“ചിരിക്കുന്ന മുഖങ്ങളല്ല ഞാൻ ഏറെയും കാണാറുള്ളത്. മുന്നിലെത്തുന്നവരുടെ കണ്ണുകളിലെ നനവും ഹൃദയങ്ങളുടെ വിതുന്പലും ഞാൻ വ്യക്തമായി അറിയുന്നു. ഒരു കുടുംബത്ത ഒന്നാകെ അർബുദം കാർന്നുതിന്നുന്നത് നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്. ഒപ്പം ഒട്ടേറെ രോഗികളുടെ വൈകാരികവും സാന്പത്തികവുമായ തകർച്ചകളും.’ നാലു പതിറ്റാണ്ടുകളായി കാൻസർ ബാധിതർക്ക് സാന്ത്വനം പകരുന്ന ഡോ. വി.പി. ഗംഗാധരൻ ശുശ്രൂഷാനുഭവങ്ങൾ പങ്കുവച്ചു.
ഇതോടകം എത്ര കാൻസർ രോഗികൾക്ക് ആശ്വാസം പകർന്നുവെന്നു ചോദിച്ചാൽ എണ്ണം അറിയില്ലെന്നാണ് മറുപടി. എന്നാൽ കണ്ണീരും വേദനയുമായി വന്നുപോയ എല്ലാ മുഖങ്ങളും ഇദ്ദേഹത്തിന്റെ ഓർമത്താളുകളിൽനിന്നു മാഞ്ഞിട്ടുമില്ല. കോടീശ്വരൻമാർ മുതൽ പരമദരിദ്രർവരെ അർബുദത്തിന്റെ ഞണ്ടിറുക്കത്തിൽ പിടയുന്പോൾ മരുന്നു കുറിപ്പടി പോലെ ആശ്വാസം പകരുന്നതാണ് ഈ ഭിഷഗ്വരന്റെ കരുണാർദ്ര മായ നോട്ടവും പ്രത്യാശാനിർഭരമായ വാക്കുകളും. വേദനപോലെ അർബുദരോഗിയെ വേട്ടയാടുന്നതാണ് മരണഭയം.
എന്റെ മക്കൾക്കും ഉറ്റവർക്കും ഇനി ആരുണ്ടെന്ന ചോദ്യത്തിനു മുന്നിലാണ് ഡോക്ടർ ആശ്വാസദൂതനായി മാറുന്നത്. മരുന്നിനെ ഫലിപ്പിക്കുന്നത് വിശ്വാസവും ധൈര്യവുമാണെന്നും കാൻസർ ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും ഇദ്ദേഹം ഓരോ രോഗിയെയും ഓർമിപ്പിക്കും. ഞാനുണ്ട് കൂടെ, ധൈര്യമായിരിക്കൂ എന്നു പറഞ്ഞ് പ്രതീക്ഷയുടെ പുഞ്ചിരി തൂവാതെ ഒരു രോഗിയെയും പറഞ്ഞയയ്ക്കില്ല. അർബുദത്തിൽനിന്നു മോചിതരായ ആയിരക്കണക്കിന് രോഗികളും അവരുടെ ബന്ധുക്കളും ഈ വലിയ സാന്നിധ്യത്തിനു മുന്നിൽ ശിരസു നമിക്കുന്നു. ചികിത്സാ മികവിലും സ്നേഹാർദ്ര ഇടപെടലിലും ഉപദേശങ്ങളിലും ഒരു ഡോക്ടർ ആരായിരിക്കണമെന്നതിന് ഉത്തരമാണ് ഡോ.വി.പി. ഗംഗാധരൻ.
നിയോഗം ഇങ്ങനെയായി
1954ൽ തൃശൂർ ഇരിഞ്ഞാലക്കുടയിൽ പദ്മനാഭൻ നായർ- സരസ്വതിയമ്മ ദന്പതികളുടെ മകനായി ജനനം. ഡോ. ഗംഗാധരൻ എങ്ങനെയാണ് ഈ പ്രൊഫഷനിലെത്തി കാരുണ്യത്തിന്റെ ആൾരൂപമായതെന്നു ചോദിച്ചാൽ ആദ്യമൊരു പുഞ്ചിരി. ചിരി മായാതെ പറയും റെയിൽവേ ഗാർഡാകാനായിരുന്നു തനിക്കു ചെറുപ്പത്തിലെ മോഹമെന്ന്. അതുപോലെ ഇഷ്ടമായിരുന്നു തീവണ്ടിയും തീവണ്ടിയാത്രയും.
