ശ്വിക അരുണ്‍
ന്യൂജഴ്സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ മലയാളി ബാലികയായ 11 വയസുകാരി ശ്വിക അരുണ്‍ ദേശീയ ചാമ്പ്യൻ കിരീടം സ്വന്തമാക്കി.
വേൾഡ് സ്കേറ്റ് മിനി ഫ്രീസ്റ്റൈൽ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ശ്വിക ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്. ആഗോള റാങ്കിംഗിൽ ഒന്നാം സ്ഥാനവും യുഎസ് ദേശീയ കിരീടവും ഒരേസമയം സ്വന്തമാക്കുന്ന ആദ്യ മലയാളി ബാലികയെന്ന ചരിത്ര നേട്ടവും ശ്വികയുടെ പേരിലായി.
കഴിഞ്ഞ മൂന്ന് വർഷമായി ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് വെങ്കലവും വെള്ളിയും നേടിയിരുന്ന ശ്വികയ്ക്ക് ഇതാദ്യമായാണ് സ്വർണ മെഡൽ ലഭിക്കുന്നത്.
ന്യൂജഴ്സിയിലെ എഡിസണിൽ ഐടി മേഖലയിലെ ഉദ്യോഗസ്ഥരായ കണ്ണൂർ ചാല സ്വദേശികളായ അരുണ്‍ അയില്യത്ത് കീഴടത്തിലും (എ.കെ. അരുണ്‍) അനീഷ കരുണനും ദമ്പതികളുടെ മകളാണ് ശ്വിക.
നാല് വർഷമായി ഫിഗർ സ്കേറ്റിങ്ങിൽ പരിശീലനം നടത്തുന്ന ശ്വികയുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തുടക്കം മുതൽ ശക്തമായ പിന്തുണയാണ് നൽകിയിരുന്നത്.
സംഗീതത്തിന്റെ അകമ്പടിയോടെ ജമ്പുകൾ, സ്പിന്നുകൾ, ഫുട്വർക്ക് എന്നിവ അവതരിപ്പിക്കുന്ന ഫിഗർ സ്കേറ്റിംഗ് ഇനത്തിൽ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ ശ്വിക പരിശീലനം നടത്താറുണ്ടെന്ന് പിതാവ് അരുണ്‍ പറഞ്ഞു.
പരിക്കുകളും മാനസിക സമ്മർദങ്ങളും അതിജീവിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കേറ്റിംഗിനൊപ്പം ബാസ്കറ്റ്ബോൾ, സോക്കർ എന്നിവയിലും ശ്വിക സജീവമാണ്.
പഠനത്തിലും മികവ് പുലർത്തുന്ന ഹോണർ റോൾ വിദ്യാർഥിനിയാണ്. ഈ രംഗത്ത് മുന്നോട്ട് പോകാൻ മകൾ ആഗ്രഹിക്കുന്നിടത്തോളം കാലം പൂർണ പിന്തുണ നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.
ഫിഗർ സ്കേറ്റിംഗ് കായിക മികവും കലാപരമായ അവതരണവും സമന്വയിപ്പിക്കുന്ന ഇനമാണ്. ദേശീയ മത്സരങ്ങളെക്കാൾ കടുത്ത വെല്ലുവിളികളാണ് ലോക ചാമ്പ്യൻഷിപ്പിലുള്ളത്.
ദേശീയ കിരീട നേട്ടത്തോടെ ശ്വികയുടെ അടുത്ത ലക്ഷ്യം അന്താരാഷ്ട്ര വേദികളിലെ കൂടുതൽ വിജയങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ-മലയാളി സമൂഹം.
Tags : ShvikaArun USARollerSkating NationalChampion