വീണ്ടും ഹിരോഷിമ, നാഗസാക്കി ഓർമദിനം. അണുബോംബിന്റെ കെടുതി ഇന്നും വിട്ടൊഴിയാതെ ജപ്പാൻ. ഹിരോഷിമയിൽ ആദ്യ അണുബോംബ് വർഷിച്ച എനോള ഗേ എന്ന പോർവിമാനം ഇന്നും അമേരിക്ക സൂക്ഷിക്കുന്നു. ജനലക്ഷങ്ങളെ ചുട്ടെരിക്കാൻ ഉപയോഗിച്ച ആ വിമാനത്തിന്റെ പറക്കലും പിന്നീടുണ്ടായ പ്രയാണവും ചരിത്രത്തിന്റെ ഭാഗമാണ്.
‘ദിവി സൂര്യ സഹസ്രസ്യ’, ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ച ശേഷം റോബർട്ട് ഓപ്പണ്ഹൈമർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ’ആയിരം സൂര്യൻമാർ ഒന്നിച്ച് കത്തി ജ്വലിക്കുന്നതു പോലെ’ എന്നതായിരുന്നു ഭഗവത് ഗീതയിൽ നിന്നുള്ള ഈ വാചകത്തിന്റെ അർഥം.
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓപ്പണ്ഹൈമറിന്റെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു ഹിരോഷിമയിൽ അണുബോംബ് വര്ഷിച്ചപ്പോഴത്തെ ദൃശ്യം. രണ്ടാം ലോകമഹായുദ്ധത്തിന് ഇതോടെ അന്ത്യമായെങ്കിലും ആ കടുംകൗൈയുടെ തീരാദുരിതങ്ങൾ ജപ്പാൻ ജനത ഇന്നും പേറുന്നു.
സമാധാന പ്രതീകമായി ’സഡാക്കോ’ കൊക്കുകളെ കടലാസുകളിൽ മെനഞ്ഞ് ആ വേദനയുടെ ഓർമകൾ ഇന്നും ജപ്പാനിൽ സജീവമായി നിലനിൽക്കുന്നു.
സഖ്യകക്ഷികളായ ഇറ്റലിയും ജർമനിയും കീഴടങ്ങിയിട്ടും യുദ്ധത്തിൽ ഉറച്ചുനിന്ന ജപ്പാനുമേൽ അമേരിക്ക നടത്തിയ അണുവായുധപ്രയോഗത്തിൽ നഷ്ടമായത് ലക്ഷക്കണക്കിനു വിലപ്പെട്ട ജീവനുകളായിരുന്നു.
1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിലും ഓഗസ്റ്റ് ഒന്പതിന് നാഗസാക്കിയിലും അമേരിക്ക വീഴ്ത്തിയ അണുബോംബിന്റെ അനുരണനങ്ങൾ 77 വർഷങ്ങൾക്കുശേഷവും അവസാനിച്ചിട്ടില്ല. ആണവവികിരണത്തിന്റെ പരിണിതഫലങ്ങൾ പേറുന്ന തലമുറകൾ ആണവായുധത്തിന്റെ പ്രത്യാഘാതം ലോകത്തെ ഓർമിപ്പിക്കുന്നു.
ബ്രിഗേഡിയർ ജനറൽ പോൾ വാർഫീൽഡ് ടിബറ്റ്സ് ജൂണിയർ പറത്തിയ എനോള ഗേ എന്ന പേരുള്ള ബോയിംഗ്-29 വിമാനം വർഷിച്ച ’ലിറ്റിൽ ബോയ്’ എന്ന അണുബോംബ് ഹിരോഷിമ നഗരത്തെ ചാന്പലാക്കി. ’ഫാറ്റ്മാൻ’ അണുബോംബിലൂടെ നാഗസാക്കിയെയും അമേരിക്ക ക്രൂരമായി തകർത്തു. ചാൾസ് ഡബ്ല്യു. സ്വീനി പറത്തിയ ബോക്സ്കാർ എന്ന മറ്റൊരു ബോയിംഗ്-29 വിമാനത്തിനായിരുന്നു നാഗസാക്കി വിനാശത്തിന്റെ ദൗത്യം.
