ഫ്രാങ്കോ ലൂയിസ്
തരത്തിനൊത്താണു തൃശൂർക്കാരുടെ കുടമാറ്റം. മഴയത്തെ കുടചൂടലല്ല വെയിലത്തേത്. ആനപ്പുറത്തു പൂരക്കുടകളുടെ കുടമാറ്റം നടത്തുന്ന നാട്ടിൽ അതിനെല്ലാമൊരു താളമുണ്ട്. തെക്കേനടയിൽ വെട്ടിത്തിളങ്ങുന്ന പൊൻവെയിലിൽ ഉയർത്തുന്ന പട്ടുകുടയല്ല സന്ധ്യക്ക് ആനപ്പുറമേറുന്ന നിലക്കുട; ഇരുൾവീഴുന്പോൾ ഉയരുന്നത് എൽഇഡി കുടയാകും.
പൂരത്തിന്റെ കുടമാറ്റത്തിനു മാത്രമല്ല, തെരഞ്ഞെടുപ്പു പൂരത്തിനും തരത്തിനൊത്താണു തൃശൂർക്കാർ കുടയും കൊടിയുമെല്ലാം മാറ്റുക. ലോക്സഭയിലേക്കുള്ളതാകില്ല ത്രിതല പഞ്ചായത്തുകളിലേക്കും നിയമസഭയിലേക്കും.
ലോക്സഭയിലേക്കു കഴിഞ്ഞ തവണ ത്രിവർണ പതാകകളെയാണു വാഴിച്ചത്. എന്നാൽ ഡിസംബറിൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെങ്കൊടി പാറിച്ചു. ചുരുക്കം ചിലയിടങ്ങളിൽ കാവിക്കൊടിയും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതു കൊടിയുയർത്തും? തൃശൂർക്കാർ എങ്ങോട്ടു ചായുന്നുവോ അങ്ങോട്ടു ഭരണം മാറുന്ന കാഴ്ചയാണ് മിക്കപ്പോഴും കണ്ടിട്ടുള്ളത്. കഴിഞ്ഞ തവണയും അങ്ങനെത്തന്നെ. 2016 ലെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഒരിടത്തു മാത്രമാണു യുഡിഎഫിനു ജയിക്കാനായത്. വടക്കാഞ്ചേരിയിൽനിന്നും കോണ്ഗ്രസിന്റെ അനിൽ അക്കര.
സിപിഎമ്മിന്റെ രണ്ടു മന്ത്രിമാരും സിപിഐയുടെ ഒരു മന്ത്രി യും ഒരു ചീഫ് വിപ്പും അടക്കം ശക്തരായ നാലു സാരഥികളുമായാണ് എൽഡിഎഫ് ഭരണം മുന്നേറിയത്. സിപിഎമ്മിന്റെ മന്ത്രിമാരായ എ.സി. മൊയ്തീനും സി. രവീന്ദ്രനാഥും സിപിഐയുടെ മന്ത്രി വി.എസ്. സുനിൽകുമാറും ചീഫ് വിപ്പ് കെ. രാജനും അടക്കം 12 എംഎൽഎമാർ. ഭരണത്തുടർച്ചയാണ് എൽഡിഎഫിന്റെ സ്വപ്നമെങ്കിൽ, പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി അങ്കത്തിനിറങ്ങുകയാണ് യുഡിഎഫ്.
മൂവർണക്കുടയും
ഇന്ദ്രപ്രസ്ഥവും
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിനെ യുഡിഎഫ് മറികടന്നിരുന്നു. ഇന്ദ്രപ്രസ്ഥത്തിലേക്കു മൂവർണക്കുട ഉയർത്താമെന്ന തൃശൂർക്കാരുടെ തീരുമാനംതന്നെയാണ് ഇതര ജില്ലകളിലും കണ്ടത്.
തൃശൂരിൽ രണ്ടാം സ്ഥാനത്തെ ത്തിയ എൻഡിഎ എൽഡിഎഫിനെ മൂന്നിലേക്കു പിന്തള്ളി. എൻഡിഎ 37,641 വോട്ടു നേടിയപ്പോൾ എൽഡിഎഫിന് 31,110 വോട്ടു മാത്രം. കയ്പമംഗലത്തു മാത്രമാണ് എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായത്. യുഡിഎഫിന് 51,212 കിട്ടിയപ്പോൾ എൽഡിഎഫിന് 51,154.
