ഒഹായോ: മലയാളി സമൂഹത്തിന്റെ ഐക്യവും ആരോഗ്യബോധവും ഉയർത്തിപ്പിടിച്ച് സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) സംഘടിപ്പിച്ച "റൺ ഫോർ നിമിൽ' 5K race വൻ വിജയമായി.
പ്ലെയിൻ സിറ്റിയിലെ മനോഹരമായ ഗ്ലേഷ്യർ റിഡ്ജ് മെട്രോ പാർക്കിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരുമടക്കം നൂറിലേറെ പേർ പങ്കെടുത്തു. വിവിധ പ്രായക്കാരായ ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ട് പാർക്കിൽ കേരളത്തിന്റെ ഉത്സവാന്തരീക്ഷമാണ് ദൃശ്യമായത്.
രാവിലെ എട്ടിന് രജിസ്ട്രേഷനോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പങ്കെടുത്തവർക്കായി ആകർഷകമായ ടി-ഷർട്ടുകളും ഇവിടെ വിതരണം ചെയ്തു. തുടർന്ന് 8.30ന് ആവേശകരമായ 5K റണ്ണിന് ഫ്ലാഗ് ഓഫ് നൽകി.
മൂന്ന് മൈൽ ദൈർഘ്യമുള്ള 5K റണ്ണിന് പുറമെ, കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ചെറിയ ട്രെയിൽ റണ്ണും ഈ പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. ഐടി പ്രഫഷണലും സിനിമാപ്രേമിയും മികച്ച ഫോട്ടോഗ്രാഫറുമായിരുന്ന ഈ കഴിഞ്ഞ ഏപ്രിലിൽ നമ്മെ വിട്ടുപിരിഞ്ഞ നിമിലിന്റെ സ്മരണാർഥമാണ് ഈ 5K റൺ സമർപ്പിച്ചത്.
സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, നിമിലിന്റെ കുടുംബത്തോടുള്ള ഒഹായോ മലയാളി സമൂഹത്തിന്റെ ഐക്യദാർഢ്യവും സ്നേഹവും രേഖപ്പെടുത്തുന്ന ഹൃദയസ്പർശിയായ ചടങ്ങായി ഈ റൺ മാറി.

പരിപാടിയുടെ വിജയത്തിന് വലിയ പിന്തുണ നൽകിയ പ്രധാന സ്പോൺസറായ സുപ്രീം ഫ്രഷ് ഹലാൽ മീറ്റ് ആൻഡ് ഗ്രോസറീസിന് സംഘാടകർ പ്രത്യേകം നന്ദി അറിയിച്ചു. ഓട്ടത്തിന് ശേഷം പങ്കെടുത്തവർക്കെല്ലാം ത്രിവേണി എക്സ്പ്രസ് കഫേ ആൻഡ് ബേക്കറി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.
ഈ മെഗാ ഇവന്റിന്റെ മികച്ച സംഘാടനത്തിന് പിന്നിൽ പ്രവർത്തിച്ച 5K കമ്മിറ്റി അംഗങ്ങളായ ഓസ്റ്റിൻ പെരെയ്റ, അരുണ്‍ചന്ദ്, തോമസ് ഉമ്മൻ, ജെറി സക്കറിയ, രാകേഷ് വിജയകൃഷ്ണൻ, പ്രദീഷ് പുതിയാട്ടിൽ, പ്രമോദ് പുതിയാട്ടിൽ എന്നിവരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി.
COMA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും ട്രസ്റ്റിമാർക്കും വർഷം മുഴുവൻ സംഘടനയ്ക്ക് താങ്ങായി നിൽക്കുന്ന സ്പോൺസർമാർക്കും സംഘാടകർ കൃതജ്ഞത രേഖപ്പെടുത്തി.
പരിപാടിയുടെ മനോഹര നിമിഷങ്ങൾ കാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫർ അരുണ്‍ ഡേവിസിനും ഓട്ടക്കാർക്ക് വഴി കാട്ടിയും പ്രോത്സാഹനം നൽകിയും മുൻപന്തിയിലുണ്ടായിരുന്ന എല്ലാ വോളണ്ടിയർമാർക്കും നന്ദി അറിയിച്ചു.
പ്രദീപ് രാമചന്ദ്രന്, ഓസ്റ്റിന്‍ പെരേര, പ്രമോദ്, ശ്യാം മോഹന്‍, ഗിരീഷ് ശശാങ്കശേഖര്‍, ഹോളി പോള്‍, നിമിലിന്റെ ഭാര്യ കൃഷ്ണ എന്നിവര്‍ പരിപാടിയുടെ വന്‍ വിജയത്തെ അഭിനന്ദിച്ച് സംസാരിച്ചു.
Tags : Central Ohio Malayali Association Run for Nimil 5K Ohio USA