പ്രീഡിഗ്രി കഴിഞ്ഞ് മെഡിസിന് പ്രവേശനം കിട്ടിയപ്പോൾ എംബിബിഎസിന് ചേരണമോ റെയിൽവെ ജോലി തേടണമോ എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു ഡോക്ടറായാൽ മതിയെന്ന്; അച്ഛനും അതു ശരിവച്ചു. 1978ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും 1984ൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് റേഡിയോപ്പതിയിൽ എംഡിയും പൂർത്തിയാക്കി തൃശൂർ മെഡിക്കൽ കോളജിൽ റേഡിയോതെറാപ്പി ആൻഡ് മെഡിക്കൽ ഓങ്കോളജി ട്യൂട്ടറായാണ് തുടക്കം.
1989ൽ തിരുവനന്തപുരം ആർസിസിയിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായി. തുടർന്ന് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ അമേരിക്കയിലും ബ്രിട്ടണിലും പരിശീലനം. 1995 ൽ യുഎസ്എ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും 1997 ൽ ലോകാരോഗ്യസംഘടനയുടെയും ഫെലോഷിപ്പിന് അർഹനായി.
ഒരു നോക്കുകാണാൻ
പുലർച്ചെ തന്നെ തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയറിനടുത്തുള്ള ഡോ. ഗംഗാധരന്റെ ചിത്തിര വീട്ടിലും മുറ്റത്തും ആൾക്കൂട്ടം നിറയും. വിദേശങ്ങളിൽനിന്നുവരെ ചികിത്സതേടിയെത്തുന്നവരുടെ നിര. നൊന്പരവും നിരാശയും ഇരുൾ വീഴ്ത്തിയവർക്കെല്ലാം അഗ്രഹമൊന്നു മാത്രമേയുള്ളു, ഗംഗാധരൻ ഡോക്ടറെ കാണണം, ആശ്വാസം തേടണം. മൈലുകളും മണിക്കൂറുകളും താണ്ടിയെത്തി പരിശോധനാരേഖകളുടെ ഫയൽക്കെട്ടിൽ മുഖം താഴ്ത്തി അവരൊക്കെ ആ കൂടിക്കാഴ്ചയുടെ ഊഴം കാത്തിരിക്കുകയാണ്.
എറണാകുളം ലേക്ഷോർ, ഇന്ധിരാഗാന്ധി ആശുപത്രികളിലെ ചികിത്സയ്ക്കു പുറമേ രോഗികളുടെ സൗകര്യത്തിനാണ് വീട്ടിലും ശുശ്രൂഷ. പ്രതീക്ഷിക്കുന്നതിലധികം സമയം ഓരോ രോഗിക്കുമൊപ്പം ചെലവഴിക്കാനും ഹൃദയബന്ധം സ്ഥാപിക്കാനും ഇദ്ദേഹം ശ്രദ്ധിക്കുന്നു. എല്ലാം തകർന്നവർക്ക് ചികിത്സാവിധിപോലെ പ്രധാനമാണ് സാന്ത്വനം.
വേദനകളെ ശമിപ്പിക്കുന്ന സ്നേഹത്തിന്റെ ലേപനം ഹൃദയങ്ങളിൽ തലോടിയാണ് ഓരോ രോഗിയെയും ഇദ്ദേഹം മടക്കി അയയ്ക്കുക. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർസിസി) കേരളത്തിൽ ആദ്യത്തെ മെഡിക്കൽ ഓങ്കോളജി വിഭാഗം തുടങ്ങുന്നതിനു ചുക്കാൻ പിടിച്ചത് ഡോ. ഗംഗാധരനാണ്. ആദ്യമായി രക്തകോശങ്ങൾ മാറ്റിവച്ച ടീമിലും ഡോക്ടറുണ്ടായിരുന്നു. സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ, മൊബൈൽ തെർമോ മാമോഗ്രാം, മൊബൈൽ റേഡിയോ മാമോഗ്രാം, അൾട്രാ സോണോഗ്രഫി യൂണിറ്റുകളുടെ തുടക്കത്തിലും ഈ കൈപ്പുണ്യം പതിഞ്ഞിട്ടുണ്ട്.
