ബാല രമണി
ഹാനോവർ: ജർമനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാനോവറിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മേയറായി ഇന്ത്യൻ വംശജനായ ബാല രമണി തെരഞ്ഞെടുക്കപ്പെട്ടു.
തമിഴ്നാട് സ്വദേശിയായ ബാല രമണി ഹാനോവർ നഗരത്തിലെ മൂന്ന് ഓണററി മേയർമാരിൽ ഒരാളായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) അംഗമായ അദ്ദേഹം ഹാനോവർ സിറ്റി കൗൺസിലിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് ഈ പദവിയിലെത്തിയത്.
2021 മുതൽ സിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന അദ്ദേഹം അടുത്ത അഞ്ച് വർഷത്തേക്ക് പുതിയ ചുമതലയിൽ തുടരും.

തമിഴ്നാട്ടിൽ ജനിച്ച ബാല രമണി പിഎച്ച്ഡി പഠനത്തിനായാണ് 2000ൽ ജർമനിയിലെ ഹാനോവറിലെത്തിയത്. മറൈൻ ബയോളജിയിൽ വിദഗ്ധനായ അദ്ദേഹം പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
നഗരത്തിലെ ഔദ്യോഗിക ചടങ്ങുകൾ, സ്വീകരണങ്ങൾ, വാർഷികാഘോഷങ്ങൾ, മറ്റ് പൊതുപരിപാടികൾ എന്നിവയിൽ ലോർഡ് മേയർ ബെലിത് ഒനെയ്ക്കൊപ്പം നഗരത്തെ പ്രതിനിധീകരിക്കുന്നത് ഓണററി മേയർമാരാണ്. അഞ്ച് വർഷമാണ് ഇവരുടെ കാലാവധി.
അഭിനന്ദന പ്രവാഹം
ബാലരമണിയുടെ തെരഞ്ഞെടുപ്പിൽ ജർമനിയിലെ ഇന്ത്യൻ എംബസിയും അംബാസഡർ അജിത് വിനായക് ഗുപ്തയും പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
ജർമനിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഇത് അഭിമാനനിമിഷമാണെന്ന് അംബാസഡർ വ്യക്തമാക്കി.
പ്രവാസലോകത്ത് ഇന്ത്യയുടെ യശസുയർത്തുന്ന ബാലരമണിയുടെ നേട്ടത്തിൽ ജർമനിയിലെ മലയാളി - ഇന്ത്യൻ സമൂഹവും ആഹ്ലാദത്തിലാണ്.