ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ: കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​റുടെ ലൈസൻസ് മരവിപ്പിച്ചു
Saturday, November 9, 2019 1:04 AM IST
തൃ​ശൂ​ർ: ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഒ​രു മാ​സ​ത്തേ​ക്കു മ​ര​വി​പ്പി​ച്ചു. കെഎസ്ആ​ർ​ടി​സി നോ​ർ​ത്ത് പ​റ​വൂ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ചെ​റാ​യി കോ​ൽ​പു​റ​ത്ത് കെ.ടി. ഷാ​നി​ലി​ന്‍റെ ലൈ​സ​ൻ​സാ​ണ് തൃ​ശൂ​ർ ആ​ർ​ടി​ഒ ആ​ർ. രാ​ജീ​വ് മ​ര​വി​പ്പി​ച്ച​ത്.
നോ​ർ​ത്ത് പ​റ​വൂ​രി​ൽനി​ന്നു കോ​ഴി​ക്കോട്ടേക്കുള്ള യാ​ത്ര​യ്ക്കി​ടെ ഷാ​നി​ൽ വ​ണ്ടി​യോ​ടി​ച്ചു​കൊ​ണ്ട് ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ബ​സി​ലെത​ന്നെ യാ​ത്ര​ക്കാ​ര​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി തൃ​ശൂ​ർ എ​ൻ​ഫോ​ഴ്സ്​മെ​ന്‍റ് ആ​ർ​ടി​ഒ ഷാ​ജി മാ​ധ​വ​നു വാ​ട്സാപ്പി​ൽ അ​യച്ചു നല്കുക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള​ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ​ത്. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെതു​ട​ർ​ന്ന് ഷാ​നി​ൽ ആ​ർ​ടി​ഒ മു​ന്പാ​കെ ഹാ​ജ​രാ​വു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ലൈ​സ​ൻ​സ് മ​ര​വി​പ്പി​ച്ച​തു കൂ​ടാ​തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള​ള എ​ട​പ്പാ​ൾ ഐ​ഡി​ടി​ആ​റി​ൽ ഒ​രു ദി​വ​സ​ത്തെ ബോ​ധ​വ​ത്കരണ ക്ലാ​സി​നും അ​യ​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 9946100 100 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​റി​ൽ അ​റി​യി​ക്കാം.