ചാത്തിനാംകുളം എംഎസ്എം എച്ച്എസ്എസിൽ അവധിക്കാല കൂട്ടായ്മ
Wednesday, March 29, 2017 10:49 AM IST
കുണ്ടറ: ചാത്തിനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കൂട്ടായ്മയായ സുവർണകാലം അഞ്ചിന് ആരംഭിച്ച് മേയ് അഞ്ചിന് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സർഗസംഗമം അഞ്ചിന് രാവിലെ 9.30ന് ഫോക്ലോർ അക്കാദമി ചെയർമാനും നാടൻപാട്ട് കലാകാരനുമായ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും.

സംസ്‌ഥാനത്തെ പ്രഗത്ഭരും പ്രശസ്തരുമായ എഴുത്തുകാരും കലാകാരന്മാരും നേതൃത്വം നൽകും. ചിത്രരചന, കാർട്ടൂൺ, കരകൗശലം, കൃഷി, ആരോഗ്യം, വ്യക്‌തിത്വവികസനം, മാജിക്, കഥ, കവിത, നാടൻപാട്ട്, നേതൃത്വപരിശീലനം, അഭിനയം, സാഹിത്യം, കായികം എന്നീ ഇനങ്ങളിൽ പരിശീലനം നടക്കും.

വി.കെ. ശശിധരൻ, വിജയകുമാർ കൂത്താട്ടുകുളം, കൊട്ടിയം പാച്ചൻ, പ്രഫ. വി. വിവേകാനന്ദൻ കടവൂർ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡോ.ഡി. ഷൈൻകുമാർ, ചിന്താ ജെറോം, കെപിഎസി ലീലാകൃഷ്ണൻ, ആർ. തുളസി, ജ്യോതിലാൽ മങ്ങാട്, ഇഞ്ചക്കാട് ബാലചന്ദ്രൻ, വി.എം. രാജ്മോഹൻ തുടങ്ങിയവർ നേതൃത്വം നൽകും.

അഞ്ചുമുതൽ 13 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. എല്ലാ ദിവസവും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30വരെയാണ് ക്യാമ്പ്. ജില്ലയിലെ ഏതു വിദ്യാലയത്തിലെ കുട്ടികൾക്കും സുവർണകാലം പങ്കിടാൻ മുൻകൂറായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 100 വിദ്യാർഥികളെ ക്യാമ്പിൽ ഉൾപ്പെടുത്തും. ഫോൺ: 9447858496, 9496714610.