രോഗികൾക്ക് സഹായം നൽകുന്ന കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സ്ഥാപകനുമാണ്. നിർധനരോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും ചികിത്സയും ലഭ്യമാക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. ഇതിനായി തുടങ്ങിയ സ്നേഹഗംഗ ഈ നല്ല സമറായന്റെ കാരുണ്യമനസിന്റെ ഫലപ്രാപ്തിയാണ്.
അർബുദബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്പോഴും കാൻസർ തുടക്കത്തിലേ നിർണയിച്ച് ചികിത്സ ലഭ്യമാക്കാനുള്ള ആധുനിക സംവിധാനങ്ങളും മരുന്നുകളും ഇക്കാലത്തുണ്ടെന്നുകൂടി തിരിച്ചറിയണമെന്നാണ് ഡോ. ഗംഗാധരന്റെ പക്ഷം.
രോഗികളുടെ വർധനയെക്കുറിച്ചു പറയുന്പോൾ മൂന്നു കാര്യങ്ങൾ വിലയിരുത്തണം. ഒന്ന്: കാൻസർ മരണങ്ങൾ മുൻകാലത്ത് അർബുദംമൂലമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. കാൻസർ കണ്ടുപിടിക്കാൻ മുൻപൊക്കെ സംവിധാനം വിരളമായിരുന്നു. ഇന്നാവട്ടെ രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞ് ഒട്ടേറെത്തരം മരുന്നുകളും യന്ത്രങ്ങളും ആവശ്യവും സാഹചര്യവും അറിഞ്ഞുപയോഗിക്കാൻ സാധിക്കും.
ഏതു പ്രായത്തിലും ആരിലും കാൻസർ വരാം എന്നതാണ് രണ്ടാമതായി കാണേണ്ടത്. പ്രായം കൂടുംതോറും കാൻസർ സാധ്യതയും വർധിക്കും.ശരാശരി ആയുർദൈർഘ്യം എഴുപതു വയസ് കടന്നതും രോഗികളുടെ വർധനവിന് കാരണമായിട്ടുണ്ട്. ഈ മൂന്നു ഘടകങ്ങളെ അവലോകനം ചെയ്യുന്പോഴാണു രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടോ എന്ന വിലയിരുത്തലുകളിലെത്തുക.
പ്രായഭേദമന്യേ അർബുദത്തിനു ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നതു ശരിതന്നെ. പകർച്ചവ്യാധിക്കാലത്ത് ദിവസവും രോഗികളുടെ എണ്ണം കണക്കാക്കി പറയുന്നതുപോലെ കാൻസറിനെ സംബന്ധിച്ച് വിശദീകരണം എളുപ്പമല്ല. വർഷങ്ങൾകൊണ്ടാണ് കാൻസർ ഒരാളിൽ രൂപപ്പെടുന്നത്. ശരീരത്തിലെ നല്ല കോശം അർബുദ കോശമായി വളരാൻ വർഷങ്ങൾ വേണ്ടിവരും. അർബുദകോശങ്ങളെ തിരിച്ചറിയാനും നിർവീര്യമാക്കാനും ജീവിതം സാധാരണ നിലയിലെത്തിക്കാനും അതിനൂതന ചികിത്സാ രീതികളും സൗകര്യങ്ങളും ഇക്കാലത്ത് ലഭ്യമാണ്.
അർബുദ ചികിത്സയിലെ പല മരുന്നുകൾക്കും മുൻകാലങ്ങളേക്കാൾ വിലയിൽ കുറവുണ്ടായിട്ടുണ്ട്. സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പാൽബോ സൈക്ലിബ് ടാബ്ലറ്റ് ഒരു മാസത്തേക്ക് 85,000 രൂപയായിരുന്നത് ഇപ്പോൾ നാലായിരം രൂപയിലേക്കു താഴ്ന്നു. വിദേശ മരുന്നുകളുടെ പേറ്റന്റ് കാലാവധി പൂർത്തിയാവുന്പോഴാണ് കുറഞ്ഞ ചെലവിൽ മരുന്നുകൾ ഇവിടെ ലഭ്യമാവുന്നത്.
