റിയാദ്: സ്ഥിരം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുവരാനുള്ള തീരുമാനം കേരള സർക്കാറിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമാണെന്ന് മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ. റിയാദിൽ കേളി സംഘടിപ്പിച്ച ലിറ്ററേറ്ററി ഫെസ്റ്റിവലിന്റെ ഭാഗമായി മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, മാധ്യമങ്ങൾ' എന്ന വിഷയത്തിൽ അരുൺ കുമാറുമായി എം. എം. നയീം സംവദിച്ചു. നമ്മൾ അഭിമാനം കൊള്ളുന്ന സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നിലവിൽ പൗരന് ലഭിക്കുന്നില്ലെന്നും നിയമപരമായി അയിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും രാജ്യത്തിന്റെ പലയിടത്തും രഹസ്യമായും പരസ്യമായും ഈ അവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന തന്നെ ഭീഷണികൾ നേരിടുന്ന കാലമാണിതെന്നും ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുന്ന സാഹചര്യത്തിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ഒറ്റയായും കൂട്ടമായും മനുഷ്യർ കൊല്ലപ്പെടുന്നു എന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു.
മാധ്യമ സ്വാതന്ത്ര്യത്തിൽ നമ്മുടെ അവസ്ഥ വളരെ പരിതാപകരമാണ്. ആഗോളതലത്തിൽ181 നമ്മൾ 151-ാം സ്ഥാനത്ത് എത്തി നിൽക്കുന്നു. ഇന്ത്യയിലെ 70 ശതമാനം മാധ്യമങ്ങളും ഒരേ സ്വഭാവമുള്ള കോർപ്പറേറ്റ് ഭീമൻമാരുടെ ഉടമസ്ഥതയിലാണ് നയിക്കുന്നത്. അതിനാൽ തന്നെ ശബ്ദമില്ലത്തവരുടെ ശബ്ദമാകാൻ ഇന്ന് ഏറിയകൂറും മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്നും അരുൺ കുമാർ പറഞ്ഞു.
സദസിൽ നിന്നും ഉയർന്നുവന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.
Tags : Nativity Certificate Kerala Government ArunKumar Keli