പാരീസ്: യൂറോപ്പിൽ വീണ്ടും കടുത്ത ഉഷ്ണതരംഗം ശക്തിപ്രാപിച്ചതോടെ ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുകയാണ്. തീ നിയന്ത്രണാതീതമായതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലാകാനുവിൽ നിന്ന് മുൻകരുതൽ നടപടിയായി ഏകദേശം 5,000 വിനോദസഞ്ചാരികളെ ക്യാമ്പിംഗ് സൈറ്റുകളിലും റിസോർട്ടുകളിലും നിന്ന് ഒഴിപ്പിച്ചു.
ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് പിന്തുണയായി ജർമനി പ്രത്യേക അഗ്നിശമന വിമാനങ്ങളും ഫ്രാൻസിലേക്ക് അയച്ചിട്ടുണ്ട്.
സ്പെയിനിലും സ്ഥിതി ഗുരുതരമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ ഇതുവരെ 1,500 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് ഇത് ആറിരട്ടി കൂടുതലാണെന്നും അധികൃതർ അറിയിച്ചു. സ്പെയിനിൽ മാത്രം 79,000ത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും താപനില ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനവും ആശങ്കയും വർധിച്ചിരിക്കുകയാണ്.
കാട്ടുതീ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു.
Tags : ForestFire Heatwave Spain France Europe