മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ കൺവൻഷൻ
മിഷിഗൺ: വിശ്വാസത്തിന്റെ കരുത്തും പ്രത്യാശയുടെ വെളിച്ചവും ഹൃദയങ്ങളിൽ പകരാൻ മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ ഇടവകയുടെ ഈ വർഷത്തെ കൺവൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ ട്രോയിലുള്ള ഇവൻസ് വുഡ് ചർച്ചിൽ (2601 East Square Lake Rd., Troy) നടത്തപ്പെടും.
Faith Under Pressure എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി, എബ്രായർ 10:35-36 വാക്യങ്ങളുടെ സന്ദേശം മുൻനിർത്തിയാണ് ഈ വർഷത്തെ കൺവൻഷൻ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും സമ്മർദ്ദങ്ങളും വിശ്വാസത്തെ പരീക്ഷിക്കുമ്പോൾ, ദൈവത്തിലുള്ള പ്രത്യാശയിൽ ഉറച്ചുനിൽക്കുവാനും ക്ഷമയോടെ മുന്നേറുവാനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളുമായി ഫിലഡൽഫിയയിൽ നിന്നുള്ള ഡോ. വിനോ ജോൺ ഡാനിയേൽ കൺവെൻഷനിൽ സംസാരിക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 7ന് ആരംഭിക്കുന്ന കൺവൻഷൻ, ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷമുള്ള സമാപന സമ്മേളനത്തോടെ പര്യവസാനിക്കും. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി റവ. സാൻജോ പി. വർഗീസ് അച്ചൻ നേതൃത്വം നൽകും.
ആത്മീയ സന്ദേശങ്ങൾക്ക് സംഗീതത്തിന്റെ മാധുര്യം പകരാൻ ഇടവക ഗായകസംഘം കൺവൻഷനിൽ ഗാനങ്ങൾ ആലപിക്കും.
വിശ്വാസത്തിന്റെ കൂട്ടായ്മയിലും പ്രാർഥനയുടെ ചൈതന്യത്തിലും ഒരുമിക്കാനുള്ള ഈ ആത്മീയ സംഗമത്തിലേക്ക് ഇടവകാംഗങ്ങളെയും സുഹൃത്തുക്കളെയും ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി റവ. സാൻജോ പി. വർഗീസ് (പ്രസിഡന്റ്), ഷൈജു ഈപ്പൻ (സെക്രട്ടറി), ഫിലിപ്പ് മാത്യു (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Michigan St. John's Mar Thoma Convention