വി.ഡി. സതീശൻ, ദേവനന്ദ
മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് കരങ്ങൾക്കും സർവശക്തനായ ദൈവം ശക്തി നൽകുമെന്ന് ജനപ്രിയ ബാലതാരം ദേവനന്ദ. കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ദേവനന്ദ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ ശ്രദ്ധ നേടുന്നത്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദിയിലെ വികാരാധീനമായ നിമിഷങ്ങളാണ് ഈ ചർച്ചകൾക്ക് കാരണം. വേദിയിലെത്തിയ മുഖ്യമന്ത്രിയെ കുരുന്നുകൾ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്തപ്പോൾ, ആ സ്നേഹവാത്സല്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി വികാരാധീനനായി കണ്ണീരണിഞ്ഞു. ഈ സുന്ദരമായ നിമിഷത്തിന്റെ വീഡിയോ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ തരംഗമായി മാറിയ ഈ വീഡിയോയ്ക്ക് താഴെയാണ് 'മാളികപ്പുറം' സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ദേവനന്ദ തന്റെ മനോഹരമായ കുറിപ്പ് പങ്കുവെച്ചത്.
“മനുഷ്യരെ ചേർത്ത് പിടിക്കുന്ന കരങ്ങൾ ആരുടേതായാലും, ആ കരങ്ങൾക്ക് സർവ ശക്തനായ ദൈവം ശക്തി കൊടുക്കുക തന്നെ ചെയ്യും”ദേവനന്ദ കുറിച്ചു.
പലപ്പോഴും മുതിർന്നവരുടെ പക്വതയോടെ പൊതുവിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാറുള്ള ദേവനന്ദയുടെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകരും പൊതുജനങ്ങളും ഏറ്റെടുത്തത്.
സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ സ്നേഹത്തിന് മുന്നിൽ ഒരു ഭരണാധികാരി കണ്ണീരണിഞ്ഞതും, അതിന്മേൽ കൊച്ചുകലാകാരി കുറിച്ച വരികളും ഇപ്പോൾ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാവുകയാണ്.
Tags : Devanandha vd satheeshan cheif minister devananda malikapuram special school