ചക്കുളത്തമ്മ പൊങ്കാല
ന്യൂഡൽഹി: ഭക്തമനസുകൾക്ക് വ്രതശുദ്ധിയുടെ പുണ്യമേകി രണ്ടു ദിവസം നീണ്ടുനിന്ന 24-മത് ചക്കുളത്തമ്മ പൊങ്കാല ഹോത്സവം മയൂർ വിഹാർ ഫേസ് 3-ലെ പൊങ്കാല പാർക്കിൽ സമാപിച്ചു. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. രമേശ് ഇളമൺ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, യദു ദാമോദരൻ എന്നിവരും കാർമ്മികരായിരുന്നു.
മഹോത്സവത്തോടനുബന്ധിച്ചു ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് പി എൻ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കുമാരി അമൃതാ റാവു ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി, രമേഷ് ഇളമൺ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ആർ രാജേഷ് കുമാർ, സെക്രട്ടറി ഡി ജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ എം എൽ ഭോജൻ, ലേഖാ സോമൻ, ട്രഷറർ എ മുരളീധരൻ, ജോയിന്റ് ട്രഷറർ വി രഘുനാഥൻ, ഇന്റേണൽ ഓഡിറ്റർ കെ ഗോപാലൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. സന്തോഷ് കുമാർ നാരങ്ങാനം ആയിരുന്നു അവതാരകൻ.
ചടങ്ങിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനഘ ജയകുമാർ, അദിതി മുരളീധരൻ എന്നീ വിദ്യാർഥികൾക്ക് ചക്കുളത്തമ്മ അക്കാഡമിക് എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു.
തുടർന്ന് അനുഗ്രഹ പ്രഭാഷണവും ചക്കുളംകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥനയും നടന്നു. ക്ഷേത്ര ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിൽ ജ്വലിപ്പിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവകളാൽ ചക്കുളത്തമ്മക്ക് സ്വാഗതമോതി. തുടർന്ന് ഭക്തർ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നപ്പോൾ അമ്മേ ശരണം ദേവീ ശരണം എന്ന ദേവീ മന്ത്ര ജപം മുഴങ്ങി. മയൂർ വിഹാർ ഫേസ് 3-ലെ വൈജയന്തി ഭജൻസ് അവതരിപ്പിച്ച ഭജനാർപ്പണം ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി. ടി ആർ സത്യനും സംഘവുമായിരുന്നു വാദ്യമേളങ്ങളൊരുക്കിയത്. മഹാകലശാഭിഷേകം, വിദ്യാകലശം, പറയിടൽ എന്നിവയും പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.
തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ചക്കുളത്തമ്മക്കു സമർപ്പിച്ച് ഭക്തർ തിരുനടയിൽ പ്രാർഥിച്ച് കാണിക്യയുമർപ്പിച്ച് ഉച്ച ദീപാരാധനയിലും അന്നദാനത്തിലും പങ്കെടുത്ത് മടങ്ങിയതോടെ പൊങ്കാല മഹോത്സവത്തിനു സമാപനമായി.
Tags : Chakkulathamma Pongala Deepika DeepikaNewspaper BreakingNews bestows the sanctity purity upon