വെളിച്ചം പകർന്ന ചിമ്മിനിച്ചുവട്ടിൽ
ജോൺസൺ പൂവന്തുരുത്ത്
Saturday, April 26, 2025 8:23 PM IST
ലോകത്തിന്റെ ശ്രദ്ധ ഇനി പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിലേക്കാവും. മണിക്കൂറുകൾ മുതൽ വർഷങ്ങൾ വരെ നീണ്ട കോൺക്ലേവുകൾക്കു ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോൺക്ലേവുകളുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളിലേക്ക്...
1958 ഒക്ടോബർ 28, എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്. അവിടെ ചിമ്മിനിക്കു മുകളിൽ വെളുത്ത പുക ദൃശ്യമായിരിക്കുന്നു. പുതിയ മാർപാപ്പ ആരെന്നറിയാനുള്ള ആകാംക്ഷയിൽ ലോകം കാത്തിരിക്കുന്നതിനിടയിൽ ആ പേര് പ്രഖ്യാപിക്കപ്പെട്ടു, ഇറ്റലിക്കാരൻ കർദിനാൾ ആഞ്ജലോ ജുസപ്പേ റൊങ്കാളി, ഇനി മുതൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ. അദ്ദേഹം വിശ്വാസികളെ ആശീർവദിക്കാനായി ജനാലയ്ക്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ പലരും അതിശയിച്ചു.
നല്ല തടിയനായ മാർപാപ്പ! പിന്നെ കുറെ ദിവസത്തേക്കു മാധ്യമങ്ങളിലെ ചർച്ച പുതിയ മാർപാപ്പയുടെ അമിത വണ്ണത്തെക്കുറിച്ചായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മുതൽ തടിയനായ മാർപാപ്പയുടെ കർത്തവ്യ നിർവഹണത്തിലെ ബുദ്ധിമുട്ടുകൾ വരെ പലരും ചർച്ചയാക്കി. ഇതൊക്കെ പരിഗണിക്കാതെ പുതിയ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിനെയും പലരും വിമർശിച്ചു.
വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ നടത്തിയ ഒരു തകർപ്പൻ കമന്റ് ഉണ്ട്. അതിങ്ങനെ: “മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഒരു സൗന്ദര്യ മത്സരമല്ല”. ആ ഒറ്റ മറുപടിയിൽ അത്തരം ചർച്ചകൾ അവസാനിച്ചു. 1963 ജൂണിൽ ദിവംഗതനാകുംവരെ അദ്ദേഹം മാർപാപ്പയായി തുടർന്നു.
ആദ്യ തെരഞ്ഞെടുപ്പ്
കർദിനാൾമാരുടെ സംഘം ആദ്യമായി തെരഞ്ഞെടുത്ത മാർപാപ്പ നിക്കോളാസ് രണ്ടാമൻ ആണെന്നു പറയാം. 1059 ജനുവരി 24ന് റോമിലെ ബന്ധനസ്ഥനായ വിശുദ്ധ പത്രോസിന്റെ പള്ളിയിൽ (San Pietro in Vincoli- St. Peter in Chains) വച്ചാണ് 155-ാം മാർപാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പട്ടത്. അത് ഒരു തെരഞ്ഞെടുപ്പ് ആയിരുന്നെന്നു പറയാമെങ്കിലും ഇന്നു കാണുന്ന കോൺക്ലേവിന്റെ രീതികളോ നടപടിക്രമമോ അതിനില്ലായിരുന്നു.
