രാജ മുത്തുപാണ്ടിയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും.
ചെന്നൈ: കോമൺവെൽത്ത് ഗെയിംസിലെ വെയ്റ്റ്ലിഫ്റ്റിംഗിൽ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ മുത്തുപാണ്ടിക്ക് തമിഴ്നാട് സർക്കാർ 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തൂത്തുക്കുടി ജില്ലാ സ്വദേശിയായ രാജ മുത്തുപാണ്ടി മികച്ച പോരാട്ടവീര്യം കാഴ്ചവച്ചാണ് മെഡൽ സ്വന്തമാക്കിയത്. സ്നാച്ച് ഇനത്തിൽ ആദ്യ ശ്രമത്തിൽ 126 കിലോഗ്രാം ഉയർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാം ശ്രമത്തിൽ അത് വിജയകരമായി മറികടന്നു.
പിന്നീട് 129 കിലോഗ്രാമിനായുള്ള അവസാന ശ്രമം പരാജയപ്പെട്ടതോടെ സ്നാച്ചിലെ മികച്ച പ്രകടനം 126 കിലോഗ്രാമായി നിന്നു. തുടർന്ന് ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 158 കിലോഗ്രാമിന്റെ ആദ്യ ശ്രമം പിഴച്ചെങ്കിലും രണ്ടാം ശ്രമത്തിൽ 160 കിലോഗ്രാം വിജയകരമായി ഉയർത്തി താരം തിരിച്ചുവന്നു. ഇതോടെ ആകെ 286 കിലോഗ്രാം ഭാരം കണ്ടെത്തിയാണ് താരം വെള്ളി മെഡൽ ഉറപ്പിച്ചത്.
തമിഴ്നാടിനും രാജ്യത്തിനും അഭിമാനകരമായ ഈ നേട്ടം കൈവരിച്ച താരത്തെ മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. കായികരംഗത്ത് യുവജനങ്ങൾ കൂടുതൽ മികവ് പുലർത്താൻ ഈ വിജയം പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Tags : RajaMuthupandi TamilNaduGovernment CMVijay CommonwealthGames Weightlifting SilverMedal