ്, ഡോ. പ്രശാന്ത്, ഡോ. ദീപ്തിലാൽ, വാർഡ് കൗൺസിലർ റോണി പാണംതുണ്ടിൽ, ഡിപിഎച്ച്എം ബിന്ദു, എൽഎച്ച്ഐ ഗീതാമ്മ, എച്ച്ഐ അരുൺ, ജെഎച്ച്ഐ നിഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദിവസവും 100 പേർക്കാണ് വാക്സിൻ നൽകുന്നത്.
കോന്നിയിൽ
കോന്നി താലൂക്ക് ആശുപത്രിയില്‍ ഡോ. അരുണ്‍ ആദ്യ ഡോസ് സ്വീകരിച്ചു. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി ഡിഎംഒ ഡോ. രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
റാന്നിയിൽ
റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മന്‍ മോഡിയില്‍ ആദ്യ ഡോസ് സ്വീകരിച്ചു. രാജു ഏബ്രഹാം എംഎൽഎ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി തുടങ്ങിയവർ പങ്കെടുത്തു. റാന്നി എംഎസ് ഹയർ സെക്കൻ ഡറി സ്കൂളിലാണ് വാക്സിനേ ഷൻ കേന്ദ്രം ഒരുക്കിയിരുന്നത്.
ആയൂർവേദ ആശുപത്രിയിൽ
അയിരൂരിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഡിഎംഒ (ആയുർവേദം) ഡോ. വീണ വാക്സിന് സ്വീകരിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. അജിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഹോമിയോ ആശുപത്രിയിൽ
കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആശാ പ്രവര്‍ത്തക ഷീലാ ബിജു ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പന്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, ഹോമിയോ ഡിഎംഒ ഡോ. ബിജുകുമാര്‍, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ലയിൽ താലൂക്ക് ആശുപത്രി, ബിലീവേഴ്സ് മെഡിക്കൽ കോളജ് എന്നിവിടങ്ങളായിരുന്നു വിതരണ കേന്ദ്രങ്ങൾ. ചെന്നീർക്കര സിഎച്ച്സിയിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.