അത്യപൂർവയിനം നാടൻ പശുക്കിടാവിനെ തെരുവുനായ്ക്കൾ ആക്രമിച്ചു
Wednesday, November 2, 2016 1:14 PM IST
മല്ലപ്പള്ളി: മല്ലപ്പള്ളി കൊച്ചുപറമ്പ് എംജിഡി ബാലഭവനിൽ വളർത്തുന്ന ‘വില്വാദ്രി’ എന്ന അത്യപൂർവ നാടൻ ഇനത്തിൽ പെട്ട പശുവിന്റെ അഞ്ചുമാസം പ്രായമായ കിടാവിനെ തെരുവുനായ്ക്കൾ കടിച്ചുകീറി.

ബഹളംകേട്ട് ബാലഭവനിലെ കുട്ടികളും ജീവനക്കാരും ഓടിയെത്തിയാണ് തെരുവുനായ്ക്കളിൽനിന്നും ഇതിനെ രക്ഷിച്ചത്. കഴുത്തിനും വയറിനും സാരമായി മുറിവേറ്റ കിടാവിന് ആനിക്കാട് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ ജിജി എത്തി ചികിത്സ നൽകി.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ബാലഭവന്റെ പരിസരത്ത് തീറ്റതിന്നുകയായിരുന്ന കിടാവിനെ പത്തിലധികം വരുന്ന തെരുനായ്ക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു.

കടിയേറ്റ കിടാവിന്റെ ബഹളം കേട്ട് ബാലഭവനിൽ ഉള്ളവർ ഓടിയെത്തി ഏറെ പണിപ്പെട്ടാണ് ആക്രമണകാരികളായ നായകളെ തുരത്തിയത്.

തൃശൂർ, പാലക്കാട് ജില്ലയുടെ അതിർത്തിയായ തിരുവില്വാമലയിലെ നിളാനദി യുടെ തീരത്ത് മാത്രം കാണപ്പെടു ന്ന അത്യപൂർവം വില്വാദ്രി ഇനത്തിൽപെട്ട നാടൻ പശുവിനെ യും ഏതാനും കാളകളെയും ആറു മാസം മുമ്പാണ് എംജിഡി ബാലഭവനിൽ കൊണ്ടുവന്നത്. കൊണ്ടുവന്ന് വൈകാതെ പ്രസവത്തോടനുബന്ധിച്ച് പശു ചത്തു. ഇതിന്റെ കിടാവിനെ മറ്റൊരു പശുവിന്റെ പാൽകുടിപ്പിച്ചാണ് വളർത്തിയെടുത്തത്. ഈ കിടാവാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.

ജൈവകൃഷി പോഷിപ്പിക്കാൻ നാടൻ പശുക്കളുടെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് ജീവാമൃതം, ഖരജീവാമൃതം എന്നിവ നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ നാടപശുക്കളെ വളർത്തുന്നത്.

നാടൻ പശുക്കളുടെ ചാണകവും മൂത്രവും ശേഖരിക്കുന്നതിനായി ഇവയ്ക്കായി പ്രത്യേക തൊഴുത്തും നിർമിച്ചിട്ടുണ്ട്.ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിരിക്കുകയാണെന്നും മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ഇവ ഒരു പോലെ ഭീഷണിയായി തീർന്നിരിക്കുകയാണെന്നും ബാലഭവൻ മാനേജർ ഫാ. ജോബ് മാത്യു പറ ഞ്ഞു.