കീമോതെറാപ്പിയിൽ പാർശ്വഫലങ്ങൾ കുറഞ്ഞ ധാരാളം മരുന്നുകൾ ഇക്കാലത്ത് ലഭ്യമാണ്. കാൻസർ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന മരുന്നുകൾ (ടാർജറ്റഡ് കീമോ തെറാപ്പി) വലിയ ആശ്വാസമാണ്.
ഇമ്യൂണോ തെറാപ്പി കാൻസർ ചികിത്സയിൽ സാധാരണമായി. കാൻസറിനെ പ്രതിരോധിക്കാൻ ശക്തിയുള്ള ശരീരത്തിലെ തന്നെ കോശങ്ങളെ ഉണർത്തി, കാൻസർ കോശങ്ങളെ നിർവീര്യമാക്കാനുള്ള സംവിധാനമാണു തെറാപ്പിയിൽ ഉപയോഗിക്കുന്നത്. സർജറി, റേഡിയേഷൻ, കീമോ തെറാപ്പി, ഇമ്യൂണോ തെറാപ്പി എന്നീ നാലു വിഭാഗങ്ങൾ ചേർന്നുള്ള സമഗ്ര ചികിത്സയാണ് ഇക്കാലത്ത് നൽകുന്നത്. ഒരിക്കൽ ചികിത്സ പൂർത്തിയാക്കിയയാൾ അഞ്ചു വർഷം വരെ നിർബന്ധമായി തുടർചികിത്സ മുടക്കരുത്. ഭേദമായ കാൻസർ അഞ്ചു വർഷത്തിനുശേഷം തിരിച്ചുവരുന്നത് അപൂർവമാണ്. സ്തനാർബുദത്തിന്റെ കാര്യത്തിൽ അതു പത്തു വർഷമാണ്.
അർബുദം അവസാനവാക്കല്ല
ജീവിതത്തിന്റെ അവസാനമാണ് അർബുദമെന്നു ധരിച്ചുപോയവരുടെ എണ്ണത്തിൽ ഇക്കാലത്ത് വലിയ കുറവുണ്ടായിട്ടുണ്ടെന്നത് ആശ്വാസമാണ്. പുതിയ ചികിത്സാസൗകര്യങ്ങൾ തന്നെയാണ് കാരണം. ഒപ്പം ആത്മവിശ്വാസം പകരുന്ന അന്തരീക്ഷവും കൗണ്സിലിംഗും അതിനു പരുവപ്പെടുത്തുന്നു. കാൻസറിനൊപ്പം ജീവിക്കുകയെന്നത് അസാധ്യമല്ലെന്ന് തിരിച്ചറിയുക.
കാൻസർ പിടിപെട്ടാൽ അതിനെ അംഗീകരിക്കുകയും മനസിനെ അതിനൊത്തു പാകപ്പെടുത്തുകയും ചെയ്യുക പ്രധാനമാണ്. നിലവിളിച്ചും കണ്ണീരൊഴുക്കിയും കടന്നുവന്ന എത്രയോ മനുഷ്യർ. ആയുസിന്റെ അവസാനമെത്തിയെന്ന് വിധിയെഴുതിയശേഷം പ്രത്യാശയോടെ പുതുജീവിതത്തിലേക്കു മടങ്ങിപ്പോയവർ ഏറെപ്പേരാണ്. ജോലിക്കും ബിസിനസിനുമെല്ലാം രോഗം തടസമാകുമെന്നതിനാലാണ് പലരും അതു മറച്ചുവയ്ക്കുന്നത്. അർബുദബാധിതരെ സ്നേഹിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന കുടുംബ, ജോലി അന്തരീക്ഷം സംജാതമാകണം.
