പത്തനംതിട്ട: വരാനിരിക്കുന്ന അധിക നിരക്കിനെ നേരിടാനുള്ള മുന്നൊരുക്കത്തിൽ ഈ മാസം ഉപഭോക്താക്കൾ ഡെപ്പോസിറ്റ് തുകയും അടയ്ക്കണം.
കഴിഞ്ഞ രണ്ടു വൈദ്യുതി ബില്ലുകൾ കൂടിയ നിരക്കിലാണെങ്കിൽ അധികതുക ഡെപ്പോസിറ്റായി വേണമെന്ന നയത്തിന്റെ ഭാഗമായാണ് ഈ മാസം ഉപഭോക്താക്കളിൽനിന്നു പണം വാങ്ങുന്നത്. ഏറ്റവും ഒടുവിലത്തെ രണ്ട് വൈദ്യുതി ബില്ലുകൾക്ക് ആനുപാതികമായ തുക ഡെപ്പോസിറ്റായി ഇല്ലെങ്കിൽ അതിന്റെ അധിക തുകകൂടി ചേർത്താണ് ഇത്തവണത്തെ ബില്ലിംഗ്.
വരുന്നത് ഇരുട്ടടി
പുതുതായി പ്രഖ്യാപിച്ച വൈദ്യുതി നിരക്ക് കെഎസ്ഇബിയുടെ കണക്കിൽ ചെറിയ തുകയാണെങ്കിലും ഉപഭോക്താവിന് ഇരുട്ടടിയാണ്.
ഇടത്തരം വീടുകളിൽ 150 രൂപയുടെ വരെ വർധന വൈദ്യുതിബില്ലിൽ ഉണ്ടാകാം.
യൂണിറ്റിന് 20 മുതൽ 60 പൈസ വരെയാണ് കൂട്ടിയത്. രണ്ടു മാസത്തെ ഉപഭോഗം 250 യൂണിറ്റാണെങ്കിൽ നിലവിൽ ഏകദേശം 1300 രൂപയാണ് ഉപഭോക്താവ് നൽകുന്നത്. ഇതിൽ നൂറു രൂപയുടെ വർധന അടുത്ത രണ്ടു മാസത്തെ ബില്ലിൽ ഉണ്ടാകും.
രണ്ടു മാസത്തെ ഉപഭോഗം 300 യൂണിറ്റിൽ ഒതുക്കിയാൽ യൂണിറ്റിന് 25 പൈസ കൂടുതൽ നൽകിയാൽ മതിയാകും. എന്നാൽ, ഉപഭോഗം പ്രതിമാസം 150 യൂണിറ്റിൽ കൂടുതലായാൽ യൂണിറ്റൊന്നിന് 40 പൈസയാകും.
ഉപഭോഗം
ഏകദേശ കണക്ക്
എസി ഒഴികെയുള്ള വൈദ്യുതോപകരണങ്ങളുള്ള മൂന്നു മുറികളുള്ള ഒരു വീട്ടിൽ സാധാരണ തോതിൽ രണ്ടുമാസം 300 - 350 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് 350 യൂണിറ്റ് എന്നു കണക്കാക്കിയാൽ ഇപ്പോൾ നൽകേണ്ടത് 1900 രൂപയാണ്. ഇതിൽ കുറഞ്ഞത് 150 രൂപയുടെ വർധനയുണ്ടാകും.
നിരക്ക് (പഴയത്)
രണ്ടുമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് (സിംഗിൾ ഫേസ്) പഴയ നിരക്ക് അനുസരിച്ച് ഫിക്സഡ് ചാർജ് 90 രൂപയാണ്. ഇതിൽ ഊർജനിരക്ക് 685 രൂപ, മീറ്റർ വാടക 12 രൂപ, സർക്കാർ ഡ്യൂട്ടി 68.5 രൂപ, മീറ്റർ വാടക ജിഎസ്ടി 1.08 രൂപ (കേന്ദ്രം), ജിഎസ്ടി (സംസ്ഥാനം) 1.08 രൂപ, 240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്പോൾ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ ലഭിക്കും. എല്ലാംകൂടി കണക്കാക്കി വന്നത് 769.66 രൂപ.
പുതുക്കിയ നിരക്കിൽ
ഫിക്സഡ് ചാർജ് 110 രൂപ, ഊർജനിരക്ക് 710 രൂപ, മീറ്റർ വാടക 12 രൂപ, സർക്കാർ ഡ്യൂട്ടി 71 രൂപ, കേന്ദ്ര ജിഎസ്ടി 1.08 രൂപ, സംസ്ഥാന ജിഎസ്ടി 1.08 രൂപ, സബ്സിഡി 88 രൂപ. ബിൽതുകയായി 817.16 രൂപ കണക്കാക്കുന്നു.
