ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂയോർക്ക്: മലയാള സാഹിത്യലോകത്തെ പ്രമുഖ നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവും നോർക്ക റൂട്സ് മുൻ ഡയറക്ടറുമായിരുന്ന കെ.വി. മോഹൻകുമാർ (റിട്ട. ഐഎഎസ്) ഫൊക്കാന 2026 ദേശീയ കൺവൻഷനിൽ പങ്കെടുക്കും.
സാഹിത്യം, ഭരണനിർവഹണം, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസി മലയാളികളുടെ ഈ മഹാസംഗമത്തിന് കൂടുതൽ ബൗദ്ധിക തിളക്കവും സാഹിത്യഗൗരവവും പകരുമെന്ന് സംഘാടകർ അറിയിച്ചു.
പത്ത് നോവലുകളും പതിമൂന്നിലധികം കഥാസമാഹാരങ്ങളും ഉൾപ്പെടെ മുപ്പത്തേഴോളം കൃതികളുടെ രചയിതാവാണ് കെ.വി. മോഹൻകുമാർ. "ഉഷ്ണരാശി' എന്ന നോവലിലൂടെ 2018-ലെ വയലാർ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കേരള സിവിൽ സർവീസിലും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളുടെ കളക്ടറായും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
സാഹിത്യത്തെയും സംസ്കാരത്തെയും ഒരുപോലെ ആഘോഷിക്കുന്ന ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ കെ.വി. മോഹൻകുമാറിന്റെ പങ്കാളിത്തം എഴുത്തുകാരും വായനക്കാരും കലാസ്വാദകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷമാണെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ടി.ഡി. രാമകൃഷ്ണൻ, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി തുടങ്ങി കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ അണിനിരക്കുന്ന ഫൊക്കാന കൺവൻഷൻ, പ്രവാസി മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക മഹാമേളകളിലൊന്നായി മാറുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിൽ വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
Tags : KVMohankumar Fokana InternationalConvention