പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപിയുടെ പാർലമെന്റ് മാർച്ചിനു നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സംഭവത്തിൽ പോലീസിനെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പോലീസിന് അമിത അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വ്യക്തമാക്കി.
പോലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ കടുത്ത താക്കീത്. കേസിൽ വിശദമായ വാദം ചൊവ്വാഴ്ച കേൾക്കുമെന്ന് കോടതി അറിയിച്ചു. അതിനിടെ സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഒരു ജവാനാണെന്ന് സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിഷേധത്തിനു നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട യാതൊരു സാഹചര്യവുമുണ്ടായിരുന്നില്ല. മാർച്ച് നേരിട്ടതിൽ അടിമുടി ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ആർഎഎഫിന്റെ ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു. മാർച്ച് നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദേശങ്ങൾ നൽകുന്നതിൽ വീഴ്ചപറ്റി.
സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾ പോലും പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സമരക്കാരെ നേരിടുന്ന സേനാംഗങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിന് സേന കർശന നിയന്ത്രണവും ഏർപ്പെടുത്തി.
Tags : Supreme Court Criticism Police Pelletgun Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash