അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻസിസ് മറന്നിട്ടില്ല. വിശപ്പിന്റെ വിളിയറിഞ്ഞ്, ഇല്ലായ്മകളുടെ കനൽവഴികൾ താണ്ടി, കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഡോ. എം.സി. ഫ്രാൻസിസ്
‘അപ്പൻ വീടിനുവേണ്ടി ഉരുകുന്നത് മക്കൾ കണ്ടു വളരണം. എങ്കിൽ മാത്രമേ അവർ നല്ല മക്കളായി തീരൂ. ദിവസം പതിനാല് മണിക്കൂർവരെ മീൻതട്ടിനു മുന്നിൽ നിന്നയാളാണ് എന്റെ അപ്പൻ. അദ്ദേഹം ഞങ്ങളെ പോറ്റിവളർത്താൻ നിശബ്ദം സഹിച്ചു. എനിക്ക് ആ സങ്കടക്കടൽ കാണാതിരിക്കാനാവില്ല. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്പോൾ അപ്പനെ സഹായിക്കാൻ മീൻകുട്ടയെടുത്തവനാണ്. യാതനകളുടെ ആ വഴിയിൽ ഞാൻ അപ്പനു തണലായിനിന്നു. ആ നരച്ച കണ്ണുകൾ അന്നൊക്ക കന്യകാമറിയത്തിനു മുന്നിൽ എനിക്കായി പ്രാർഥിച്ചിട്ടുണ്ടാകും. കണ്ണീരിന്റെ നനവുള്ള ആ പ്രാർഥനകൾ ഇന്നും എനിക്കു കരുതലായുണ്ട്’.
എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ ഇക്കണോമിക്സ് സ്റ്റാഫ് റൂമിലിരുന്ന് ഇതു പറയുന്പോൾ ഡോ. എം.സി. ഫ്രാൻസിസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വാക്കുകൾ മുറിഞ്ഞു.
അപ്പനു കരുതലാകാനും പഠനച്ചെലവു കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടകസൈക്കിളിൽ മീൻ വിറ്റുനടന്ന ചെറുപ്പകാലം ഫ്രാൻസിസ് മറന്നിട്ടില്ല.വിശപ്പിന്റെ വിളിയറിഞ്ഞ്, ഇല്ലായ്മകളുടെ കനൽവഴികൾ താണ്ടി, കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഫ്രാൻസിസ് സെന്റ് ആൽബർട്സ് കോളജിൽ സാന്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. യാതനയുടെയും യാചനയുടെയും ആ വറുതിവഴികൾ ഫ്രാൻസിസിന്റെ വാക്കുകളിലൂടെ ....
അതിജീവനപോരാട്ടം
തോപ്പുംപടി സൗദിയിൽ മുക്കത്ത് പരേതനായ ചാക്കോയുടെയും മേയ്ബിളിന്റെയും നാലാമത്തെ മകനാണ് ഞാൻ. ഞങ്ങൾ അഞ്ചു മക്കൾ. നാലാണും ഒരു സഹോദരിയും. അപ്പൻ ചെറുപ്പകാലത്ത് വീട്ടിൽ പീലിംഗ് ഷെഡ്ഡ് നടത്തിയിരുന്നു. ചെമ്മീൻ കിളളിക്കൊടുക്കുന്ന ജോലി. അവിടെ കുറെ സ്ത്രീകൾക്കും തൊഴിൽ ലഭിച്ചിരുന്നു. നാൽപത്തഞ്ചാം വയസിൽ ആ സംരംഭം തകർന്നു കടം കയറി.
