നിയന്ത്രണങ്ങൾ
കടുപ്പിച്ച് പത്തനംതിട്ട
പത്തനംതിട്ട: കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉത്തരവായി.
കഴിഞ്ഞയാഴ്ച ബി കാറ്റഗറിയിലായിരുന്നു ജില്ലയെങ്കിലും രോഗികളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളിലേക്കു കടന്നത്.
സി കാറ്റഗറിയിൽ ഉൾപ്പെട്ടതോടെ ജില്ലയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക, പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓണ്‍ലൈനായി മാത്രം നടത്തണമെന്നാണ് നിർദേശം.
വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളു. സിനിമ തിയറ്ററുകൾ, നീനത്തൽക്കുളങ്ങൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
ബിരുദബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് 30ന് അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.
രണ്ടുദിവസങ്ങളിൽ 4102 രോഗികൾ
പത്തനംതിട്ട: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജില്ലയിൽ 4102 കോവിഡ് രോഗികൾ. ഇന്നലെ 2063 പേരിലും ബുധനാഴ്ച 2039 പേരിലുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ 6124 സ്രവ സാന്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 1340 പരിശോധനകൾ മാത്രമാണ് സർക്കാർ മേഖലയിൽ നടന്നത്.
തിരുവല്ല നഗരസഭയിലാണ് ഇന്നലെ കൂടുതൽകേസുകൾ റിപ്പോർട്ട് ചെയ്തത്. തിരുവല്ലയിൽ 196, പത്തനംതിട്ടയിൽ 145 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളിൽ കോന്നിയിൽ 87, പ്രമാടം 81, മല്ലപ്പള്ളി 62, കുന്നന്താനം 55 എന്നിങ്ങനെയും രോഗബാധ റിപ്പോർട്ട് ചെയ്തു.
ജില്ലയിൽ ഇതേവരെ 231010 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 770 പേർ രോഗമുക്തരായി. 215899 പേർക്കാണ് രോഗമുക്തി. നിലവിൽ 13598 പേർ രോഗികളായിട്ടുണ്ട്.
മൂന്നു മരണംകൂടി
കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണംകൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഇരവിപേരൂർ സ്വദേശി (75), റാന്നി പഴവങ്ങാടി സ്വദേശി (88), കുറ്റൂർ സ്വദേശി (88) എന്നിവരാണ് മരിച്ചത്.