റെജീന കസാന്ദ്ര, രാധിക ആപ്തേ
തെലുങ്ക് സിനിമാ വ്യവസായത്തിൽ സ്ത്രീകളോട് കാണിക്കുന്ന സമീപനത്തെപ്പറ്റി തുറന്നുപറഞ്ഞ ജാൻവി കപൂറിനെയും രാധിക ആപ്തെയെയും വിമർശിച്ച് നടി റെജീന കസാന്ദ്ര.
ജാൻവിയും രാധികയും പറഞ്ഞ കാര്യങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാക്കിയ റെജീന അവർ പറഞ്ഞ രീതി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി. ഇരുവരും കാര്യങ്ങൾ അവതരിപ്പിച്ച രീതി ‘ഉത്തരേന്ത്യ– ദക്ഷിണേന്ത്യ’ എന്ന വിഭജനമുണ്ടാക്കുന്ന തരതത്തിലാണെന്ന് റെജീന വിമർശിച്ചു.
ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റെജീന ഇക്കാര്യത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്.
റെജീനയുടെ വാക്കുകൾ: ‘സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അഭിനേതാവിന്റെ കൈകളിലാണ്. അസ്വസ്ഥത തോന്നുന്ന കഥാപാത്രമാണെങ്കിൽ ആ സിനിമയിൽ നിന്ന് പിന്മാറുക. ‘‘മറ്റൊരു വഴിയുമില്ലായിരുന്നു’’ എന്ന് പറയേണ്ട അവസ്ഥയിലേക്ക് നമ്മൾ സ്വയം എത്തരുത്. ഇത് പുരുഷന്മാരോ സ്ത്രീകളോ എന്ന വിഷയമല്ല.
ഒരു പക്ഷവും ചേരാൻ ആഗ്രഹിക്കാത്ത, പുറത്തുനിന്നുള്ള ഒരാളെന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. തീർച്ചയായും, ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ എപ്പോഴും സ്ത്രീകൾക്ക് പിന്തുണ നൽകും. എന്നാൽ ജാൻവിക്കോ രാധികയ്ക്കോ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്ക് ആ സിനിമയിൽ നിന്ന് പിന്മാറാവുന്നതേയുള്ളൂ.
രംഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളടങ്ങിയ ‘ബൗണ്ട് സ്ക്രിപ്റ്റ്’ ലഭിക്കാത്തതുകൊണ്ട് ചില രംഗങ്ങൾ എങ്ങനെ ചിത്രീകരിക്കുമെന്ന് തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നു എന്ന ജാൻവിയുടെ വെളിപ്പെടുത്തലിനോടും റെജീന പ്രതികരിച്ചു.
തെലുങ്ക്, തമിഴ് സിനിമകളിൽ പ്രവർത്തിച്ച തന്റെ അനുഭവങ്ങളും റെജീന പങ്കുവെച്ചു. ‘ചില സിനിമകളിൽ, ചിത്രീകരണം നടക്കുന്ന ദിവസം രാവിലെ 6 മണിക്ക് മാത്രമായിരിക്കും ചില രംഗങ്ങൾ ലഭിക്കുക.
എന്നാൽ സാധാരണയായി, കഥയും കഥാപാത്രവും സിനിമയുടെ പ്രമേയവും അറിയാവുന്ന സ്ഥിതിയുണ്ടാകും. അന്ന് ചിത്രീകരിക്കേണ്ട രംഗത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ അറിയില്ലെങ്കിൽ പോലും, സിനിമയെക്കുറിച്ചുള്ള മിക്ക കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് നമ്മൾ സെറ്റിലെത്തുന്നത്. ചില സിനിമകളിൽ, മുഴുവൻ തിരക്കഥയും അടങ്ങിയ പുസ്തകരൂപത്തിലുള്ള കോപ്പി നമുക്ക് ലഭിക്കും.
മുംബൈയിലെ സെറ്റുകൾ പൊതുവെ കൂടുതൽ ചിട്ടയുള്ളവയാണ്. അവിടെ ഷൂട്ടിങ് ഷെഡ്യൂളുകൾ, രംഗങ്ങളുടെ നമ്പറുകൾ, അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ എന്നിവ അടങ്ങിയ വിശദമായ ‘കോൾ ഷീറ്റുകൾ’ ഉണ്ടാകും.
നിങ്ങളുടെ മാനേജർക്ക് മറ്റൊരെണ്ണവും ലഭിക്കും. അതിൽ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സമയങ്ങൾ, ഷൂട്ടിംഗ് ഷെഡ്യൂൾ, ഛായാഗ്രാഹകൻ, സാങ്കേതിക വിദഗ്ധർ, സഹസംവിധായകർ തുടങ്ങിയവരുടെ വിവരങ്ങളും അവരെ ബന്ധപ്പെടാനുള്ള വിവരങ്ങളും രംഗങ്ങളുടെ നമ്പറുകളുമടക്കം ഉൾപ്പെടുത്തിയിട്ടുണ്ടാകും.