അഭിമാനിയായിരുന്ന അപ്പൻ ആവുന്നതെല്ലാം വിറ്റ് കടം വീട്ടി. പഠിപ്പ് ഒട്ടുംതന്നെയില്ലാത്ത അദ്ദേഹത്തിന് മറ്റു കൈത്തൊഴിലുകളൊന്നും അറിയില്ലായിരുന്നു. ജീവിതം വഴിമുട്ടി ഇനി എന്ത് എങ്ങോട്ട് എന്ന് വല്ലാത്ത ആശങ്കയിലായിരുന്നു. ആകെയുള്ളത് ചെറിയൊരു വീടും കാൽകുത്തി നിൽക്കാനോളം മുറ്റവും. ബാധ്യതകളിൽ ഉള്ളുരുകുന്പോഴും കിടപ്പാടം വിൽക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
അങ്ങനെയാണ് മീൻ കച്ചവടം തുടങ്ങിയാൽ ഒരുവിധം ജീവിച്ചുപോകാമെന്ന തോന്നലുണ്ടായത്. മീൻകുട്ട ചുമന്ന് വീടുവീടാന്തരം കയറി വിൽക്കാനുള്ള ആരോഗ്യം അപ്പനില്ല. ആ സാഹചര്യത്തിൽ നാൽപത്തഞ്ചാം വയസിൽ സൈക്കിൾ ചവിട്ടാനുള്ള പരിശീലനത്തിന് അദ്ദേഹം നിർബന്ധിതനായി. ആദ്യമൊക്കെ പലപ്പോഴും വീണിട്ടുണ്ട്. വീഴ്ചയിൽ കൈകാലുകൾ പൊട്ടിയിട്ടുണ്ട്. ഞങ്ങളുടെ വിശപ്പിന്റെ വിളിക്കുമുന്നിൽ എന്തു സഹനവും സാഹസവും കാണിക്കാൻ അപ്പനു മടിയുണ്ടായിരുന്നില്ല.
മുണ്ടംവേലി കടപ്പുറത്ത് മണൽച്ചാക്കുകൾ നിരത്തി അതിനുമുകളിലൂടെ അദ്ദേഹം വാടക സൈക്കിളിൽ ചവിട്ട് പരിശീലിച്ചു. അടുക്കള പുകയണം, ഞങ്ങൾ വിശന്നുറങ്ങാൻ ഇടയാവരുതെന്ന ചിന്ത മാത്രമായിരുന്നു ആ യജ്ഞത്തിനു പിന്നിൽ. അതിജീവനമല്ലേ വലുത്, വീണും വിയർത്തും അപ്പൻ ഒരു വിധം സൈക്കിൾ ചവിട്ടാൻ പഠിച്ചു. വെറുതെ സൈക്കിൾ ചവിട്ടി പോകാനായിരുന്നില്ല അത്. ഹാർബറിൽനിന്ന് കുട്ടയിൽ നൂറു കിലോയോളം മീൻ വാങ്ങി അത്തിപ്പൊഴി മാർക്കറ്റിലെത്തിച്ചു വിൽക്കുകയെന്നത് സഹനവും സാഹസവുമായിരുന്നു.
അപ്പന്റെ തണൽപറ്റി
സ്കൂൾ വിട്ടുവരുന്പോൾ നോട്ട്ബുക്കും പേനയും പെൻസിലും വാങ്ങാൻ പണം ചോദിച്ച് ഞാൻ അപ്പന്റെ മുന്നിലെത്തുമായിരുന്നു. അത്തിപ്പൊഴിയിലെ മീൻതട്ടിനു മുന്നിൽ ഒരു പകൽ പിന്നിട്ടിട്ടുണ്ടാകും അപ്പൻ ഒരേ നിൽപു തുടങ്ങിയിട്ട്. ഞാൻ ചെല്ലുന്പോഴേ മീൻമണമുള്ള നെഞ്ചിലേക്ക് ചെതുന്പൽ ഉണങ്ങിപ്പറ്റിയ കൈകൾക്കൊണ്ടെന്നെ ചേർത്തുനിർത്തും.
അപ്പന്റെ വയറ്റിലെ പൊള്ളുന്ന ചൂടിൽ എന്റെ നെഞ്ചു പൊള്ളിയിട്ടുണ്ട്. ആ സ്നേഹത്തണലിൽ എന്നെ ചേർത്ത് ഉമ്മവയ്ക്കുന്ന അപ്പൻ. ആ നെറ്റിയിലെ വിയർപ്പിലേക്കും കാലി മടിശീലയിലേക്കും നോക്കുന്പോൾ അപ്പാ എനിക്കൊരു ഉടുപ്പ് വാങ്ങിത്തരുമോ എന്നു ചോദിക്കാൻ മനസ് അനുവദിക്കുമായിരുന്നില്ല.
