ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ പെരുമാറ്റചട്ട ലംഘനങ്ങൾക്കെതിരെ നടപടികൾ ഉൗർജിതമാക്കി. വിവിധ സ്ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകൾ, ബാനറുകൾ, ചുമരെഴുത്തുകൾ, കൊടികൾ, ഫ്ളെക്സുകൾ തുടങ്ങിയ പ്രചാരണ സാമഗ്രികൾ പൊതുസ്ഥലങ്ങളിൽ നിന്നും സ്വകാര്യ ഇടങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി.
ജില്ലയിൽ ഇതുവരെ 1693 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. ഇതിൽ ഏഴു ചുവരെഴുത്തുകൾ, 1386 പോസ്റ്ററുകൾ, 208 ബാനറുകൾ, 70കൊടികൾ എന്നിവ ഉൾപ്പെടുന്നു. 136 എണ്ണം സീ വിജിൽ ആപ്പ് വഴി കിട്ടിയ പരാതികളെ തുടർന്ന് നീക്കം ചെയ്തവയാണ്.
മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിച്ച, ഫ്ളയിംഗ് സ്ക്വാഡ്, ആന്റി ഡിഫേസ്മെന്റ്, സ്റ്റാറ്റിക് സർവയലൻസ്, വീഡിയോ സർവയലൻസ് തുടങ്ങിയ വിവിധ സ്ക്വാഡുകൾ വഴി സർക്കാർ അധീനതയിലുള്ള സ്ഥലങ്ങളിലേയും, പൊതുഇടങ്ങളിലെയും പോസ്റ്ററുകൾ, ബാനറുകൾ, ചുമരെഴുത്തുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിനൊപ്പം, സ്വകാര്യ വസ്തുതകളിലെയും ഇത്തരം സാമഗ്രികൾ, വ്യക്തികളുടെ പരാതിയെത്തുടർന്നോ അല്ലാതായോ നീക്കം ചെയ്യുന്നുണ്ട്. തങ്ങളുടെ അധികാര പരിധിയിലെ ഇത്തരം പ്രവർത്തനങ്ങൾ കാണുന്ന മുറയ്ക്ക് വരണാധികാരികൾക്ക് സ്വമേധയ നടപടി സ്വീകരിക്കാം.