എല്ലാം ഒരൊറ്റ ഷീറ്റിൽത്തന്നെ കാണാം. അത് നോക്കുന്ന ആർക്കും സെറ്റിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇവിടെ കാര്യങ്ങൾ എപ്പോഴും അത്ര ചിട്ടയോടെയായിരിക്കില്ല’ റെജീന പറഞ്ഞു.
സ്ത്രീകൾക്ക് ശബ്ദമുയർത്താനും നിലപാടുകൾ സ്വീകരിക്കാനും കഴിയുന്ന തരത്തിൽ ശാക്തീകരണം ലഭിക്കേണ്ടതുണ്ടെന്ന് റെജീന അഭിപ്രായപ്പെട്ടു. എന്നാൽ, സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ ജാൻവിക്ക് തന്റെ ആശങ്കകൾ ഉന്നയിക്കാമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ ജാൻവി നടത്തിയ സംഭാഷണം പൂർണമായും കണ്ടിട്ടില്ലെങ്കിലും അതിനെക്കുറിച്ചുള്ള 'മീമുകൾ' താൻ കണ്ടിരുന്നുവെന്ന് റെജീന പറഞ്ഞു.
‘അവർ ഇതിനെക്കുറിച്ച് സംസാരിക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ, ഒരു ഉത്തരേന്ത്യൻ താരം ദക്ഷിണേന്ത്യൻ സിനിമയെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് എനിക്ക്. അംഗീകരിക്കാനാവില്ല.
അങ്ങനെ ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അറിയാതെ തന്നെ ഒരു ‘ഉത്തരേന്ത്യ-ദക്ഷിണേന്ത്യ’ വിഭജനം സൃഷ്ടിക്കുകയാണ്; അത് തീർത്തും തെറ്റായ കാര്യമാണ്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാനും അവയെക്കുറിച്ച് സംസാരിക്കാനും മറ്റ് പല വഴികളുമുണ്ട്.
നിലവിൽ ഒരു വടക്ക് – തെക്ക് വിഭജനം ഇവിടെ നിലനിൽക്കുന്നുണ്ട്; ഹിന്ദി സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ദക്ഷിണേന്ത്യൻ താരം എന്ന നിലയിലാണ് ഞാൻ ഇക്കാര്യം പറയുന്നത്.’
ധർമ്മ പ്രൊഡക്ഷൻസുമായുള്ള തന്റെ അനുഭവവും റെജീന പങ്കുവച്ചു. അക്ഷയ് കുമാറിന്റെ ഭാര്യയായി അഭിനയിച്ച, ധർമ്മ പ്രൊഡക്ഷൻസിന്റെ ‘കേസരി ചാപ്റ്റർ 2’എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ഉണ്ടായിരുന്നിട്ടും സിനിമയുടെ പ്രചാരണ പരിപാടികളിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന് റെജീന പറഞ്ഞു.
തന്നെ വസ്തുവത്കിരച്ചെന്നും തനിക്ക് നോ പറയാനുള്ള അവസരം ലഭിച്ചില്ലെന്നും ജാൻവി കപൂർ തുറന്നു പറഞ്ഞു. അതേ കരൺ ജോഹർ, ധർമ്മ പ്രൊഡക്ഷൻസിലൂടെ നിർമിച്ച 'കേസരി ചാപ്റ്റർ 2' എന്ന ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കുകയും പ്രചാരണ പരിപാടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ഞാൻ എന്താണ് വിളിക്കേണ്ടത്? ഞാൻ ഒരു ദക്ഷിണേന്ത്യക്കാരി ആയതുകൊണ്ടാണോ എന്നെ വെറുമൊരു വസ്തുവായി മാത്രം കണ്ടത്? എന്തുകൊണ്ടാണ് എന്റെ പേര് അതിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് ഇന്നും എനിക്കറിയില്ല’– റെജീന പറഞ്ഞു.
വിവിധ സിനിമാ വ്യവസായങ്ങളിൽ പല നടിമാരും തങ്ങളെക്കാൾ പ്രായം കൂടിയ നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റെജീന, ആ വേഷത്തിൽ അസ്വസ്ഥത തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് രാധിക ആപ്തേ ആ സിനിമയിൽ നിന്ന് പിന്മാറിയില്ല എന്നും ചോദിച്ചു. ‘ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോരാൻ നിങ്ങൾക്ക് പൂർണ അവകാശമുണ്ട്. പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നതിനേക്കാൾ നല്ലത് അതാണ്.