കാൻസറിനെ ഗൗരവമായി കണ്ടു മികച്ച ചികിത്സ നടത്തുന്പോഴും അതു തുറന്നുപറയാനും രോഗിയാണെന്ന് അംഗീകരിക്കാനും കാണിച്ച നടൻ ഇന്നസെന്റിനെ എനിക്ക് അടുത്തറിയാം. സ്വതസിദ്ധമായ നർമബോധവും ആത്മവിശ്വാസവും കൃത്യമായ ചികിത്സയും ജീവിതക്രമവുമെല്ലാം ചേർന്നാണ് അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചുവന്നത്. ഇന്നസെന്റ് ഒരിക്കൽ തമാശയിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
‘എന്റെ മക്കൾ അപ്പൻ മരിക്കുന്പോൾ ഛർദ്ദിയും വയറുകടിയുമൊക്കെ വന്നാണു മരിച്ചതെന്നു പറയുന്നതിൽ എന്തോ ഒരു വല്ലായ്ക. അതിനേക്കാൾ ഭേദമാണല്ലൊ കാൻസർ വന്നു മരിച്ചു എന്നു പറയുന്നത്. ’ ചികിത്സയിലൂടെ ജീവിതത്തിലേക്കു മടങ്ങിയെത്തിയ അനേകരുടെ പുഞ്ചിരിയും കൃതജ്ഞതയും ഡോ. ഗംഗാധരൻ അറിഞ്ഞനുഭവിച്ചിട്ടുണ്ട്. അതിനൊപ്പം കൈവിട്ടുപോയവരുടെയും അവരുടെ ഉറ്റവരുടെയും വേദനകളും ...
നഷ്ടമായിപ്പോകുന്നവരിലൂടെ തീരുന്നില്ല അവരുടെ കുടുംബവുമായുള്ള ബന്ധം. അർബുദചികിത്സാവഴികളിൽ കണ്ടെത്തിയ ഓരോ ജീവിതങ്ങളും മറക്കാനാവാത്ത ആത്മബന്ധങ്ങൾ കൂടിയാണ്. ഓരോ രോഗിയുടെയും കുടുംബങ്ങളുമായും ആ ബന്ധം ഇഴചേർക്കാനാവുന്നു. എത്രയോ പുരുഷായുസുകൾകൊണ്ട് കണ്ടുതീർക്കേണ്ട അനുഭവങ്ങളാണ് ഡോ.വി.പി. ഗംഗാധരന്റെ കൺമുന്നിലൂടെ കടന്നു പോയത്.
ഡോ. ഗംഗാധരന്റെ കുടുംബത്തിന്റെ പ്രയാണം പൂർണമായി അർബുദ ചികിത്സാരംഗത്തെ സേവനവഴികളിലൂടെയാണ്. ഭാര്യ ഡോ. ചിത്രതാരയും മകൻ ഡോ. ഗോവിന്ദും ലേക്ഷോർ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിൽ സേവനം ചെയ്യുന്നു. മറ്റൊരു മകൻ ഗോകുൽ സിംഗപ്പൂരിൽ ഐടി രംഗത്താണ്.
ദേശീയ - അന്തർദേശീയ ജേർണലുകളിൽ ഡോ. വി.പി. ഗംഗാധരന്റെ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളിൽ ഇദ്ദേഹം തയാക്കിയ പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻസർ ചികിത്സാ രംഗത്തെ ശ്രദ്ധേയ സംഭാവനകൾക്ക് എഴുപതോളം അവാർഡുകൾ തേടിയെത്തി.
ചികിത്സയ്ക്കൊപ്പം ക്ലാസുകളിലൂടെയും ക്യാന്പുകളിലൂടെയും മാധ്യമങ്ങളിലൂടെയും കാൻസർ ബോധവൽകരണത്തിലും ഇദ്ദേഹം ബൈപാസ് ശസ്ത്രക്രിയയ്ക്കുശേഷവും രാപകൽ സജീവമാണ്. പുസ്തകവിപണിയിൽ എക്കാലത്തെയും ബെസ്റ്റ് സെല്ലറുകളിലൊന്നാണ് ഡോ.വി.പി.ഗംഗാധരന്റെ ചികിത്സയിലെ തീവ്രമായ അനുഭവങ്ങൾ വിശദമാക്കുന്ന പുസ്തകം ജീവിതമെന്ന അനുഭവം. ജീവിതകാഴ്ചകളിൽ എന്ത് ശേഷിക്കുന്നു എന്ന ചോദ്യത്തിന് ഡോ. ഗംഗാധരന്റെ ഉത്തരം ഇതാണ്. എന്റെ മനസ് കൂടുതൽ ശുദ്ധിയുള്ളതാകുന്നു. എന്നിൽ കൂടുതൽ മനുഷ്യത്വം വന്നുനിറയുന്നു.’
സിജോ പൈനാടത്ത്