ആദ്യമായി അണുബോംബ് വർഷിച്ച എനോള ഗേയെയും ബോക്സ്കാറിനെയും നിഷ്പ്രഭമാക്കുന്ന ആണവപോർമുന ഘടിപ്പിക്കാൻ പറ്റുന്ന അത്യാധുനിക വിമാനങ്ങൾ ഇന്ന് വിവിധ രാജ്യങ്ങൾക്കുണ്ട്. എന്നിരിക്കെയും ഹിരോഷിമയിലും നാഗസാക്കിയിലും വിനാശം വിതച്ച രണ്ടു വിമാനങ്ങൾക്കും ചരിത്രത്തിന്റെ താൾപ്പുറങ്ങളിൽ എന്നും ഇടമുണ്ട്.
എനോള ഗേയും ബോക്സ്കാറും
ബോയിംഗ് കന്പനി നിർമിച്ച നാല് എഞ്ചിനുകളുള്ള ബി-29 ബോംബർ വിമാനം 1942ലാണ് ആദ്യമായി പറന്നു തുടങ്ങിയത്. 1944ൽ അണുബോംബ് വഹിക്കാനായി അമേരിക്കൻ സൈന്യം നന്പർ-82 എന്നു കുറിച്ച് ഈ ഇനം വിമാനത്തെ തെരഞ്ഞെടുത്തു.
നവീകരണങ്ങൾക്കുശേഷം 1945 മേയ് 18ന് ഇത് യുഎസ് നാവികസേനയുടെ ഭാഗമായി. പോൾ ഡബ്ല്യു. ടിബറ്റ്സ് കമാൻഡറായ 509-ാം കോംപോസിറ്റ് ഗ്രൂപ്പിലേക്കായിരുന്നു ഈ വിമാനത്തെ ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ റോബർട്ട് ലൂയിസായിരുന്നു ആദ്യമായി ഈ വിമാനം പറത്തിയത്. മാരകപ്രഹരശേഷിയുള്ള ബോംബുകൾ ഇതിൽനിന്നു വർഷിക്കാൻ സംവിധാനമുണ്ടാക്കി അമേരിക്കൻ സൈനികർ ഇതിൽ പരിശീലനം നേടി.
നിരവധി പരീക്ഷണപ്പറക്കലുകൾക്കൊടുവിൽ 1945 ജൂലൈയിൽ എല്ലാ അർഥത്തിലും ഈ വിമാനം സേനയുടെ ഭാഗമായി. ജൂലൈ 24നായിരുന്നു എനോള ഗേയുടെ ആദ്യ ഒൗദ്യോഗിക ഓപ്പറേഷൻ. ജാപ്പനീസ് നഗരമായ കോബിയിൽ പംപ്കിൻ ബോംബ് വർഷിച്ച വിമാനം രണ്ടു ദിവസത്തിനു ശേഷം മറ്റൊരു ജാപ്പനീസ് നഗരമായ നഗോയയിലും ബോംബിട്ടു. ഈ സമയങ്ങളിലെല്ലാം റോബർട്ട് ലൂയിസ് തന്നെയായിരുന്നു പൈലറ്റ്.
എന്നാൽ ഓഗസ്റ്റ് അഞ്ചിനു രാത്രിയിൽ ഒരു അപ്രതീക്ഷിത തീരുമാനമുണ്ടായി. ആദ്യ പറക്കൽ മുതൽ ഈ വിമാനത്തിന്റെ വൈമാനികനായ റോബർട്ട് ലൂയിസിനെ മാറ്റി കമാൻഡർ പോൾ ഡബ്ല്യു . ടിബറ്റ്സിനെ ഹിരോഷിമയിൽ അണുബോംബ് വർഷിക്കാനുള്ള ദൗത്യം ഏൽപ്പിച്ചു.
