ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ.
സിനിമയിലെ പ്രണയരംഗങ്ങളെക്കാൾ മനോഹര നിമിഷങ്ങൾ ജീവിതത്തിലുണ്ടാകും. ഹൃദയത്തിന്റെ കോണിൽ എന്നുമുണ്ടാകും ആ മധുരനൊന്പര സ്മരണകൾ. ബോളിവുഡ് താരദന്പതികളായ ഐശ്വര്യ-അഭിഷേക് പ്രണയകഥയിലുമുണ്ട്, നിരവധി അതിമനോഹര മുഹൂർത്തങ്ങൾ. അത്രമേൽ സിനിമാറ്റിക്കാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും പ്രണയകഥയിലെ പല ഏടുകളും. എന്നാൽ സ്ക്രീനിലെ പ്രണയം കായികരംഗത്തും പടർന്നുപിടിച്ച കഥ അധികമാർക്കും അറിയില്ല.
പ്രൊ കബഡി ലീഗിലെ കരുത്തുറ്റ സാന്നിധ്യമായ ജയ്പുർ പിങ്ക് പാന്തേഴ്സ് എന്ന ടീമിന്റെ ജനനത്തിന് പിന്നിൽ അഭിഷേകിന്റെ ഉള്ളിലെ കബഡി പ്രേമം മാത്രമല്ല, ഐശ്വര്യയോടുള്ള അടങ്ങാത്ത അഭിനിവേശം കൂടിയുണ്ട്. അഭിഷേക് എന്ന യുവനടൻ തന്റെ കരിയറിന് തുടക്കമിട്ട റഫ്യൂജി എന്ന ആദ്യ ചിത്രത്തിന്റെ ലൊക്കേഷൻ ജയ്പുർ ആയിരുന്നു. അതേ ജയ്പുർ നഗരത്തിൽവച്ചാണ് ഐശ്വര്യയോടുള്ള അനുരാഗം ആത്മാവിൽ പൊട്ടിമുളച്ചത്. പിങ്ക് സിറ്റിയുടെ തെരുവുകളിലായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ പ്രണയകാലം.
ആ പ്രണയകാലത്തിനുള്ള ഉപഹാരമായാണ് 2014-ൽ സ്പോർട്സ് ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ഇറങ്ങിയപ്പോൾ അഭിഷേക് ജയ്പുരിനെത്തന്നെ മാറോടണച്ചത്. ബിസിനസ് എന്നതിനപ്പുറം, ആ നഗരത്തോട് തനിക്കുള്ള വൈകാരികമായ കടപ്പാടായിരുന്നു താരത്തിന്റെ തീരുമാനത്തിനു പിന്നിൽ. ടീമിന്റെ പേരും നിറവും ചിഹ്നവുമെല്ലാം ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു.
തന്റെ കുഞ്ഞു മകൾ ആരാധ്യയ്ക്ക് അക്കാലത്ത് ഏറെ പ്രിയപ്പെട്ട നിറമായിരുന്നു പിങ്ക്. എന്നാൽ, പിങ്ക് പാന്തർ എന്ന പേരാകട്ടെ, ഐശ്വര്യ അഭിനയിച്ച ഹോളിവുഡ് ചിത്രമായ ദി പിങ്ക് പാന്തർ 2-ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു നാമകരണം ചെയ്തതാണ്. കഥ അവിടെയും തീരുന്നില്ല; ജയ്പുർ പിങ്ക് പാന്തേഴ്സിന്റെ ഔദ്യോഗിക ലോഗോയായ പാന്തറിലേക്ക് സൂക്ഷിച്ചുനോക്കിയാൽ മറ്റൊന്നുകൂടി കാണാം. തന്റെ പ്രിയപ്പെട്ടവളുടെ കണ്ണിന്റെ നീല കലർന്ന നിറമാണ് പാന്തറിന്റെ കണ്ണിനും അഭിഷേക് നൽകിയത്.
ഒരു പ്രണയകഥയുടെ ഓർമച്ചെപ്പിൽനിന്ന് രൂപംകൊണ്ട്, മൈതാനങ്ങളെ വിറപ്പിച്ച ജയ്പുർ പിങ്ക് പാന്തേഴ്സിന്റെ ചരിത്രം, വെള്ളിത്തിരയിലെ പ്രണയകാവ്യത്തേക്കാളും ഹൃദയസ്പർശിയായ ഒന്നാണ്.
Tags : BollywoodNews AishwaryaRaiBachchan AbhishekBachchan JaipurPinkPanthers