സോഹ്റാൻ മാംദാനി
ന്യൂയോർക്ക്: നഗരത്തിലെ മുനിസിപ്പൽ പാർക്കിംഗ് സ്ഥലങ്ങൾ ഐസിഇ (Immigration and Customs Enforcement) ഏജന്റുമാർ അനധികൃതമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മാംദാനി മുന്നറിയിപ്പ് നൽകി. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്വെയ്ൻ മുള്ളിന് അയച്ച കത്തിലാണ് മേയർ ഈ നിലപാട് വ്യക്തമാക്കിയത്.
ക്വീൻസ്, ബ്രോങ്ക്സ് തുടങ്ങിയ സ്ഥലങ്ങളിലെ സിറ്റി ഉടമസ്ഥതയിലുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് അനധികൃതമാണെന്നും ഇത് ജനങ്ങളിൽ ഭീതി പടർത്തുന്നുവെന്നും മാംദാനി ചൂണ്ടിക്കാട്ടി.
എന്നാൽ, പൊതു പാർക്കിംഗ് സ്ഥലങ്ങളിലെ ഐസിഇ സാന്നിധ്യം ഫെഡറൽ നിയമപ്രകാരം പൂർണമായും നിയമവിധേയമാണെന്നും തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ബ്രോങ്ക്സിൽ വച്ച് ആയുധധാരിയല്ലാത്ത ഒരു കുടിയേറ്റക്കാരന് നേരെ ഐസിഇ ഏജന്റുമാർ വെടിവച്ചതിനെ തുടർന്ന് മേയറും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും വലിയ പ്രതിഷേധത്തിലായിരുന്നു. ഇതിനുപിന്നാലെ പാർക്കുകളിലും മറ്റും ജുഡീഷ്യൽ വാറന്റില്ലാതെ എത്തുന്ന ഐസിഇ ഏജന്റുമാർക്ക് പ്രവേശനം നിഷേധിക്കാൻ പാർക്ക് ജീവനക്കാർക്ക് അധികാരം നൽകുന്ന പുതിയ നയവും മാംദാനി പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Sohran Mamdani Deepika DeepikaNewspaper BreakingNews Mamdani says lawsuit will be filed against ICE for the illegal