ചിത്രത്തിൽ നിന്ന്
ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രമായ നരിവേട്ടയ്ക്ക് അംഗീകാരം. ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ഓഡിയൻസ് അവാർഡ് കാറ്റഗറിയിലാണ് പുരസ്കാരം സ്വന്തമാക്കിയത്. പ്രേക്ഷകരുടെ പിന്തുണയോടെ 'ദി ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ' എന്ന പുരസ്കാരമാണ് ചിത്രം നേടിയെടുത്തത്. ഫെസ്റ്റിവലിൽ ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹറിനാണ് പുരസ്കാരം സമ്മാനിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ടോവിനോ തോമസ്, ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡും ടോവിനോ തോമസ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടോവിനോ ഈ നേട്ടം കൈവരിച്ചത്.
Tags : Narivetta Award FilmFestival