അക്കാലം വരെ മാർപാപ്പയെ നിയമിക്കുന്ന രീതിയായിരുന്നു തുടർന്നുവന്നിരുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ഭരണകൂടങ്ങളുടെയും സമ്മർദഗ്രൂപ്പുകളുടെയുമൊക്കെ അംഗീകാരവും കിട്ടേണ്ട സ്ഥിതിയായിരുന്നു. രണ്ടു വർഷം മാത്രമേ മാർപാപ്പ പദവിയിൽ ഇരിക്കാൻ കഴിഞ്ഞുള്ളെങ്കിലും മാർപാപ്പ തെരഞ്ഞെടുപ്പ് നിയമങ്ങൾ അദ്ദേഹം അടിമുടി പരിഷ്കരിച്ചു. മാർപാപ്പമാരെ തെരഞ്ഞെടുക്കാനുള്ള ഒൗദ്യോഗിക സംഘമായി കർദിനാൾമാരെ നിയോഗിച്ച് ഭരണകൂടങ്ങളുടെ പിടിയിൽനിന്നു തെരഞ്ഞെടുപ്പിനെ മുക്തമാക്കി. എങ്കിലും അടുത്ത രണ്ടു നൂറ്റാണ്ടുകളിലും അതു പൂർണമായി പാലിക്കാനായില്ല.
എവിടെ മരിക്കുന്നോ അവിടെ
സിസ്റ്റൈൻ ചാപ്പൽ എന്നു കേൾക്കുന്പോൾ പലർക്കും കോൺക്ലേവ് എന്ന പേര് മനസിൽ തെളിയും. കാരണം കുറെ നൂറ്റാണ്ടുകളായി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലാണ് മാർപാപ്പമാരെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്നത്. അതേസമയം, 12, 13 നൂറ്റാണ്ടുകളിൽ എവിടെ വച്ചു മാർപാപ്പ മരിക്കുന്നുവോ അതേ സ്ഥലത്തു കർദിനാൾമാർ യോഗം ചേർന്നു പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതായിരുന്നു രീതി.
ഈ നൂറ്റാണ്ടുകളിൽ റോമിലെ അര ഡസനിലധികം പള്ളികൾ, ലാറ്ററനിലെ സെന്റ് ജോൺസ് മുതൽ പഴയ സെന്റ് പീറ്റേഴ്സ് വരെ, പാലറ്റൈൻ കുന്നിലെ ഒരു ബെനഡിക്ടൻ ആശ്രമം, സെപ്റ്റിസോഡിയം, ഫ്രാൻസിലെ ഒരു ആബി, ടെറാസിന, നേപ്പിൾസ്, വെറോണ, പിസ, പെറുജിയ, ഫെറാറ, വിറ്റെർബോ എന്നീ നഗരങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇങ്ങനെ മാർപാപ്പമാരെ തെരഞ്ഞെടുത്ത യോഗങ്ങൾ നടന്നു. സിസ്റ്റൈൻ ചാപ്പലിൽ ആദ്യത്തെ കോൺക്ലേവ് നടന്നത് 1492ൽ ആണ്. എന്നാൽ, 1878 മുതൽ സിസ്റ്റൈൻ ചാപ്പലിലല്ലാതെ മറ്റെവിടെയും കോൺക്ലേവ് ചേർന്നിട്ടില്ല.
മാസങ്ങളും വർഷങ്ങളും
പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ കർദിനാൾമാർ യോഗം ചേർന്നു മാർപാപ്പയെ തെരഞ്ഞെടുക്കുന്നതു സ്ഥിരം രീതിയായെങ്കിലും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് സമയപരിധി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചില കോൺക്ലേവുകൾ മാസങ്ങളും വർഷങ്ങളും നീണ്ടു. 1261ൽ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മൂന്നു മാസം നീണ്ടുനിന്നു. 1264ൽ ഇത് അഞ്ചു മാസമെടുത്തു.
1268ലാണ് ആകെ വലഞ്ഞത്. ക്ലെമന്റ് നാലാമൻ മാർപാപ്പയുടെ വിയോഗത്തോടെ അടുത്തയാളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ നവംബറിൽ ഇറ്റലിയിലെ വിറ്റെർബോയിൽ ആരംഭിച്ചു. എന്നാൽ, കർദിനാൾമാർക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. മൂന്നു വർഷത്തോളമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നീണ്ടത്. കൃത്യമായി പറഞ്ഞാൽ രണ്ടു വർഷവും ഒൻപതു മാസവും.