മുന്നേ പഠിച്ചുപോയവരോടൊക്കെ കടം വാങ്ങിയ പഴയ പുസ്തകങ്ങളായിരുന്നു എന്റെ കൈയിലുണ്ടായിരുന്നത്. നിറംമങ്ങി വിയർപ്പുനാറുന്ന താൾപ്പുറങ്ങൾ. പേന തൊട്ടാൽ മഷി പടരുന്ന പഴക്കം. പുസ്തകക്കെട്ട് മീൻകുട്ടയുടെ തണലിൽ ചാരിവച്ച് ബാല്യം മുതൽ ഞാൻ അപ്പനെ സഹായിച്ചു തുടങ്ങി. കുട്ടയിലെ മീൻ തിരിഞ്ഞുകൊടുക്കും, വാങ്ങാൻ വരുന്നവർക്ക് പൊതിഞ്ഞുകൊടുക്കും, കാശ് വാങ്ങി അപ്പനെ ഏൽപ്പിക്കും.
പച്ചമീൻ അപ്പാടെ വിറ്റ് പോകരുതേ എന്നാഗ്രഹിച്ച ദിവസങ്ങളുണ്ട്. കുട്ടയിൽ ബാക്കി വന്നാൽ അൽപം മീൻകറി കൂട്ടാം. അതല്ലെങ്കിൽ ഉണക്കാം. ആ ഉണക്കമീൻ വിറ്റ് പഠനത്തിനുള്ള പണമുണ്ടാക്കാൻ അപ്പൻ നല്ല മനസുകാണിക്കും. അങ്ങനെ പന്ത്രണ്ടാം പിറന്നാളിനു മുന്നേ ഞാൻ ഉണക്കമീൻ വിൽക്കാൻ വഴിയോരങ്ങളിലൂടെ നടന്നു. ചില്ലറത്തുട്ടുകൾ മാത്രമേ മിച്ചം കിട്ടൂ എങ്കിലും അക്കാലത്തതു കരുതലായിരുന്നു, ആശ്വാസമായിരുന്നു.
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്പോൾ അപ്പന് കണ്ണിന് ശസ്ത്രക്രിയ വേണ്ടിവന്നു. മൂന്നു മാസത്തെ വിശ്രമം വേണം. വീട്ടിൽ മറ്റു വരുമാനമൊന്നുമില്ല. സഹായിക്കാൻ ആരുമില്ല. ആ സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ ഞാൻ കപ്പലണ്ടിവിൽപന തുടങ്ങി. നസ്രത്തുനിന്ന് കപ്പലണ്ടി വാങ്ങി വറുത്ത് വാടക സൈക്കിളിൽ കൊണ്ടുനടന്നു വിൽക്കും. കപ്പലണ്ടി വിറ്റാൽ ദിവസം രണ്ടു രൂപ ലാഭം കിട്ടും.
സ്കൂൾ വലിയവധിക്കാലം വരെ അതു തുടർന്നു. അതിൽനിന്നു കിട്ടിയ പണം സ്വരൂപിച്ചുവച്ചായിരുന്നു അടുത്ത ക്ലാസിലെ പഠനം. മുണ്ടംവേലി സെന്റ് ലൂയിസ് ഹൈസ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായതോടെ തുടർപഠനം എനിക്ക് അടയുന്ന അധ്യായമായി. പഠിക്കാൻ ആഗ്രഹമുണ്ട്, പണമില്ല. അക്കാലത്ത് സഹോദരന്മാരിൽ രണ്ടുപേർ മരപ്പണിയും മറ്റൊരാൾ വെൽഡിംഗും പഠിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് കാര്യമായ വരുമാനമൊന്നുമില്ല. പ്രായമേറുംതോറും അപ്പന് അവശതകൾ കൂടിവരുന്നു.
നിറകണ്ണുകളോടെ അപ്പൻ
ശനി, ഞായർ ദിവസങ്ങളിൽ ഞാൻ വസ്ത്രങ്ങൾ ഇസ്തിരിയിട്ടുകൊടുക്കാൻ പോകും. ഒരു വസ്ത്രം ഇസ്തിരിയിട്ടാൽ 50 പൈസ കിട്ടും. ആഴ്ച മുഴുവൻ വീടുകൾ കയറിയിറങ്ങി തുണി തേച്ചുകൊടുക്കും. അത്തരത്തിൽ കുറെ പണം സ്വരൂപിച്ച് 1987 ൽ കൊച്ചിൻ കോളജിൽ പ്രീഡിഗ്രി തേർഡ് ഗ്രൂപ്പിന് ചേർന്നു. ക്ലാസിൽ സാമാന്യം പഠിക്കുമായിരുന്നതുകൊണ്ട് സഹപാഠികളും അധ്യാപകരുമൊന്നും എന്റെ കഷ്ടപ്പാടുകകൾ അറിഞ്ഞിരുന്നില്ല.
