ധുരന്ധർ 2 ചിത്രത്തിലെ രാകേഷ് ബേദിയുടെ വൈറലായ മീം ഉപയോഗിച്ച് റോഡ് സുരക്ഷാ സന്ദേശവുമായി ഡൽഹി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ജമീൽ ജമാലി എന്ന കഥാപാത്രം പറയുന്ന പ്രശസ്തമായ ഡയലോഗ് പരിഷ്കരിച്ചാണ് ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് പോലീസ് ജനങ്ങളെ ബോധവാന്മാരാക്കുന്നത്.
ജമീൽ ജമാലിയുടെ കാർട്ടൂൺ രൂപം ഹെൽമറ്റ് പിടിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പം "ബച്ചാ ഹേ തൂ മേരാ, യെ ലേ ഹെൽമറ്റ് പെഹൻ, നീ എന്റെ കുട്ടിയല്ലേ, ഈ ഹെൽമറ്റ് ധരിക്കൂ എന്ന വാചകമാണ് പോലീസ് പങ്കുവെച്ചിരിക്കുന്നത്.
ഹെൽമറ്റ് ധരിക്കുമ്പോഴാണ് നീ മിടുക്കനാകുന്നത് എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലും എക്സിലും പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സിനിമയിലെ വില്ലൻ കഥാപാത്രമായ ജമീൽ ജമാലിക്ക് യുവാക്കൾക്കിടയിലുള്ള ജനപ്രീതി കണക്കിലെടുത്താണ് ഇത്തരമൊരു ബോധവത്ക്കരണ രീതി ഡൽഹി പോലീസ് തെരഞ്ഞെടുത്തത്.
വെറുമൊരു മുന്നറിയിപ്പ് നൽകുന്നതിനേക്കാൾ ഇത്തരം തമാശ കലർന്ന മീമുകൾ സുരക്ഷാ സന്ദേശങ്ങൾ കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.
ഇതിനുമുമ്പും സിനിമകളും വെബ് സീരീസുകളും ട്രെൻഡിംഗ് മീമുകളും ഉപയോഗിച്ച് ഡൽഹി പോലീസ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തിയിട്ടുണ്ട്.
Tags : Delhi Police Dhurandhar 2 movie news