ഒടുവിൽ ഗ്രിഗറി പത്താമൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺക്ലേവിനു കൂടുതൽ കൃത്യമായ നടപടിക്രമങ്ങൾ ആവശ്യമാണെന്നു ബോധ്യപ്പെടുത്തിയ സംഭവം കൂടിയായിരുന്നു അത്. അതിനാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ചു ചില മാർഗനിർദേങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അതിനു ഫലമുണ്ടായി. 1276ലെ അടുത്ത തെരഞ്ഞെടുപ്പ് അതിശയിപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങൾക്കുള്ളിൽ അവസാനിച്ചു.
പതിമൂന്നാം നൂറ്റാണ്ടിലും കോൺക്ലേവ് നീളുന്ന സംഭവമുണ്ടായി. 1314ൽ തുടങ്ങിയ കോൺക്ലേവ് 1316 വരെ നീണ്ടു. രണ്ടുവർഷവും മൂന്നു മാസവും. ഫ്രാൻസിലെ ലിയോണിൽ നടന്ന ദൈർഘ്യമേറിയ കോൺക്ലേവിനൊടുവിൽ ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 1415 മുതൽ 1417 വരെ നടന്ന കോൺക്ലേവും ദൈർഘ്യത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചു. മാർട്ടിൻ അഞ്ചാമൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവ് രണ്ടു വർഷം നീണ്ടു.
കുഞ്ഞ് കോൺക്ലേവുകൾ
രണ്ടു വർഷത്തിലേറെ നീണ്ട കോൺക്ലേവുകൾ കത്തോലിക്ക സഭാ ചരിത്രത്തിൽ ഉള്ളതുപോലെതന്നെ ഏറ്റവും കുറഞ്ഞ സമയത്തിൽ മാർപാപ്പമാരെ തെരഞ്ഞെടുത്ത് റിക്കാർഡ് സൃഷ്ടിച്ച കുഞ്ഞൻ കോൺക്ലേവുകളും നടന്നിട്ടുണ്ട്. 1503 ഒക്ടോബറിൽ നടന്ന കോൺക്ലേവ് ഏതാനും മണിക്കൂറുകൾ മാത്രമേ നീണ്ടുള്ളൂ.
ജൂലിയസ് രണ്ടാമൻ ആണ് കോൺക്ലേവ് തുടങ്ങി ആദ്യ മണിക്കൂറുകളിൽത്തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഏറെ സമ്മതനും സ്വീകാര്യനുമായിരുന്ന കർദിനാൾ ജൂലിയാനോ ദെല്ലാ റൊവേരെയെ തെരഞ്ഞെടുക്കാൻ മിനിറ്റുകൾ മാത്രമേ കർദിനാൾമാർക്കു വേണ്ടിവന്നുള്ളൂ. 1939ലായിരുന്നു മറ്റൊരു കുഞ്ഞൻ കോൺക്ലേവ്. മാർച്ചിൽ നടന്ന കോൺക്ലേവ് ഒറ്റ ദിവസംകൊണ്ട് ദൗത്യം പൂർത്തിയാക്കി.
പയസ് പതിനൊന്നാമൻ പാപ്പായ്ക്കു കീഴിൽ സെക്രട്ടറി ഒാഫ് സ്റ്റേറ്റ് ആയിരുന്ന യൂജിനിയോ പച്ചെല്ലി മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് പയസ് പന്ത്രണ്ടാമൻ എന്ന പേര് സ്വീകരിച്ചു. മൂന്നാമത്തെ വോട്ടെടുപ്പിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഈ തലമുറയിലും ദൈർഘ്യം കുറഞ്ഞ ഒരു കോൺക്ലേവ് നടന്നിട്ടുണ്ട്. 2005ൽ കർദിനാൾ ജോസഫ് റാറ്റ്സിംഗറെ മാർപാപ്പയായി തെരഞ്ഞെടുക്കാൻ കർദിനാൾമാർക്കു രണ്ടു ദിവസമേ വേണ്ടി വന്നുള്ളൂ. നാലാമത്തെ വോട്ടെടുപ്പുകഴിഞ്ഞപ്പോൾ കർദിനാൾ റാറ്റ്സിംഗർ, ബനഡിക്ട് പതിനാറാമൻ മാർപാപ്പയായി.