പ്രീഡിഗ്രി ഒന്നാം വർഷം ഇംഗ്ലീഷിനു തോറ്റു. ട്യൂഷനു പോകാൻ പണമില്ല. ഞാൻ ഇസ്തിരിയിട്ടു കൊടുത്തിരുന്ന ഒരു വീട്ടിൽനിന്ന് നൂറു രൂപ കടംവാങ്ങി തോപ്പുംപടിയിലുള്ള റോബിൻസാറിന്റെ ട്യൂഷൻ സെന്ററിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു.
കടം വീട്ടാനായി രണ്ടു മാസം ആ വീട്ടിൽ സൗജന്യമായി വസ്ത്രങ്ങൾ ഇസ്തിരിയിട്ടു കൊടുത്തു. ആ കഠിനാധ്വാനത്തിൽ പ്രീഡിഗ്രി പാസായി കൊച്ചിൻ കോളജിൽതന്നെ ഡിഗ്രിക്ക് ചേരാൻ ആഗ്രഹിച്ചു. അവിടെയും സാന്പത്തികമാണ് പരിമിതിയായത്. ഇസ്തിരിയിട്ടു കിട്ടിയ പത്തു രൂപ എന്റെ കൈവശമുണ്ട്.
ഒരു ദിവസം അപ്പന്റെ അടുത്തു ചെന്നു പറഞ്ഞു. ‘ എനിക്കു പഠിക്കണം. കൈയിൽ ആകെ പത്തു രൂപയേയുള്ളു. അപ്പന്റെ പഴയ സൈക്കിൾ എനിക്ക് തരാമോ? ഞാൻ മീൻ വിറ്റുകിട്ടുന്ന പണംകൊണ്ട് പഠിച്ചോളാം. അപ്പന് ബാധ്യതയാവില്ല’. അന്ന് അറുപതു പിന്നിട്ട അപ്പൻ അതുകേട്ട് വല്ലാതെ നെടുവീർപ്പിട്ടു. മുഖം മറച്ച് കണ്ണീർപൊഴിച്ചു.
‘നീ സൈക്കിൾ എടുത്തോളൂ’. കോളജിൽ പഠിക്കുന്നതിനിടെ ഞാൻ മീൻസൈക്കിളുമായി ഊരുചുറ്റുന്നതു കാണാനോ ചിന്തിക്കാനോ അദ്ദേഹത്തിന്റെ മാനം അനുവദിച്ചിരുന്നില്ല.
അങ്ങനെ കൊച്ചിൻ കോളജിൽ ബിഎ ഇക്കണോമിക്സിനു ചേർന്നു. കോളജിൽ ഷിഫ്റ്റ് ആയിരുന്നതിനാൽ ക്ലാസ് കഴിഞ്ഞാലുടൻ തോപ്പുംപടി ഫിഷിംഗ് ഹാർബറിൽ സൈക്കിളിൽ പോയി മീൻ വാങ്ങി വീടുകളിൽ വിൽക്കും. മിച്ചംവരുന്ന മീൻ വെട്ടി ഉണക്കി കടകളിൽ വിൽക്കും. രാത്രി വൈകും വരെ പഠിക്കും.
അത്തരത്തിൽ സെക്കൻഡ് ക്ലാസോടെ ഡിഗ്രി പഠനം പൂർത്തിയാക്കി. ഹാർബറിൽ മീൻ എടുക്കാൻ പോകുന്പോഴൊക്കെ മീൻ കച്ചവടം നടത്തുന്ന അമ്മമാരെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. മീൻ വിറ്റ് വീടുപുലർത്തുന്ന ആ സ്ത്രീകളോട് അവരുടെ മക്കൾക്കുള്ള മനോഭാവത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചിട്ടുണ്ട്.
