അഖിലേഷ് യാദവ്
ന്യൂഡൽഹി: വോട്ട് ചോരിക്കെതിരെ ഡൽഹി രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ 'ചലോ ഡൽഹി' മഹാറാലിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. ബിജെപിയുടെ രാഷ്ട്രീയ പതനം ഉത്തർപ്രദേശിൽ നിന്നായിരിക്കും ആരംഭിക്കുകയെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
"ബിജെപിയുടെ പതനം യു.പിയിൽ നിന്ന് ആരംഭിക്കും."വോട്ടർപട്ടികയിലെ അട്ടിമറികൾ മൂലമാണ് കഴിഞ്ഞ യുപി, ബംഗാൾ തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് തിരിച്ചടിയുണ്ടായതെന്നും, 2027-ൽ ബിജെപിക്ക് ഭരണത്തിൽ തിരിച്ചെത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ 'ഡബിൾ സീറോ' ആയി മാറിയെന്നും അഖിലേഷ് പരിഹസിച്ചു.
പ്രധാനമന്ത്രി മോദിയെ അധികാരത്തിൽ നിന്ന് മാറ്റിയാൽ മാത്രമേ രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടവകാശം കവർന്നെടുക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവി ഒഴിയുന്നത് വരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്നും ഖാർഗെ വ്യക്തമാക്കി.
"വോട്ട് മോഷ്ടിക്കുന്നവർക്കായി ഞങ്ങൾ ഇതാ ഒരു 'മഹാഭാരതം' ഒരുക്കിയിരിക്കുന്നു." എന്നാണ് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞത്. സാധാരണ രാമായണം നടക്കുന്ന ഈ രാംലീല മൈതാനിയിൽ വോട്ട് കവരുന്നവർക്കെതിരായി കുരുക്ഷേത്ര യുദ്ധം തുടങ്ങിയിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രധാനമന്ത്രിയുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് വോട്ട് തിരിമറി നടന്നതിന്റെ വ്യക്തമായ തെളിവുകളും ചരിത്രവും വരും ദിവസങ്ങളിൽ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണെന്നും മുതിർന്ന അഭിഭാക്ഷകൻ കപിൽ സിബൽ പറഞ്ഞു.
വോട്ടർപട്ടികയിൽ നിന്ന് 13 കോടി ജനങ്ങളുടെ പേരുകൾ നീക്കം ചെയ്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്. കോൺഗ്രസിന്റെ മാത്രം കാര്യമല്ലിത്, ഇന്ത്യൻ ജനതയുടെ മുഴുവൻ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ പോരാട്ടമെന്നും തരൂർ വ്യക്തമാക്കി.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമത ബാനർജി, എം.എ. ബേബി, നേഹ ബോറ തുടങ്ങി ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ വേദിയിൽ അണിനിരന്ന റാലിയിൽ പതിനായിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
Tags : MallikarjunKharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash