വാക്ക് പാലിച്ച് ഉലകനായകൻ കമൽഹാസൻ. ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അനാവശ്യ ധൂർത്തുകൾ ഒഴിവാക്കണമെന്ന തന്റെ ആഹ്വാനം പ്രവൃത്തിയിലൂടെ പാലിച്ചിരിക്കുകയാണ് നടൻ.
തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് പോകുന്നതിനായി ആഡംബര സ്വകാര്യ ചാർട്ടേഡ് വിമാനങ്ങൾ ഒഴിവാക്കി സാധാരണ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്ന കമൽഹാസന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
കമൽ ഹാസന്റെ ഈ നീക്കത്തെ കൽക്കി 2വിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് പ്രശംസിച്ചു.
''സിനിമാ വ്യവസായം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളും ആഡംബര യാത്രകളും ഉപേക്ഷിച്ച്, ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് നേരെ ഷൂട്ടിംഗ് സെറ്റിലേക്ക് എത്തിയ മിസ്റ്റർ കമൽ ഹാസൻ, ഈയൊരു പ്രവൃത്തി മാത്രം മതി അദ്ദേഹം എങ്ങനെയുള്ള ഒരു ഇതിഹാസമാണെന്ന് മനസിലാക്കാൻ. സിനിമയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ ആദ്യ ചുവടുവെപ്പാണിത്.'' വൈജയന്തി മൂവീസ് കുറിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയ നിർദ്ദേശങ്ങൾ മുൻനിർത്തി സിനിമാ മേഖലയിലും നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കമൽ ഹാസൻ ഒരു തുറന്ന കത്ത് പങ്കുവെച്ചത്.
ആഗോള അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ സിനിമാ നിർമാണത്തിലെ അമിത ചെലവുകൾ പുനഃപരിശോധിക്കാൻ അദ്ദേഹം കത്തിലൂടെ നിർമാതാക്കളോടും സംവിധായകരോടും ആവശ്യപ്പെട്ടിരുന്നു.
പ്രണയ രംഗങ്ങളും പാട്ടുകളും ചിത്രീകരിക്കാൻ പാരിസും സ്വിറ്റ്സർലൻഡും പോലുള്ള ചെലവേറിയ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് പകരം ഇന്ത്യയിലെ മനോഹരമായ ലൊക്കേഷനുകൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
Tags : Kamal hasan ecnomy class kalki 2