മലമ്പുഴ: ആദിവാസി, പിന്നാക്ക വിഭാഗക്കാരായ മത്സ്യകര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ലക്ഷ്യമിട്ട് കേരളത്തിലെ റിസര്‍വോയറുകളില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുമെന്നും റിസര്‍വോയറുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് അന്തസായി ജീവിക്കാനുള്ള സ്ഥിരവരുമാനവും ജനങ്ങള്‍ക്ക് പോഷകസമ്പുഷ്ടമായ മത്സ്യവും ഉറപ്പുവരുത്തുവാന്‍ ഉള്‍നാടന്‍ മത്സ്യകൃഷി സഹായകരമാണെന്നും ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, കശുവണ്ടി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മലമ്പുഴ അക്വാകള്‍ച്ചര്‍ ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനവും കോറക്കിള്‍ (കൊട്ടവഞ്ചി), ബില്ലിംഗ് മെഷീന്, ഇലക്ട്രോണിക് ത്രാസ് വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എട്ടുലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തിലെ മത്സ്യ ഉപഭോഗം. ഏകദേശം രണ്ടുലക്ഷത്തോളം ടണ്‍ മാത്രമാണ് ഉള്‍നാടന്‍ മത്സ്യം ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ പഴക്കം ഇല്ലാത്തതും രുചികരവും പോഷകപ്രദമായ മത്സ്യം കേരളത്തില്‍ ലഭ്യമാവുകയുള്ളൂ.
പാലക്കാട് ജില്ലയില്‍ 574 ലക്ഷം രൂപയാണ് മത്സ്യകൃഷി വ്യാപനത്തിനായി ചെലവഴിക്കുന്നത്. കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കുന്നതിനായി പരമാവധി കൃഷിയിടങ്ങളിലെ കുളങ്ങളിലും മറ്റും മത്സ്യകൃഷി നടത്തുന്നതിനുള്ള പരിശീലനവും വിത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. മത്സ്യകര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനങ്ങളും സൗജന്യമായി നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വിശാലമായ മലമ്പുഴ അണക്കെട്ടിലെ വെള്ളം മത്സ്യകൃഷിക്ക് ഉപയോഗിക്കുന്നതിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗമാവും കുടിവെള്ളവിതരണം, കൃഷിക്കുവേണ്ടിയുള്ള ജലവിതരണം എന്നിവയെ മത്സ്യകൃഷി ഗുരുതരമായി ബാധിക്കുമെന്ന അശാസ്ത്രീയമായ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് മലമ്പുഴയില്‍ മത്സ്യകൃഷി വിജയിപ്പിക്കുവാന്‍ വിവിധവകുപ്പുകളും പ്രദേശവാസികളും ഒരുമിച്ച് കൈകോര്‍ക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷയായി. മത്സ്യകര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് സുസ്ഥിര മത്സ്യകൃഷി, സുരക്ഷിത മത്സ്യബന്ധനം എന്നിവയില്‍ പരിശീലനവും സാങ്കേതിക പരിജ്ഞാനവും ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഫിഷറീസ് വകുപ്പ് പാലക്കാട് ജില്ലയില്‍ ഒരേസമയം 35 പേര്‍ക്ക് ഡോര്‍മെട്രി സൗകര്യത്തോടു കൂടി പരിശീലിപ്പിക്കുന്ന അക്വാകള്‍ച്ചര്‍ ട്രെയിനിംഗ് സെന്റര്‍ നിര്‍മിച്ചത്.
മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം.എസ്.സാജു, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം വി രാജന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ബെന്നി വില്യം, ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ്.അച്യുതാനന്ദന്റെ പ്രതിനിധിയായി എ.പ്രഭാകരന്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.