ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതിയുടെ നടത്തിപ്പ് സമയത്ത് ആലപ്പുഴ നഗരസഭ ഭരിച്ചിരുന്നത് സിപിഎമ്മുകാരായിരുന്നു. ആരാണ് അഴിമതിക്കു പിന്നിലെന്നു കണ്ടെത്തണമെങ്കിൽ സമഗ്രമായ അന്വേഷണം വേണമെന്നും അതിന് സിബിഐയെത്തന്നെ ഏല്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിയിലെ അഴിമതിക്കെതിരേ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
കഴിഞ്ഞ 14 ദിവസം ആലപ്പുഴ നഗരത്തിലും എട്ടുപഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങിയിട്ട് പദ്ധതി പ്രദേശത്തെ രണ്ടുമന്ത്രിമാരും സർക്കാരും ഉണർന്നില്ല. 44 തവണയാണ് പൈപ്പ് പൊട്ടിയത്. 240 കോടി മുടക്കിയ പദ്ധതി അഴിമതിയാണെന്നതിന് ഇതിനേക്കൾ വലിയ തെളിവ് ആവശ്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. പൈപ്പുകൾ മുഴുവൻ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മന്ത്രിമാർ തമ്മിലുള്ള വിഴുപ്പലക്കൽ മൂലം കുടിവെള്ളം പോലും ജനങ്ങൾക്കു ലഭിക്കുന്നില്ല. മന്ത്രി സുധാകരൻ ഐസക്കിനെ വിളിക്കുന്നത് ബകൻ എന്നാണ്. അത് ആലങ്കാരികമായി പറഞ്ഞതെന്നാണ് തോമസ് ഐസക് നിയമസഭയിൽ പറഞ്ഞത്. ഐസക്ക് എന്തെങ്കിലും പറഞ്ഞാൽ അതിന്റെ ഇരട്ടി സുധാകരൻ പറയും. അത് പേടിച്ചാണ് ഐസക് മിണ്ടാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരായ ഇവർ തമ്മിൽ നടത്തുന്ന പോരാട്ടത്തിന് ജനങ്ങൾ എന്തു പിഴച്ചു. ഇവരെ തെരഞ്ഞെടുത്തു വിട്ടതാണോ ജനങ്ങൾ ചെയ്ത തെറ്റ്. വികസനപ്രഖ്യാപനങ്ങൾ അല്ലാതെ ഒന്നും തന്നെ നടക്കുന്നില്ല.
കളക്ടർമാരെ നിരന്തരം മാറ്റുന്നതിനാൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെല്ലാം തന്നെ അവതാളത്തിലാണ്. തീരദേശ ഹൈവേ, ബൈപാസ് എന്നിവ എവിടെ നിൽക്കുന്നു. കോടികളുടെ അഴിമതിയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ അഴിമതി പുറത്തു കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ആർ. ജയപ്രകാശ്, ജോണ്സണ് ഏബ്രഹാം, ബി. ബാബുപ്രസാദ്, എം. മുരളി, എ.എ. ഷുക്കൂർ, അഡ്വ. ഡി. സുഗതൻ, മാന്നാർ അബ്ദുൾ ലത്തീഫ്, കെ.പി. ശ്രീകുമാർ, സമീർ, ബൈജു, നെടുമുടി ഹരികുമാർ, ഇല്ലിക്കൽ കുഞ്ഞുമോൻ, തോമസ് ജോസഫ്,സുനിൽജോർജ്,ബിന്ദു ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.