രഹസ്യത്തിൽ സംഭവിക്കുന്നത്
പണ്ടു കാലത്തപ്പോലെ ഇനി മാർപാപ്പമാരെ തെരഞ്ഞെടുക്കുന്ന കോൺക്ലേവുകൾ അനന്തമായി നീളില്ല. കാരണം സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നിലവിലെ സംവിധാനം. 1996ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് കോൺക്ലേവിന്റെ ആധുനിക ചട്ടക്കൂടുകൾ പ്രഖ്യാപിച്ചത്. ദിവസവും രണ്ടു പ്രാവശ്യമാണ് കർദിനാൾമാർ വോട്ടെടുപ്പ് നടത്തുന്നത്. ഒാരോ വോട്ടെടുപ്പിനു ശേഷവും പ്രാർഥനയും ധ്യാനവുമുണ്ടാകും. വോട്ടെടുപ്പിനു ശേഷം ബാലറ്റുകൾ കത്തിച്ചുകളയും.
പ്രത്യേകിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കർദിനാൾമാർ അവർക്ക് ഇഷ്ടമുള്ള ആളുടെ പേര് എഴുതി വോട്ടു ചെയ്യുന്നതാണ് രീതി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കാണോ ലഭിക്കുന്നത് അദ്ദേഹം തെരഞ്ഞെടുക്കപ്പെടും. എന്നാൽ, ഒൻപത് തവണ വോട്ടെടുപ്പ് നടത്തിയിട്ടും ആർക്കും മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ അവസാന വോട്ടെടുപ്പിൽ മുന്നിലെത്തിയ രണ്ടു പേരെ മുൻനിർത്തി വോട്ട് ചെയ്യും. അതിലൊരാൾ തെരഞ്ഞെടുക്കപ്പെടും. ഈ വോട്ടെടുപ്പിൽ ആ രണ്ടു പേർ സാധാരണ വോട്ട് ചെയ്യാറില്ല.
സ്ഥാനം നിരസിച്ചവർ
ലോകത്തിൽ എറ്റവും ആദരിക്കപ്പെടുന്നതും സ്വാധീനശക്തിയുള്ളതും സ്വീകരിക്കപ്പെടുന്നതുമായ പദവിയാണ് മാർപാപ്പ എന്നത്. എന്നാൽ, ഇത്രയും മൂല്യമുള്ള ആ പദവി വേണ്ടെന്നുവച്ചവരുമുണ്ടെന്നു ചരിത്രം പറയുന്നു. 1271ൽ വിശുദ്ധ ഫിലിപ്പ് ബെനിസി തന്നെ മാർപാപ്പയായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ എതിർത്തു. മറ്റൊരാളെ തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം ഒളിച്ചുകഴിഞ്ഞതായും പറയുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കർദിനാൾ ചാൾസ് ബൊറോമിയോയും പാപ്പാസ്ഥാനം നിരസിച്ചു. 1978 ഒക്ടോബറിൽ മിലാനിലെ ആർച്ച്ബിഷപ്പായിരുന്ന 76 വയസുകാരൻ കർദിനാൾ ജോവന്നി കൊളംബോ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തെരഞ്ഞെടുക്കപ്പെട്ടാൽ താൻ സ്ഥാനം നിരസിക്കുമെന്നു പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതീവരഹസ്യമായി നടക്കുന്ന പ്രക്രിയ ആയതിനാൽ ഈ വിവരങ്ങൾക്ക് ആധികാരികതയില്ല.
