ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെര്‍ലിന്‍: ജര്‍മനിയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ ഏജന്‍സികള്‍. കൊളോണിലെ ജൂത ആരാധനാലയമായ സിനഗോഗിനും മറ്റൊരു യൂറോപ്യന്‍ അയല്‍രാജ്യത്തെ സിനഗോഗിനും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഇറാഖി പൗരന്മാരെ ഫെഡറല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ കൊളോണിലും ഹൈഡല്ബര്ഗിലുമായി ഫെഡറല്‍ പൊലിസ് ഓഫീസാണ് ഇവരെ പിടികൂടിയത്.
അറസ്റ്റും വന്‍ റെയ്ഡും: മുസ്തഫ, അമീര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റിന് പിന്നാലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ,ബാഡന്‍-വൂര്‍ട്ടംബര്‍ഗ്, ഹെസെന്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 17 കേന്ദ്രങ്ങളില്‍ 250~ലധികം പോലീസുകാരുടെ നേതൃത്വത്തില്‍ ഒരേസമയം വന്‍ റെയ്ഡ് നടന്നു.
കൊളോണ്‍-നീലിലെ ഒരു പള്ളിയുള്ള കെട്ടിടം, ഹൈഡല്‍ബര്‍ഗ്, റൈന്‍-നെക്കാര്‍, ബിബെറാക്ക്, റസ്സല്ഷൈം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഒരാഴ്ചത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു ഈ നീക്കം.
ഇറാന് ബന്ധമുള്ള ഭീകരസംഘടന: ഇറാനില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്ന ഹറകത്ത് അസ്ഹാബ് അല്‍-യാമിന് അല്‍- ഇസ്ലാമിയ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ കേസില്‍ പ്രതിയായ മുഹമ്മദ് അല്‍-സാദിയാണ് ഈ സംഘടനയുടെ പ്രധാന സൂത്രധാരന്‍. 2026ന്റെ തുടക്കത്തില്‍ ഇറാന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഈ സംഘം യൂറോപ്പിലെ അമേരിക്കന്‍, ഇസ്രയേലി, ജൂത സ്ഥാപനങ്ങള്‍ക്കെതിരേ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് തുടങ്ങിയത്.
സ്ഫോടകവസ്തുക്കളുമായി നിരീക്ഷണം നടത്തി: സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് അവസാനം തുടര്‍ച്ചയായ രണ്ട് രാത്രികളില്‍, ഈ സംഘത്തിന്റെ നിര്‍ദേശപ്രകാരം എത്തിയ അജ്ഞാതര്‍ കൊളോണിലെയും മറ്റൊരു യൂറോപ്യന്‍ നഗരത്തിലെയും സിനഗോഗുകളില്‍ നിരീക്ഷണം നടത്തിയിരുന്നു.
ഇവരുടെ കൈവശം സ്ഫോടകവസ്തുക്കളും ഉണ്ടായിരുന്നതായാണ് നിഗമനം. എന്നാല്‍ എന്തുകൊണ്ടാണ് അന്ന് ആക്രമണം നടക്കാതിരുന്നതെന്ന് വ്യക്തമല്ല.
കോടതി നടപടികള്‍: ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ "വെര്ഫാസുംഗ്ഷുട്ട്സ്' നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. പിടിയിലായ ഇരുവരെയും വ്യാഴാഴ്ച തന്നെ കാള്സ്റൂഹെയിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കും.
ജര്‍മനി ഇറാന്റെ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും ഒന്നിച്ച് ഈ ഭീഷണിയെ നേരിടണമെന്നും ജര്‍മനിയിലെ ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ പ്രോസര് പ്രതികരിച്ചു.
ജര്‍മനിയിലെ പ്രധാന നഗരങ്ങളിലൊന്നായ കൊളോണില്‍ ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്താന്‍ സാധിച്ചത് വലിയ ആശ്വാസമാണ് നല്‍കുന്നത്.
Tags : Cologne Synagogue Iraq Arrest NRINews