ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മനാമ: പ്രവാസികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കിയ "നോർക്ക കെയർ ഇൻഷുറൻസ്' പദ്ധതിയിൽ ഒരു വർഷം പിന്നിടുമ്പോൾ വരുത്തിയ വൻ പ്രീമിയം വർധന അടിയന്തരമായി പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ ബഹ്റിൻ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂരും ജനറൽ സെക്രട്ടറി ഇർഷാദ് കോട്ടയവും ആവശ്യപ്പെട്ടു.
കുറഞ്ഞ പ്രീമിയത്തിൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതി ഇപ്പോഴത്തെ നിരക്ക് വർധനയോടെ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
പ്രായഭേദമന്യേ ഫ്ലാറ്റ് പ്രീമിയ നിരക്ക് എന്നതായിരുന്നു നോർക്ക കെയറിന്റെ പ്രധാന ആകർഷണം. എന്നാൽ പ്രായത്തിനനുസരിച്ച് വിവിധ സ്ലാബുകൾ തിരിച്ച് ഉയർന്ന പ്രീമിയം ഈടാക്കുന്നത് സർക്കാരിന്റെ തന്നെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ ഇൻഷുറൻസിന് പ്രായപരിധിയില്ലാതെ 13,411 രൂപയുണ്ടായിരുന്നത് ഇപ്പോൾ ഇരട്ടിയിലധികം നൽകേണ്ട അവസ്ഥയാണുള്ളത്.
ഈ മാസം 31-ന് കാലാവധി അവസാനിക്കുന്ന നിലവിലുള്ള പോളിസി ഉടമകൾക്ക് പഴയ പ്രീമിയത്തിൽ തന്നെ പോളിസി പുതുക്കാൻ അവസരമൊരുക്കണം. സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഴുവൻ പോളിസി ഉടമകൾക്കും പുതുക്കൽ നടപടികൾ പൂർത്തിയാക്കുക സാധ്യമല്ല.
അതിനാൽ, നിലവിലെ പോളിസികളുടെ തുടർച്ചയ്ക്കും ആനുകൂല്യങ്ങൾക്കും തടസമില്ലാത്ത രീതിയിൽ ന്യായമായ കാലാവധി അനുവദിക്കണം. ഈ ഗ്രേസ് പീരിയഡ് കാലയളവിൽ ചികിത്സാ പരിരക്ഷ ലഭ്യമാകുമോ എന്ന കാര്യത്തിൽ നോർക്ക റൂട്ട്സും ഇൻഷുറൻസ് കമ്പനിയും വ്യക്തമായ രേഖാമൂലമുള്ള ഉറപ്പ് നൽകണമെന്നും പ്രവാസി വെൽഫെയർ നേതാക്കൾ ആവശ്യപ്പെട്ടു.
ഈ നിരക്ക് വർധനയ്ക്കെതിരെ മുഴുവൻ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രവാസി വെൽഫെയർ ബഹ്റിൻ വാർത്താക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
Tags : PravasiWelfareBahrain NORKA Insurance PremiumHike NRINews