സംഘാംഗങ്ങളെ അപ്പാടെ വിസ്മയിപ്പിച്ചു ഈ മാറ്റം. തുടർന്ന് ടിബറ്റ്സ് വെളളിനിറമുള്ള വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റ് സീറ്റ് വാതിലിനു താഴെ തന്റെ അമ്മയുടെ പേര് കോറിയിട്ടു- ’എനോള ഗേ’. അവിടെ യുദ്ധക്കെടുതിയുടെ ചരിത്രം പിറക്കുകയായിരുന്നു.
ലോകം വിറച്ച ദിനം
1945 ഓഗസ്റ്റ് ആറിന് പുലർച്ചെ വടക്കൻ മരിയാന ദ്വീപിലെ നോർത്ത് ഫീൽഡ് സൈനിക ത്താവളത്തിൽ നിന്നാണ് എനോള ഗേ അതിമാരക അണുബോംബുമായി പറന്നുയർന്നത്. ജപ്പാനിലേക്ക് ആറു മണിക്കൂർ പറക്കൽ. രണ്ടു ബോയിംഗ് 29 പോർ വിമാനങ്ങൾ അകന്പടിയായി പറന്നു.
ടേക് ഓഫ് മുതൽ അണുബോംബ് വർഷിച്ചതിന്റേയും വിസ്ഫോടനത്തിന്റേയും മടക്കയാത്രയുടെയും വരെ ഒട്ടേറെ ചിത്രങ്ങൾ അകന്പടി വിമാനങ്ങൾ പകർത്തുന്നുണ്ടായിരുന്നു. ഹിരോഷിമയുടെ 9470 മീറ്റർ ഉയരത്തിൽ എത്തിയ എനോള ഗേ ജപ്പാൻ സമയം രാവിലെ 8.15ന് 4500 കിലോ തൂക്കമുള്ള യുറേനിയം അണുബോംബ് വർഷിച്ചു.
താഴേക്കു പതിച്ച ലിറ്റിൽബോയ് അൻപത്തിമൂന്നാം സെക്കൻഡിൽ ഹിരോഷിമയ്ക്ക് 1968 അടി ഉയരത്തിൽ സ്ഫോടനം നടത്തി. അപ്പോഴേക്കും എനോള ഗേ 18.5 കിലോമീറ്റർ വ്യോമദൂരം പിന്നിട്ടിരുന്നു. എന്നാൽ ഹിരോഷിമ യെ ഉരുക്കിയ സ്ഫോടനത്തിന്റെ ആഘാതം വിമാനത്തിൽ അനുഭവപ്പെട്ടിരുന്നു.
ആദ്യമിനിറ്റുകളിൽ തന്നെ ഏകദേശം 70,000 പേർ മരിച്ചുവീണെന്നും അത്രയുംതന്നെ പേർക്ക് മാരക പൊള്ളലേറ്റുവെന്നുമാണ് കണക്ക്. നഗരത്തിലെ 30 ശതമാനം ജനങ്ങളും മരിച്ചുവീണു. ഇതിൽ ഇരുപതിനായിരം സൈനികരും ഇരുപതിനായിരം കൊറിയൻ തൊഴിലാളികളുമുൾപ്പെട്ടിരുന്നു. ഇരുന്പുകെട്ടിട ങ്ങളേറെയും ഉരുകിയൊലിച്ചു.
തുടർ ദിവസങ്ങളിലും പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചുകൊണ്ടിരുന്നു. ലോകത്തെ നടുക്കിയ ഓപ്പറേഷനു ശേഷം അമേരിക്കൻ സമയം ഉച്ച കഴിഞ്ഞ് 2.58ന് എനോള ഗേ ടിനിയയിലെ സൈനിക ക്യാന്പിൽ തിരികെയിറങ്ങി. പിന്നാലെ അകന്പടി വിമാനങ്ങളും. കൃത്യം കൃത്യമായി നിർവഹിച്ച് ആദ്യം എനോള ഗേയിൽനിന്നിറങ്ങിവന്ന പൈലറ്റ് ടിബറ്റ്സിനെ സമുന്നത സൈനികമെഡൽ ചാർത്തിയാണ് സ്വീകരിച്ചത്.
