മാതൃകാദമ്പതികളായ അജിത്തിന്റെയും ശാലിനിയുടെയും പ്രണയകാലത്തെ രസകരമായ വെളിപ്പെടുത്തലുമായി പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജാ രവി. 1999-ല്‍ പുറത്തിറങ്ങിയ അമര്‍ക്കളം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് വേളയില്‍ ശാലിനിയെ അജിത്ത് വിവാഹം കഴിക്കാന്‍ പോകുന്ന വിവരം അറിയിച്ചതിനെക്കുറിച്ചാണ് ശ്രീജ മനസുതുറന്നത്.
ചിത്രത്തില്‍ ശാലിനിക്കു വേണ്ടി ശബ്ദം നല്‍കിയത് ശ്രീജയായിരുന്നു. ഡബ്ബിംഗ് സ്റ്റുഡിയോയില്വച്ചുണ്ടായ അനുഭവം ശ്രീജ വിവരിക്കുന്നു.
ഞാന്‍ ഡബ്ബിംഗ് റൂമില്‍ മൈക്കിനു മുന്നില്‍നിന്ന് ഡയലോഗുകള്‍ ശ്രദ്ധിക്കുകയായിരുന്നു. പെട്ടെന്നു പിന്നില്‍നിന്ന് ഒരാള്‍ പറഞ്ഞു, എന്റെ ഭാര്യക്കു വേണ്ടി ഡബ്ബ് ചെയ്യുന്നതിനു നന്ദി. തിരിഞ്ഞുനോക്കിയപ്പോള്‍ അത് അജിത്ത് സര് ആയിരുന്നു.
ഭാര്യയോ? ആരാണ് ഭാര്യ..? അത്ഭുതത്തോടെ ചോദിച്ചു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ശാലിനിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്ന്.
അജിത്തും ശാലിനിയും പ്രണയത്തിലാണെന്ന കാര്യം അന്നു തനിക്ക് അറിയില്ലായിരുന്നുവെന്നും, ഇത്രയും സ്വകാര്യമായ ഒരു കാര്യം തന്നോടു പങ്കുവച്ചതില്‍ വലിയ സന്തോഷം തോന്നിയെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു.
ഒരു സിനിമാ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീജ അമര്‍ക്കളത്തിന്റെ ലൊക്കേഷനിലെ ഓര്‍മകള്‍ പങ്കുവച്ചത്.
അജിത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ശരണിന്റെ സംവിധാനത്തിലൊരുങ്ങിയ അമര്‍ക്കളം. ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2000-ല്‍ ആയിരുന്നു ഇവരുടെ വിവാഹം. സിനിമയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രം തിയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്.
Tags : Ajith Shalini Sreeja Ravi Amarkalam