നരേഷ് ഭട്ട്, മമത കാഫ്ലെ ഭട്ട്
വിർജീനിയ: അമേരിക്കയിലെ വിർജീനിയയിൽ നേപ്പാൾ സ്വദേശിനിയായ നഴ്സ് മമത കാഫ്ലെ ഭട്ടിനെ (28) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നരേഷ് ഭട്ട് (39) കുറ്റക്കാരനെന്ന് ജൂറി വിധിച്ചു.
കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ മൂന്ന് കുറ്റങ്ങളിലാണ് ജൂറി കുറ്റക്കാരനായി കണ്ടെത്തിയത്. കേസിൽ നരേഷിന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം.
2024 ജൂലൈയിലാണ് വിർജീനിയയിലെ മനാസസ് പാർക്കിലുള്ള വീട്ടിൽനിന്ന് മമതയെ കാണാതായത്. ആശുപത്രിയിലെ ജോലിക്ക് മമത എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ആശങ്ക അറിയിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിനിടെ ഭർത്താവ് നരേഷ് ഭട്ടിലേക്ക് സംശയം നീളുകയായിരുന്നു. വിചാരണ സമയത്ത് ഭാര്യയുടെ മൃതദേഹം വെട്ടിനുറുക്കി മാലിന്യത്തിൽ ഉപേക്ഷിച്ചതായി നരേഷ് സമ്മതിച്ചിരുന്നു. എന്നാൽ മമത ജീവനൊടുക്കിയതാണെന്നും മൃതദേഹം കണ്ടപ്പോൾ പരിഭ്രാന്തനായാണ് അത് വെട്ടിനുറുക്കി ഉപേക്ഷിച്ചതെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ ഈ വിശദീകരണം ജൂറി അംഗീകരിച്ചില്ല.
വീട്ടിൽനിന്ന് ശേഖരിച്ച തെളിവുകൾ, രക്തക്കറകളുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനാ ഫലങ്ങൾ, ഇന്റർനെറ്റ് തെരച്ചിൽ വിവരങ്ങൾ, നിരീക്ഷണ കാമറ ദൃശ്യങ്ങൾ എന്നിവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഇവയുൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷമാണ് ജൂറി കുറ്റക്കാരനെന്ന വിധിയിലെത്തിയത്. ആറാഴ്ചയോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി വന്നത്. അതേസമയം, മമതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്.
2027 മാർച്ച് 12-നാണ് നരേഷിന്റെ ശിക്ഷ പ്രഖ്യാപിക്കുക.
Tags : NareshBhatt MamtaKafleBhatt Murder Virginia Crime