15,000 ടണ് ടിഎൻടി(ട്രൈ നൈട്രോ ടൊളുവിൻ)യുടെ വിനാശശക്തിയായിരുന്നു ലിറ്റിൽ ബോയിക്കുണ്ടായിരുന്നത്. ഈ ദൗത്യത്തോടെ പോൾ ഡബ്ല്യു. ടിബറ്റ് ചരിത്രത്തിൽ ഇടം നേടി. എന്നാൽ ആഗ്രഹിച്ചിരുന്ന ഈ ദൗത്യം തന്നിൽനിന്നു തട്ടിയെടുത്ത ടിബറ്റ്സിനോട് മുൻ പൈലറ്റ് റോബർട്ട് ലൂയിസ് എക്കാലവും ശത്രുത പുലർത്തിപ്പോന്നു.
ഹിരോഷിമ ദൗത്യത്തിനു മൂന്നു ദിവസത്തിനു ശേഷമായിരുന്നു നാഗസാക്കിയിലും സമാനതോതിൽ പ്രഹരം വിതച്ച ബോംബിംഗ്. ജപ്പാനിലെ കോകുറ നഗരം ചാന്പലാക്കാനായിരുന്നു പദ്ധതിയെങ്കിലും മോശം കാലാവസ്ഥ മൂലമാണ് നാഗസാക്കിയെ തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 11ലേക്ക് നിശ്ചയിച്ചിരുന്ന സംഹാരം രണ്ടു ദിവസം മുന്നോട്ടാക്കിയതും കാലാവസ്ഥ പ്രതികൂലമാകാനിടയുണ്ടെന്ന നിരീക്ഷണത്തിലാണ്.
ചാൾസ് ഡബ്ല്യു. സ്വീനി പൈലറ്റായ ബോക്സ്കാർ ബോയിംഗ്-29 വിമാനം വർഷിച്ച ഫാറ്റ്മാൻ ബോംബാണ് നാഗസാക്കിയെ ചാരമാക്കിയത്. അതിമാരകമായ പ്ലൂട്ടോണിയം ബോംബായിരുന്നു ഇത്. ലെഫ്.ജേക്കബ് ബേസർ ഒഴികെ ഹിരോഷിമ ദൗത്യത്തിലുണ്ടായിരുന്ന മറ്റാരും നാഗസാക്കി ദൗത്യത്തിന്റെ ഭാഗമായില്ല. എന്നാൽ ബോക്സ്കാറിന് അകന്പടിയായി എനോള ഗേയും നാഗസാക്കിയിലേക്ക് പറന്നിരുന്നു. അത്തരത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും പ്രഹരം നടത്തുന്നതിൽ എനോള ഗേ പങ്കാളിയായി.
ജാപ്പനീസ് നഗരങ്ങളിൽ അണുബോംബ് വർഷിക്കപ്പെട്ടതോടെ മഹായുദ്ധത്തിന് വിരാമമായി. എന്നാൽ എനോള ഗേ തുടർന്നും നാലു വർഷത്തോളം സൈന്യത്തിന്റെ ഭാഗമായിരുന്നു. ഇതേ വിമാനം അമേരിക്കയിലെ ബിക്കിനി അറ്റോളിൽ നടന്ന ആണവ പരീക്ഷണങ്ങളിലും ഭാഗമായിരുന്നു.
മുറിച്ചും ചേർത്തും എനോള ഗേ
ഓപ്പറേഷനുകൾ പൂർത്തിയാക്കിയശേഷം അമേരിക്കൻ ഗവേഷണസ്ഥാപനമായ സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശത്തിൽ 1952 ജനുവരിയിൽ ഇല്ലിനോയിസിലെ പാർക്ക് റിഡ്ജിലുള്ള ഓർച്ചാർഡ് പ്ലേസ് എയർ ഫീൽഡിലേക്ക് എനോള ഗേയെ എത്തിച്ചു.
