അടൂർ നഗരസഭയിൽ പ്രതിഷേധവുമായി എൻജിഒ അസോസിയേഷൻ
1549517
Tuesday, May 13, 2025 5:08 PM IST
അടൂർ: മുനിസിപ്പാലിറ്റിയിൽ നടന്ന കൗൺസിൽ യോഗത്തിൽ മുഴുവൻ ജീവനക്കാരെയും എൽഡിഎഫ് കൗൺസിലർമാർ അധിക്ഷേപിച്ചെന്ന് പരാതി. ജീവനക്കാരെ കുറ്റപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി.
കൗൺസിലർമാർ മാപ്പു പറയണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. വിനോദ് കുമാർ പറഞ്ഞു. കേരള എൻജിഒ അസോസിയേഷൻ അടൂർ മുനിസിപ്പൽ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എസ്.കെ. സുനിൽകുമാർ, ദർശൻ ഡി. കുമാർ, ആർ. പ്രസാദ്, സെക്രട്ടറി ബിജു വി,അൽ അമീൻ, സുമി തുടങ്ങിയവർ പ്രസംഗിച്ചു.