ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിക്കുന്ന കാട്ടാളൻ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറാനൊരുങ്ങി തമിഴ് താരം ദുഷാര വിജയൻ.
രജിഷ വിജയന് പകരക്കാരിയായാണ് ദുഷാരയുടെ അരങ്ങേറ്റം. മുൻപ് ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചിരുന്നത് രജിഷ വിജയന്റെ പേരായിരുന്നു. ചിത്രത്തിന്റെ ലോഞ്ചിലും സജീവസാന്നിധ്യമായിരുന്നു രജിഷ.
ഇപ്പോഴിതാ ദുഷാര വിജയനെ 'കാട്ടാളൻ' സിനിമയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്.
'സാർപട്ട പരമ്പരൈ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുഷാര വിജയൻ സിനിമാലോകത്ത് പ്രശസ്തയായത്. ഈ ചിത്രത്തിലെ ദുഷാരയുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. കൂടാതെ വീര ധീര സൂരൻ, വെട്ടൈയൻ , രായൻ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലും ദുഷാര സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ജനശ്രദ്ധ നേടിയിരുന്നു. വമ്പൻ സാങ്കേതിക മികവോടെ വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യവിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മേയ് മാസം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരണം. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക.
മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എന്റർടൈൻമെന്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2,ഓംഗ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്.
തെലുങ്കിലെ പ്രശസ്ത താരം സുനിൽ (പുഷ്പ ഫെയിം) മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശങ്ങളിലുമായി പൂർത്തിയാകും.
ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന സുഹൈൽ കോയ വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്. വാഴൂർ ജോസ്.