അതേ മാസംതന്നെ ടെക്സസിലെ പിയോട്ട് എയർ ഫോഴ്സ് ബേസിലേക്കു മാറ്റി. 1953 ഡിസംബർ രണ്ടിന് മേരിലാൻഡിലെ ആൻഡ്രൂസ് എയർ ഫോഴ്സ് ബേസിലേക്കും എനോള ഗേയ്ക്ക് സ്ഥാനമാറ്റമുണ്ടായി.
99 അടി നീളമുള്ള ബോയിംഗ് വിമാനം അതേപടി സൂക്ഷിക്കാനുള്ള സ്ഥലസൗകര്യം സ്മിത്ത്സോണിയനിൽ ഇല്ലാത്തതിനാലായിരുന്നു ഈ മാറ്റങ്ങൾ.
എയർഫോഴ്സ് ആസ്ഥാനത്ത് വിമാനം ഭദ്രമായിരിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വിമാനം ഉയർത്തിവയ്ക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെ എയർബേസിന്റെ ഒഴിഞ്ഞ കോണിലേക്ക് എനോള ഗേ പുറംതള്ളപ്പെട്ടു.
അവിടെ കിടന്ന വിമാനത്തിലെ പല ഭാഗങ്ങളും പലരും അറുത്തും മുറിച്ചും മോഷ്ടിച്ചുകൊണ്ടുപോയി. പ്രാണികളുടെയും പക്ഷികളുടെയും സങ്കേതമായി എനോള ഗേ. വർഷങ്ങൾ കടന്നുപോയപ്പോഴാണ് സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പോൾ ഇ ഗാർബർ എന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധ എനോള ഗേയിൽ പതിയാൻ ഇടയായത്. ഇതേത്തുടർന്ന് 1960 ഓഗസ്റ്റ് 10ന് സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം വിമാനം പൊളിക്കാൻ തുടങ്ങി.
1961 ജൂലെ 21ന് വിമാനഭാഗങ്ങൾ സ്മിത്ത് സോണിയന്റെ മേരിലാൻഡിലെ സ്യൂട്ട് ലാൻഡിലുള്ള സ്റ്റോറേജ് ഏരിയയിലേക്ക് കൊണ്ടുപോയി.
പിന്നീട് നിരവധി വർഷങ്ങൾ എനോള ഗേയുടെ പുറംകവചവും അവശേഷിച്ച ഉപകരണങ്ങളും സ്യൂട്ട് ലാൻഡിൽ കിടന്നു. 1980 കളുടെ തുടക്കത്തിൽ ഡോണ് റേൽ, ഫ്രാങ്ക് ബി സ്റ്റുവർട്ട് എന്നീ വിമുക്തഭടൻമാർ എനോള ഗേയെ പുനരുജ്ജീവിപ്പിക്കാനും പ്രദർശിപ്പിക്കാനുമുള്ള താൽപര്യവുമായി മുന്പോട്ടു വന്നു. അമേരിക്കൻ യുദ്ധമുന്നേറ്റത്തിലും ചരിത്രത്തിലും ഇടം നേടിയ വിമാനത്തിന്റെ കുറേ ഭാഗമെങ്കിലും സൂക്ഷിക്കണം എന്നതായിരുന്നു അവരുടെ നിലപാട്.
പൈലറ്റ് ടിബറ്റ്സിനെയും സെനറ്റർ ബാരി ഗോൾഡ് വാട്ടറിനെയും അവർ ഈ ഉദ്യമത്തിൽ ഒപ്പംകൂട്ടി. 1983ൽ മുൻ സ്ട്രാറ്റെജിക് എയർ കമാൻഡായിരുന്ന വാൾട്ടർ ജെ. ബോയ്ൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായതോടെ 1984 ഡിസംബറിൽ എനോള ഗേയുടെ പുനരുദ്ധാരണത്തിനു തുടക്കം കുറിച്ചു.