ത്രിതലത്തിലെ ചെങ്കൊടി
എന്നാൽ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആ വിജയത്തിളക്കം നിലനിർത്താനായില്ല. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ അഴിമ തി തുടങ്ങിയവ എൽഡിഎഫിനെതിരേ വടിയാക്കിയിട്ടും ജനം യുഡി എഫിനെ തുണച്ചില്ല. എൽഡിഎഫ് നില മെച്ചപ്പെടുത്തി. എൻഡിഎയും വളർന്നു.
ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിൽ 24 ഡിവിഷനുകളും എൽഡിഎഫ് ജയിച്ചു. യുഡിഎഫിന് അഞ്ചു മാത്രം. മുൻതവണ എൽഡിഎഫിന് ഇരുപതും യുഡിഎഫിന് ഒന്പതുമായിരുന്നു. പതിനാറിൽ 13 ബ്ലോക്ക് പഞ്ചായത്തിലും 86 ൽ 69 ഗ്രാമപഞ്ചായത്തിലും എൽഡിഎഫ് ഭരണം പിടിച്ചു. മൂന്നു ബ്ലോക്ക് പഞ്ചായത്തിലും 15 പഞ്ചായത്തു കളിലുമാണ് യുഡിഫ് ഭരണം. കോർപറേഷൻ അടക്കം എട്ടു നഗരസഭകളിൽ ആറിടത്തും എൽ ഡിഎഫ്. ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും യുഡിഎഫ്.
തിരുവില്വാമല പഞ്ചായത്ത് ബിജെപി പിടിച്ചു. ബിജെപി ഭരണമുണ്ടായിരുന്ന അവിണിശേരി പഞ്ചായത്തിൽ 14 അംഗ ഭരണ സമിതിയിൽ ആറ് അംഗങ്ങളുള്ള ബിജെപിക്കുതന്നെ സ്വാധീനം.
കഴിഞ്ഞ തവണ 67 പഞ്ചായത്തുകളിലായിരുന്നു എൽഡിഎഫ് ഭരണം. 18 പഞ്ചായത്തുകളിൽ യുഡിഎഫും. ഒരിടത്ത് ബിജെപിയും. ഇത്തവണ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന ആറു പഞ്ചായത്തുകളിൽ അഞ്ചും പിടിച്ചെടുത്താണ് എൽഡിഎഫ് നില മെച്ചപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ ചാവക്കാട്, ചാലക്കുടി, പുഴയ്ക്കൽ എന്നീ മൂന്നിടത്താണ് യുഡിഎഫ് ജയിച്ചത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് പ്രാതിനിധ്യം 143 ൽനിന്ന് 167 ആയി. യുഡിഎഫിന്റേത് 67 ൽനിന്ന് 48 ആയി. ബിജെപി പൂജ്യത്തിൽനിന്ന് നാലിലേക്കു വളർന്നു. ഏഴു നഗരസഭകളിൽ എൽഡിഎഫ് 142 ൽനിന്ന് 136 അംഗങ്ങളായി ആയി കുറഞ്ഞു. യുഡിഎഫ് 97 ൽനിന്ന് 88 ആയും. എന്നാൽ ബിജെപി 29 ൽ നിന്ന് 41 അംഗങ്ങളായി ഉയർന്നു. കോർപറേഷനിൽ വലിയ മാറ്റമുണ്ടായില്ല. യുഡിഎഫ് 22 ൽനിന്ന് 24 ആയി, എൽഡിഎഫ് 27 ൽനിന്ന് 24 ആയി കുറഞ്ഞെങ്കിലും കോണ്ഗ്രസ് വിമതന്റെ പിന്തുണയോടെ തുടർഭരണം നേടി. ആറിടത്തു ബിജെപി.
വോട്ടുപൂരം
ഇതെല്ലാം വെറും നന്പരുകൾ മാത്രം. വെറും കണക്ക്. ഈ കണക്കുകൾക്കു നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനമുണ്ടാകണമെന്നില്ല. ജനം വേറെയൊരു കണക്കിന്റെ ഇന്ദ്രജാലം തീർക്കും. ഇത്തവണ ഏപ്രിൽ 23 നാണു തൃശൂർ പൂരം. കോവിഡ് നിയന്ത്രണങ്ങൾമൂലം ഇത്തവണയും പൂരം ചടങ്ങാകുമോ? ചിലർക്കെങ്കിലും ശങ്കയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പു പൂരം വെറും ചടങ്ങാകില്ല.