പുക നിറം മാറുന്നത്
അതീവരഹസ്യമായി നടക്കുന്ന കോൺക്ലേവിൽ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടാൽ പുറത്തറിയിക്കുന്ന മാർഗം സിസ്റ്റൈൻ ചാപ്പലിനു മുകളിലുള്ള ചിമ്മിനിയിൽനിന്ന് ഉയരുന്ന പുകയാണ്. എല്ലാവർക്കും അറിവുള്ളതുപോലെ വോട്ടെടുപ്പിൽ മാർപാപ്പയെ കണ്ടെത്തിയാൽ വെളുത്ത പുകയും തീരുമാനം ആയില്ലെങ്കിൽ കറുത്ത പുകയും. പരന്പരാഗത മാർഗങ്ങൾ ഉപയോഗിച്ചായിരുന്നു നേരത്തേ വെളുത്ത പുകയും കറുത്ത പുകയും സൃഷ്ടിച്ചിരുന്നത്.
ഒാരോ വോട്ടെടുപ്പ് കഴിയുന്പോഴും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ കത്തിക്കും. കറുത്ത പുക സൃഷ്ടിക്കാൻ ബാലറ്റുകൾക്കൊപ്പം നനഞ്ഞ വൈക്കോൽകൂടി കത്തിക്കുന്നതായിരുന്നു പരന്പരാഗത രീതി. എന്നാൽ, ഇതിന്റെ ചാരനിറം പലപ്പോഴും പുറത്തുനിൽക്കുന്നവർക്ക് വെളുത്തതാണോ കറുത്തതാണോ എന്ന ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതൊഴിവാക്കാൻ 2005 മുതൽ വത്തിക്കാൻ കൂടുതൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചു.
ചില പ്രത്യേക രാസസംയുക്തങ്ങൾ ചേർത്തു ബാലറ്റ് കത്തിച്ചാണ് ഇപ്പോൾ വെളുത്തതോ കറുത്തതോ ആയ പുക സൃഷ്ടിക്കുന്നത്. ബനഡ്ക്ട് പതിനാറാമനെ തെരഞ്ഞെടുത്ത ഘട്ടം മുതൽ ഈ രീതിയാണ് ഉപയോഗിക്കുന്നത്.വെളുത്ത പുകയ്ക്ക്, പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ് (ഒരു പഞ്ചസാര സംയുക്തം), പൈൻ മരങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു റെസിൻ എന്നിവ അടങ്ങിയ കാട്രിഡ്ജുകൾ ചേർത്തു കത്തിക്കും.
ഇവ ഒരുമിച്ചു കത്തിച്ചാൽ നല്ല വെളുത്ത പുക ലഭിക്കും. പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രാസീൻ (ഒരു ഹൈഡ്രോകാർബൺ), സൾഫർ എന്നിവ ഉപയോഗിച്ചാണ് കറുത്ത പുക ഉത്പാദിപ്പിക്കുന്നത്.
മേൽക്കൂര പൊളിച്ചിട്ടും...
രണ്ടു വർഷവും ഒൻപതു മാസവും നീണ്ട ഏറ്റവും ദൈർഘ്യമേറിയ വിറ്റെർബോ കോൺക്ലേവിന്റെ കാലത്തു കൗതുകകരമായ പല സംഭവങ്ങളും അരങ്ങേറി. പുതിയ മാർപാപ്പയ്ക്കായി കാത്തുകാത്തിരുന്നു മടുത്ത വിശ്വാസികൾ എത്രയും വേഗം തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കർദിനാൾമാർക്കു മേൽ പല സമ്മർദങ്ങളും ചെലുത്തി.
വിറ്റെർബോയിലെ ന്യായാധിപൻമാർ കർദിനാൾമാരെ വാതിൽ പുറത്തുനിന്നു പൂട്ടി. അവർക്കു നൽകിവന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചും സമ്മർദമുണ്ടാക്കി. ഒടുവിൽ കർദിനാൾമാർ സമ്മേളിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചു തീരുമാനം വേഗത്തിലെടുപ്പിക്കാൻ പ്രേരിപ്പിച്ചതായും ചരിത്രം പറയുന്നു.