വിമാനത്തിന്റെ പ്രൊപ്പെല്ലറുകളിൽ ഒരെണ്ണം ടെക്സസിലെ എആൻഎം യൂണിവേഴ്സിറ്റിയിലേക്ക് മുന്പു കൊണ്ടുപോയിരുന്നു. അവർ അതിന്റെ നീളം കുറച്ച് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിച്ചു. ആ സാഹചര്യത്തിൽ വിമാനത്തിന്റെ എഞ്ചിനും കുറെ യന്ത്രങ്ങളും വീണ്ടും നിർമിച്ചു.
പത്തു വർഷത്തെ ശ്രമത്തിൽ എനോള ഗേ ഏറെക്കുറെ പഴയ രൂപത്തിലെത്തി. അപ്പോഴും വിവാദങ്ങൾ വിമാനത്തെ വിട്ടൊഴിഞ്ഞില്ല. 1995ൽ ഹിരോഷിമ ബോംബിംഗിന്റെ അൻപതാം വാർഷികത്തിൽ എനോള ഗേ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാനുള്ള സ്മിത്ത് സോണിയൻ മ്യൂസിയത്തിന്റെ തീരുമാനമാണ് വിമർശനത്തിന് ഇടയാക്കിയത്.
അണുബോംബിന്റെ പരിണിതഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന ജാപ്പനീസ് ജനതയോട് അമേരിക്ക ചെയ്ത ക്രൂരതയായി പ്രദർശനം ലോകത്തിന്റെ വിമർശനത്തിന് ഇടയാക്കുമെന്ന് എയർഫോഴ്സ് അസോസിയേഷനും അമേരിക്കൻ വിമുക്ത ഭടൻമാരുടെ സംഘടനയായ അമേരിക്കൻ ലീജിയനും അഭിപ്രായപ്പെട്ടതോടെ പ്രദർശനം ഉപേക്ഷിച്ചു.
അന്നത്തെ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയം ഡയറക്ടറുടെ രാജിയിലാണ് വിവാദം ആത്യന്തികമായി കലാശിച്ചത്. 1995 ജൂണ് 28ന് വിമാനത്തിന്റെ ചട്ടക്കൂട് നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ സ്ഥിരമായ പ്രദർശനത്തിനു വച്ചു.
ഈ വിമാനത്തിലേക്ക് മനുഷ്യരക്തവും ചാരവും എറിഞ്ഞതിന് 1995 ജൂലൈ രണ്ടിന് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. 1998 മേയ് 18ന് പ്രദർശനം അവസാനിപ്പിച്ചു. ഇതിനു പിന്നാലെ വിമാനത്തിന്റെ സന്പൂർണ പുനഃസ്ഥാപനത്തിന് തീരുമാനമായി .
2003 മാർച്ച്-ജൂണ് കാലയളവിൽ വിമാനം ഭാഗങ്ങളാക്കി വിർജീനിയയിലെ ചാന്റില്ലിലിയിലെ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ സ്റ്റീഫൻ ഉഡ്വർ ഹേസി സെന്ററിലേക്ക് അയച്ചു. 2003 ഏപ്രിൽ 10ന് വിമാനത്തിന്റെ ബോഡിയും കോക്പിറ്റും ചിറകുകളും യന്ത്രഭാഗങ്ങളം 1960നു ശേഷം വീണ്ടും ഒന്നിച്ചു.
2003 ഓഗസ്റ്റിൽ കൂട്ടിച്ചേർക്കൽ പൂർത്തിയായി. 2003 ഡിസംബർ 15 മുതൽ ഉഡ്വർ ഹേസി സെന്ററിൽ എനോള ഗേ ഇപ്പോഴും പ്രദർശനത്തിനുണ്ട്. ഹിരോഷിമയിലേക്ക് വിമാനം പറത്തിയ പോൾ ഡബ്ല്യു ടിബറ്റ്സ് 92-ാം വയസിൽ 2007 നവംബർ ഒന്നിന് അന്തരിച്ചു.
അജിത് ജി. നായർ