സംസ്ഥാനത്തെ പൊതുവായ വികസന നയം, ക്ഷേമ പെൻഷൻ - ശന്പള വർധന ഉൾപ്പടെ മധുരം പൊതിഞ്ഞ ബജറ്റ് വാഗ്ദാനങ്ങൾ, ഓരോ മണ്ഡലത്തിന്റേയും വികസനം, സ്ഥാനാർഥി മികവ്, കോവിഡ്- പ്രളയം പ്രതിസന്ധികളിലെ നടപടികൾ, സ്വർണക്കള്ളക്കടത്തും ലൈഫ് മിഷനും അടക്കമുള്ള ആരോപണങ്ങൾ തുടങ്ങിയവയെല്ലാം അളന്നുതൂക്കിയാകും ജനവിധി.
വികസന വിഷയങ്ങൾ
പ്രാദേശിക വിഷയങ്ങൾ അനവധിയാണ്. പലതും കാൽനൂറ്റാണ്ടായുള്ള സ്വപ്നങ്ങൾ. ചില തു പണി തുടങ്ങിയിട്ട് 10 വർഷമായി, പൂർത്തിയായില്ല. ചുരുക്കം ചിലതു കേന്ദ്രത്തിന്റേതാണ്. സംസ്ഥാന സർക്കാർ കിഫ് ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കടലാസുപണി പോലും തുടങ്ങാത്ത പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്.
തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളിലാണെങ്കിലും സംസ്ഥാനത്തെ പൊതു വിഷയമായ കുതിരാൻ തുരങ്കവും മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപ്പാതയും പത്തു വർ ഷമായിട്ടും പണി തീർന്നിട്ടില്ല. കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്. ഒല്ലൂർ അടക്കമുള്ള മണ്ഡലങ്ങളിൽ കർഷകർ നേരിടുന്ന വന്യജീവി ആക്രമണം, പുത്തൂർ സുവോളജിക്കൽ പാർക്ക്, കൊടുങ്ങല്ലൂരിലെ ജങ്കാർ സർവീസ്, ഇരിങ്ങാലക്കുടയുടെ സ്വപ്നമായ ഠാണ - ചന്തക്കുന്ന് റോഡ്, വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാ റ്റ്, പത്തു വർഷമായി ഗുരുവായൂർ കാത്തിരിക്കുന്ന അഴുക്കുചാൽ പദ്ധതി, പുതുക്കാട്ടെ കച്ചേരിക്കടവ്, ആറ്റപ്പിള്ളി പാലങ്ങൾ, ചാലക്കുടിയിൽ ദേശീയപാതയിൽ അടിപ്പാത നിർമിക്കാത്തതും വന്യജീവി ആക്രമണം നേരിടുന്ന കാർഷിക മേഖലയും വിഷയങ്ങളാണ്. മണലൂരിൽ ഏനാമ്മാവ് റെഗുലേറ്റർ ഷട്ടറുകൾ നവീകരിക്കാത്തതും പൂർത്തിയാകാത്ത കണ്ണോത്ത് - പുല്ലഴി ലിങ്ക് റോഡും വാടാനപ്പിള്ളി റോഡ് വീതി കൂട്ടലും കയ്പമംഗലത്തെ അഴീക്കോട് - മുനന്പം പാലവും പൂർത്തിയാകാത്ത പദ്ധതികളാണ്. ഇങ്ങനെ ഓരോ മണ്ഡലത്തിലുമുണ്ട് ജനങ്ങൾ കാത്തിരിക്കുന്ന വികസന വിഷയങ്ങൾ.
അങ്കത്തട്ടിലേക്ക്
കാത്തിരിക്കാം; രാഷ്ട്രീയ പാർട്ടികളും മുന്നണികളും സജ്ജം. സംസ്ഥാനത്തെ ഇളക്കിമറിച്ചുള്ള യാത്രകളും ജനസന്പർക്ക പരിപാടികളും സർക്കാരിന്റെ ഉദ്ഘാടന മാമാങ്കങ്ങളുമെല്ലാം വഴിയൊരുക്കലായിരുന്നു. സ്ഥാനാർഥിനിർണയ ചർച്ചകളെല്ലാം പണ്ടേ തുടങ്ങിയതാണ്. ഇനി വൈകില്ല, അവർ പടക്കളത്തിലിറങ്ങാൻ.