തൊടുപുഴ: രാജഭരണത്തിന്റെയും പടയോട്ടത്തിന്റെയും ചരിത്രം ഉറങ്ങുന്ന കീഴ്മലൈ നാടിന്റെ ആസ്ഥാനമായിരുന്നു കാരിക്കോട്. ചേരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം കുലശേഖര രാജാക്കൻമാരുടെ കാലയളവിൽ ഭരണ സൗകര്യത്തിനായി കേരളത്തെ വിഭജിച്ചപ്പോൾ തൊടുപുഴ, മൂവാറ്റുപുഴ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് കീഴ്മലൈ നാട് എന്നായിരുന്നു.
മാറിക പള്ളിയുടെ നാളാഗമത്തിൽ കാരിക്കോടിനെ ‘തൊടുപുഴ കൊട്ടാരം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കീഴ്മലൈനാട് വാണിരുന്ന രാജാവിന്റെ ആനകൾക്ക് വെള്ളം നൽകാനും കുളിപ്പിക്കാനും കൊണ്ടുപോയിരുന്നത് മൂവാറ്റുപുഴയാറിലായിരുന്നു. കാരിക്കോടു നിന്നും മൂവാറ്റുപുഴയിലേക്ക് ആനകൾ നടന്നുതെളിഞ്ഞ വഴിയാണ് തൊടുപുഴ-മൂവാറ്റുപുഴ റോഡായി മാറിയത്. പിന്നീട് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലയളവിൽ തൊടുപുഴ-മൂവാറ്റുപുഴ റോഡ് വീതി കൂട്ടി സഞ്ചാരയോഗ്യമാക്കി. 1599-ൽ വടക്കുംകൂർ രാജാവ് കീഴ്മലൈ നാട് കീഴടക്കാൻ വലിയൊരു സൈന്യമായി എത്തിയതായും പുരാതന രേഖകളിലുണ്ട്.
കീഴ്മലൈ നാടിനെയും വേന്പൊലി നാടിനെയും തമ്മിൽ വേർതിരിച്ചിരുന്ന പുരാതനമായ മണ്കോട്ടയാണ് പിന്നീട് മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയായി പ്രഖ്യാപിച്ചത്.
കാരിക്കോടിനു സമീപമുള്ള ആർപ്പാമറ്റം യുദ്ധക്കളമായിരുന്നുവെന്ന് രേഖകളിലുണ്ട്. കീഴ്മലൈനാടിന്റെ ആസ്ഥാനമായി സ്ഥിതിചെയ്തിരുന്ന കാരിക്കോട് പിന്നീട് ഏറെ മാറി. രാജഭരണം മാറി കാരിക്കോട്-തൊടുപുഴ പ്രദേശം തിരുവിതാംകൂർ പ്രജാസഭയ്ക്കു കീഴിലായി. എംഎൽസിമാരുടെ നേതൃത്വത്തിലായിരുന്നു പ്രജാസഭയുടെ ഭരണം. ഇവരുടെ ഭരണത്തിന് അറുതിവരുത്തിയാണ് പിന്നീട് ജനായത്ത ഭരണം നിലവിൽ വരുന്നത്. തൊടുപുഴ അസംബ്ലി മണ്ഡലം രൂപീകൃതമായതിനുശേഷം 1957-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത് കോണ്‍ഗ്രസിലെ സി.എ. മാത്യുവാണ്. സിപിഐയിലെ നാരായണൻനായരെ 10,469 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയ ഇഎംഎസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയെ വിമോചനസമരത്തെ തുടർന്നു പിരിച്ചുവിടുകയായിരുന്നു. തുടർന്നു 1960-ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.എ.മാത്യു സിപിഐ സ്ഥാനാർഥിയായിരുന്ന ജോസ് ഏബ്രഹാമിനെ 20,257 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1965-ൽ കേരള കോണ്‍ഗ്രസിലെത്തിയ സി.എ.മാത്യു സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച കെ.സി. സക്കറിയയെ 4093 വോട്ടുകൾക്കും പരാജയപ്പെടുത്തി നിയമസഭയിലെത്തി. എന്നാൽ 1967-ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിലെ ഇ.എം. ജോസഫിനെ 1,635 വോട്ടുകൾക്ക് പരാജയപ്പെടുത്തി സ്വതന്ത്രനായി മൽസരിച്ച കെ.സി.സക്കറിയ വിജയക്കൊടി പാറിച്ചു.