ഒരുപക്ഷേ, നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് നിങ്ങൾ തള്ളിയിടപ്പെട്ടതാകാം. അത് എനിക്ക് പൂർണമായും മനസ്സിലാകും. എന്നാൽ, നിങ്ങൾ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയല്ലല്ലോ.
ക്ഷമിക്കണം, നിങ്ങൾ പൂർണമായും നിസ്സഹായയായ ഒരു അവസ്ഥയിലല്ല ഉള്ളത് എന്നാണ് ഉദ്ദേശിച്ചത്. ഇന്ന് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിയമപരമായ മാർഗങ്ങളുണ്ട്. തീർച്ചയായും, മുന്നോട്ട് വന്ന് ഇതിനെക്കുറിച്ച് സംസാരിക്കൂ, എന്നാൽ വടക്ക്-തെക്ക് വിഭജനം സൃഷ്ടിക്കരുത്. അത് സിനിമാ വ്യവസായത്തിന് വളരെ വളരെ മോശമാണ്’– റെജീനയുടെ വാക്കുകൾ.
‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ വരുൺ ധവാനൊപ്പം പങ്കെടുത്തപ്പോഴാണ് ‘പെദ്ദി’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദത്തെക്കുറിച്ച് ജാൻവി കപൂർ സംസാരിച്ചത്.
താൻ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും തന്റെ ആശങ്കകൾ കൂടുതൽ ശക്തമായി ഉന്നയിക്കണമായിരുന്നുവെന്നും ജാൻവി അന്ന് പറഞ്ഞിരുന്നു. പലപ്പോഴും വിശദമായ തിരക്കഥ ലഭിക്കാത്തതുകൊണ്ട് രംഗങ്ങൾ എങ്ങനെ ചിത്രീകരിക്കപ്പെടുമെന്ന് തനിക്ക് അറിയാൻ കഴിയിഞ്ഞില്ല എന്നും അവർ പറഞ്ഞു.
സിനിമയിൽ വസ്തുവത്കരിച്ചു (objectified) എന്ന ആരോപണത്തോട് ജാൻവി പ്രതികരിച്ചത് ഇങ്ങനെ: ‘അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് വലിയ മടിയുണ്ടായിരുന്നു, കാരണം ആ സിനിമയ്ക്കായി പലരും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു, പറയേണ്ടതായി എന്തെങ്കിലും ഉണ്ടോ എന്നും സംശയമായിരുന്നു. ആ സംഭവത്തിൽ എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കേണ്ടതുണ്ട്. കാരണം, അത്തരമൊരു ആഖ്യാനം നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, എന്തുമാത്രം നെഗറ്റീവ് സ്വാധീനം ചെലുത്തുമെന്ന ചിന്ത എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. ആ നാണക്കേട് ഞാൻ എപ്പോഴും കൂടെ കൊണ്ടുനടക്കും. എനിക്ക് കൂടുതൽ എന്ത് ചെയ്യാൻ കഴിയും? കൂടുതൽ ജാഗ്രത പാലിക്കാമായിരുന്നു.’
ജാൻവിയുടെ പ്രതികരണം ചർച്ചയാകുന്നതിനിടെയാണ് ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവത്തെക്കുറിച്ച് രാധിക ആപ്തെ സംസാരിച്ചത്. ആ ചിത്രത്തിൽ തന്റെ അമ്മാവനെ വിവാഹം കഴിച്ച ഒരു സ്ത്രീയായാണ് തനിക്ക് വേഷമിടേണ്ടിവന്നതെന്ന് രാധിക ആപ്തെ പറഞ്ഞു.
തന്നേക്കാൾ പ്രായം വളരെ കൂടിയ ഒരു നടനൊപ്പമാണ് അഭിനയിച്ചത് എന്നും താരം പറഞ്ഞു. ആ അനുഭവം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും രാധിക ആപ്തെ തുറന്നുപറഞ്ഞു. ആ കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലുള്ള പുരുഷാധിപത്യപരമായ ഘടകങ്ങളെയും അവർ വിമർശിച്ചു.
ഏത് സിനിമയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് രാധിക വെളിപ്പെടുത്തിയില്ലെങ്കിലും നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തിയ ‘ലെജൻഡ്’ എന്ന ചിത്രത്തെക്കുറിച്ചാണ് അവർ സൂചിപ്പിച്ചതെന്ന് പ്രേക്ഷകർ കണ്ടെത്തുകയായിരുന്നു.
Tags : Radhika Apte RadhikaApte Regina Cassandra cinema bollywood