സങ്കടക്കടൽ താണ്ടി
ഡിഗ്രി പഠനത്തിനുശേഷം കടവന്ത്ര ഗിരിനഗറിൽ എം.സി. കുരുവിള ആൻഡ് കന്പനിയിൽ എനിക്കു ക്ലറിക്കൽ ജോലി കിട്ടി. 600 രൂപയായിരുന്നു ശന്പളം. ഏറെ വൈകാതെ ആ ജോലി വേണ്ടെന്നുവച്ചു. പഠിക്കാനായി എനിക്കു നേരിടേണ്ടിവന്ന കഷ്ടപ്പാടുകൾ നേരിൽ അറിയാമായിരുന്ന സൗദി ആരോഗ്യമാതാ പള്ളിവികാരി ഫാ. സ്റ്റീഫൻ പഴന്പാശേരിയെ ചെന്നുകണ്ടു. തീരദേശങ്ങളിലെ കുട്ടികൾക്ക് ട്യൂഷനെടുക്കാനുള്ള സൗകര്യം ചെയ്തുതരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
അച്ചൻ പാരിഷ്ഹാൾ സൗജന്യമായി വിട്ടുതന്നു. അവിടെ അഞ്ചുവർഷം അധ്യാപകനായി. തുടർന്ന് പ്രാരാബ്ദങ്ങൾക്കിടയിൽ പഠനം തുടർന്ന് ഒരു വിധം എംഎയും ബിഎഡും എടുത്തു. അക്കാലത്തും ട്യൂഷൻ മുടക്കിയിരുന്നില്ല. പിന്നീട് തോപ്പുംപടി സെന്റ് ജോസഫ് വിമൻസ് കോളജിൽ ആറുകൊല്ലം അധ്യാപകനായി. അക്കാലത്താണ് 2000ൽ അപ്പൻ ഞങ്ങളെ എന്നേക്കുമായി വിട്ടുപോയത്. ജീവിതത്തിൽ ഞാൻ ഏറ്റവുമധികം കരഞ്ഞ ദിവസമായിരുന്നു അന്ന്.
അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ അധ്യാപകജോലി കിട്ടിയെങ്കിലും ഡിവിഷൻ ഫാൾ വന്നതിനെത്തുടർന്ന് ഒരു വർഷത്തിനുശേഷം മടങ്ങേണ്ടിവന്നു. പിന്നെ ഫ്രീലാൻസ് ട്യൂഷൻ ടീച്ചറായി. 2013ൽ എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ഗസ്റ്റ് ലക്ചററായി ചേർന്നു. 2014ൽ അവിടെത്തന്നെ അസിസ്റ്റന്റ് പ്രഫസറായി നിയമനം കിട്ടി.
അധ്യാപനം ഹരമായതോടെയാണ് ഡോക്ടറേറ്റ് നേടണമെന്ന വലിയ ആഗ്രഹമുണ്ടായത്. ഫിഷിംഗ് ഹാർബറിൽ മത്സ്യത്തിന് കാത്തുനിൽക്കുന്ന മീൻകച്ചവടക്കാരായ അമ്മമാരുടെ ജീവിതവും കഠിനാധ്വാനവുമായിരുന്നു അന്നും എന്റെ മനസിൽ. പുതുതലമുറയിൽ വനിതാ സംരംഭകരുടെ സ്വാധീനമാണ് ഗവേഷണ വിഷയമായി എടുത്തത്. കൊച്ചിൻ കോളജിൽ എന്റെ അധ്യാപകനായിരുന്ന ഡോ. എൻ. അജിത്കുമാറായിരുന്നു ഗൈഡ്. 2022ൽ പിഎച്ച്ഡി പൂർത്തിയാക്കി.
ഫ്രാൻസിസിന്റെ ഭാര്യ സിൻസി സ്പെഷൽ സ്കൂൾ അധ്യാപികയാണ്. പത്താം ക്ലാസ് വിദ്യാർഥി എൽനിനോയും ഏഴാം ക്ലാസുകാരൻ എൽവിനുമാണ് മക്കൾ.‘നമ്മുടെ ജീവിതം മറ്റൊരാൾക്ക് പ്രചോദനമായാൽ അതിൽപരം മറ്റൊന്നില്ല.’ കനൽവഴികൾ താണ്ടി കോളജ് പ്രഫസർതലം വരെ ഉയർന്ന ഫ്രാൻസിസ് സ്വന്തം ജീവിതം ലോകത്തോടു പറയുന്നത് ഒരു സന്ദേശമായാണ്.
സീമ മോഹൻലാൽ