1970-ൽ കന്നിയങ്കത്തിനിറങ്ങിയ പി.ജെ.ജോസഫ് സിപിഎം സ്വതന്ത്രൻ യു.കെ. ചാക്കോയെ 1,635 വോട്ടുകൾക്ക് തറപ്പറ്റിച്ച് ജൈത്രയാത്ര ആരംഭിച്ചു. പിന്നീട് 1977, 1980, 1982, 1987 എന്നീവർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും നിയമസഭയിലെത്തിയത് പി.ജെ.ജോസഫ് തന്നെയായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതിനാലാണ് 1970 നുശേഷം തെരഞ്ഞെടുപ്പിന് ഏഴുവർഷം കാത്തിരിക്കേണ്ടിവന്നത്.1977-ൽ കേരളകോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം സ്ഥാനാർഥിയായിരുന്ന എ.സി. ചാക്കോയെ 13,908 വോട്ടുകൾക്കും 1980-ൽ കോണ്‍ഗ്രസിലെ കുസുമം ജോസഫിനെ 10,317 വോട്ടുകൾക്കും 1982-ൽ ആർഎസ്പിയിലെ എൻ.എ. പ്രഭയെ 15,738 വോട്ടുകൾക്കും 1987-ൽ സിപിഎമ്മിലെ എം.സി. മാത്യുവിനെ 10,252 വോട്ടുകൾക്കും പരാജയപ്പെടുത്തി മികച്ചവിജയം നേടാൻ അദ്ദേഹത്തിനായി.
പി.ജെ. ജോസഫ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ ശേഷം 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് -ജെ സ്ഥാനാർഥിയായിരുന്ന പി.സി.ജോസഫിനെ കോണ്‍ഗ്രസിലെ പി.ടി.തോമസ് 1,092 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം യുഡിഎഫ് നിലനിർത്തി. എന്നാൽ പി.ജെ. ജോസഫ് 1996-ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ പി.ടി. തോമസിനെ 4,124 വോട്ടുകൾക്ക് തറപ്പറ്റിച്ച് മണ്ഡലം തിരിച്ചുപിടിച്ചു.
2001-ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ഇവർ തമ്മിലായിരുന്നു പോരാട്ടം. വാശിയേറിയ പോരാട്ടത്തിൽ പി.ടി. തോമസിനായിരുന്നു വിജയം.6,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ 2006-ൽ പി.ജെ.ജോസഫ് 13,781 വോട്ടുകൾക്ക് പി.ടി.തോമസിനെ വീണ്ടും പരാജയപ്പെടുത്തി മണ്ഡലം കൈപ്പിടിയിലൊതുക്കി. പിന്നീട് യുഡിഎഫിൽ മടങ്ങിയെത്തിയ പി.ജെ.ജോസഫ് കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥിയായി മത്സരിച്ച 2011-ൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പ്രഫ. ജോസഫ് അഗസ്റ്റിനെ 22,868 വോട്ടുകൾക്ക് തറപറ്റിച്ചു.2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് ചരിത്രനേട്ടം കൊയ്തു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. റോയി വാരികാട്ടിനെ 45,587 വോട്ടുകൾക്ക് പരാജയപ്പെടുത്തി
സംസ്ഥാനത്തെ റിക്കാർഡ് ഭൂരിപക്ഷവും ജോസഫ് സ്വന്തമാക്കി. ഇത്തവണയും ഈ വിജയം ആവർത്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തൊടുപുഴ നഗരസഭയും താലൂക്കിൽ ഉൾപ്പെടുന്ന ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുന്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം എന്നീ 12 പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാ മണ്ഡലം.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതിൽ പത്തുപഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു.
തൊടുപുഴ നഗരസഭയിൽ സ്വതന്ത്രരുടെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചെങ്കിലും സാങ്കേതികമായി യുഡിഎഫിനു തന്നെയാണ് മുൻതൂക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന്റെ ആത്മവിശ്വാസവുമായാണ് തൊടുപുഴയിൽ പി.ജെ.ജോസഫ് വീണ്ടും അങ്കംകുറിക്കുന്നത്. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടം ഉയർത്തിക്കാട്ടി അട്ടിമറി വിജയം നേടാനാണ് എൽഡിഎഫ് ശ്രമം.