ഹോട്ടൽ, വ്യാപാര മേഖലയ്ക്ക് ആശങ്ക
വൈദ്യുതി ചാർജ് വർധനകൂടി താങ്ങാനുള്ള കരുത്ത് ഹോട്ടൽ, വ്യാപാര മേഖലയ്ക്കില്ല. കോവിഡ് കാലത്തെത്തുടർന്നുള്ള പ്രതിസന്ധികൾക്കു ചെറിയ അയവു മാത്രമേ ഇപ്പോഴുണ്ടായിട്ടുള്ളൂ. അടിക്കടിയുള്ള വൈദ്യുതി നിരക്ക് വർധനയും അനുബന്ധമായി സെക്യൂരിറ്റി തുക കൂട്ടുന്നതും കനത്ത ആഘാതമാണ് സൃഷ്ടിക്കുക. ചാർജ് വർധന സംബന്ധിച്ചും പുതുക്കിയ താരിഫ് സംബന്ധിച്ചു സെക്യൂരിറ്റിയെ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ പുറത്തുവിടാനെങ്കിലും കെഎസ്ഇബി അധികൃതർ തയാറാകണം.
- ശശി ഐസക്
ഹോട്ടൽ ഉടമ, പത്തനംതിട്ട.
ചെറുകിട വ്യവസായ മേഖലയ്ക്ക് ആഘാതം
കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടപ്പെട്ട ചെറുകിട വ്യവസായ യൂണിറ്റുകൾ വീണ്ടും സജീവമായി വരുന്ന ഘട്ടത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് സംരംഭകർക്കേറ്റ ഇരുട്ടടിയാണ്. കെഎസ്ഇബി റെഗുലേറ്ററി അഥോറിറ്റി വർധനയെ ന്യായീകരിക്കുന്പോഴും ഉപഭോക്താക്കൾക്ക് വൻതുകയായിരിക്കും അടുത്തമാസം മുതൽ ബില്ലായി ലഭിക്കുക. ഇപ്പോൾത്തന്നെ സെക്യൂരിറ്റി തുക ഉപഭോക്താക്കളിൽനിന്നു പിരിച്ചുതുടങ്ങി.
ജോൺ കെ. മാത്യൂസ്
ചെറുകിട വ്യവസായ അസോസിയേഷൻ
മുൻ സംസ്ഥാന പ്രസിഡന്റ്.
കുടുംബ ബജറ്റ് താളം തെറ്റും
പാചക വാതക വിലവർധനയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കുട്ടികളുടെ പഠനച്ചെലവിലുണ്ടായ വർധനയുമെല്ലാം കാരണം ബുദ്ധിമുട്ടിലായ സാധാരണ കുടുംബങ്ങൾക്ക് വൈദ്യുതി നിരക്ക് വർധന താങ്ങാവുന്നതിലപ്പുറമാണ്. കുടുംബ ബജറ്റുകളെ ഇതു താളം തെറ്റിക്കും. നിരക്ക് വർധനയും താരിഫ് നിരക്കിലെ വർധനയ്ക്ക് ആനുപാതികമായി അധിക സെക്യൂരിറ്റിയുമെല്ലാം വാങ്ങി വൈദ്യുതി ബോർഡ് ജനങ്ങളെ കൊള്ളയടിക്കുകയാണ്.
- തുളസി മോഹൻ,
വീട്ടമ്മ, പുല്ലാട്.
വ്യവസായ മേഖലയ്ക്ക് ഇരുട്ടടി
വൈദ്യുതി നിരക്ക് യൂണിറ്റിന് 25 പൈസ മുതൽ കൂട്ടിയതിനൊപ്പം കരുതൽ തുകയിലും വർധന വരുത്താനുള്ള തീരുമാനം ഉപഭോക്താക്കൾക്കുനേരെയുള്ള ഇരുട്ടടിയാണ്. ചെറിയ വ്യവസായ സംരംഭമായി രംഗത്തുവന്നവർ നഷ്ടത്തിലാകും. കോവിഡിനുശേഷം നല്ല ഒരു അന്തരീക്ഷം സംജാതമാകുന്ന കാലഘട്ടത്തിൽ ഇപ്പോഴത്തെ നിരക്കുവർധയിൽ യാതൊരു നീതീകരണവുമില്ല.
- മാത്യു ചാക്കോ
ചെറുകിട വ്യവസായി, കുന്പനാട്.
നിരക്ക് വർധന താങ്ങാനാകില്ല
വൈദ്യുതിനിരക്ക് വർധിപ്പിച്ചതിലൂടെ സാധാരണക്കാർക്ക് വൻനഷ്ടമാണ് ഉണ്ടാകുക. ഡിടിപി, പ്രിന്റിംഗ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് നിലവിലെ നിരക്ക് തന്നെ താങ്ങാവുന്നതിലുമപ്പുറമാണ്. സ്ഥാപനങ്ങളെയും വീടുകളെയും ഒരേപോലെ ബാധിക്കുന്ന വർധനയാണിത്.
ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്ത് സ്ഥാപനങ്ങൾ തുടങ്ങിയവരെ കഴുത്തു ഞെരിക്കുന്ന സമീപനമാണ് കെഎസ്ഇബിയും പുലർത്തിവരുന്നത്.
- കെ.ആർ. മനോജ് കുമാർ
പുല്ലാട്.