മാർ സെബാസ്റ്റ്യൻ വയലിൽ
പേജ് 662
വില ₹ 750
ദീപനാളം
പബ്ലിക്കേഷൻസ്, പാലാ.
ഫോണ്- 04822 212842
ആദരണീയനായ ആത്മീയ പിതാവും പാലാ രൂപതയുടെ പ്രഥമ ബിഷപ്പുമായ മാർ സെബാസ്റ്റ്യൻ വയലിലിന്റെ ആത്മകഥയുടെ രണ്ടാം പതിപ്പ് ഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്നു. ധന്യമായ ആത്മീയജീവിതത്തിലെ ഓർമയുടെ ചിമിഴിൽ കരുതിവച്ച അനുഭവങ്ങൾ ആത്മകഥ മാത്രമല്ല ഒരു ദേശത്തിന്റെയും കാലഘട്ടത്തിന്റെയും ചരിത്രാവതരണം കൂടിയാണ്.
സ്വന്തം ജീവിതാനുഭവങ്ങളെയും തനിക്കു കരുതലായി മാറിയ ഒട്ടനവധി സഹപ്രവർത്തകരുടെ നിസ്വാർഥമായ സേവനങ്ങളെയും ഓരോ സംഭവങ്ങൾക്കൊപ്പം പിതാവ് ഓർമിക്കുന്നു. പ്രത്യേകിച്ചും ഒരുമിച്ചു മെത്രാൻശുശ്രൂഷയിലേക്ക് നിയോഗിക്കപ്പെട്ട പുണ്യശ്ലോകനായ മാർ മാത്യു കാവുകാട്ട് പിതാവിനെയും മലബാറിന്റെ മോശ എന്ന് കാലം അടയാളപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയെയുംകുറിച്ചുള്ള ഓർമകൾ വിശുദ്ധ ചിന്തകളുടെ വായനാനുഭവം സമ്മാനിക്കുന്നു.
പ്രകാശപൂർണമായ നാളെകളെ മുന്നിൽകണ്ട് ഇന്നുകളെ രൂപപ്പെടുത്തിയ ഒരു കർമയോഗിയുടെ ആത്മപ്രകാശനം മാത്രമല്ല ഈ ആത്മകഥ, മറിച്ച് പാലാ രൂപതയുടെയും ദേശത്തിന്റെയും പരിണാമങ്ങളുടെയും നാഴികക്കല്ലുകളുടെയും നേട്ടങ്ങളുടെയും വീരഗാഥ കൂടിയാണ്.
1987ൽ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അവതാരികയോടെ പുറത്തിറങ്ങിയ ഒന്നാം പതിപ്പ് തലമുറകൾ ആസ്വാദ്യതയോടെ വായിച്ചറിഞ്ഞിരുന്നു. ക്രൈസ്തവ വിശ്വാസികൾക്കു മാത്രമല്ല പൊതുസമൂഹത്തിനും അത് വലിയ ബോധ്യങ്ങളെ സമ്മാനിച്ചു. ഒപ്പം ചരിത്രരചയിതാക്കൾക്കും ഗവേഷകർക്കും കാലസൂചികയായി മാറുകയും ചെയ്തു. ഏറെപ്പേരുടെ ആഗ്രഹത്തിന്റെ സഫലീകരണമെന്നോണമാണ് ബിഷപ് വയലിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രണ്ടാം പതിപ്പ് ദീപനാളം പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നത്.
കേരളത്തിന്റെ ആത്മീയ, കാർഷിക, സാംസ്കാരിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷാരംഗങ്ങളിൽ പാലായ്ക്ക് മഹത്തായ പാരന്പര്യവും തനതായ സംഭാവനയുമുണ്ട്. അതിൽ പാലാ രൂപതയുടെയും പിതാക്കൻമാരുടെയും വൈദികരുടെയും സന്യസ്തരുടെയും അത്മായരുടെയും പങ്കാളിത്തം സുപ്രധാനവുമാണ്. ആഗോളകത്തോലിക്കാസഭയിൽ ദൈവവിളിയുടെ വിളനിലമെന്ന ഖ്യാതിയും പാലാ രൂപതയ്ക്ക് സ്വന്തമാണ്. രൂപതയ്ക്ക് ശക്തമായ അടിത്തറയിട്ട വ്യക്തിയെന്ന നിലയിൽ വയലിൽ പിതാവിന്റെ സമർപ്പിതചര്യകളെ കൂപ്പുകൈകളോടെ മാത്രമേ സ്മരിക്കാനാവൂ എന്ന് അദ്ദേഹത്തിന്റെ ആത്മകഥ ഓർമപ്പെടുത്തുന്നു.
സാന്ത്വനപ്രകാശമേ നയിച്ചാലും എന്ന പ്രാർഥനയോടെ ആരംഭിക്കുന്ന ആത്മകഥാകഥനം ദൈവമേ നിന്റെ വഴികൾ എത്ര സുന്ദരം എന്ന സായൂജ്യ പഥത്തിലെത്തി നിൽക്കുന്പോൾ അനുവാചകരും അറിയാതെ പറയും നിന്റെ വഴികൾ എത്ര സുന്ദരം.
മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, പ്രഫ. വി.ജെ. ജോസഫ് എന്നിവരുടെ പ്രൗഢമായ ആമുഖക്കുറിപ്പോടെയാണ് രണ്ടാം പതിപ്പ് പുതിയ കാലത്തിന് സമ്മാനമെന്നോണം പുറത്തിറങ്ങിയിരിക്കുന്നത്.
പാലാ സെന്റ് തോമസ്, അൽഫോൻസാ, അരുവിത്തുറ സെന്റ് ജോർജ്, കുറവിലങ്ങാട് ദേവമാതാ കോളജുകളുടെയും മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശിൽപി എന്ന നിലയിൽ തലമുറകൾ മാർ വയലിലിനെ ആദരവോടെ സ്മരിക്കുന്നു. സഭയ്ക്കും ദൈവത്തിനും വേണ്ടി സമർപ്പിതനായ ഒരു വ്യക്തി തന്റെ ജീവിതത്തിലെ കഠിനാധ്വാനത്തിലും ദീർഘവീക്ഷണത്തിലും ഇത്രത്തോളം വിസ്മയകരമായ ശുശ്രൂഷ എങ്ങനെ നിറവേറ്റിയെന്ന് ഏതൊരാളും ചിന്തിച്ചുപോകും ഈ ജീവചരിത്രവായനിലൂടെ.
ആത്മീയതയിൽ വിശുദ്ധിയുടെ പരിമളം പരത്തിയ രൂപതയാണ് പാലാ. വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചൻ തുടങ്ങിയവരുടെ നാമകരണനടപടികളിൽ സുപ്രധാനമായ പങ്ക് മാർ വയലിൽ നിർവഹിച്ചു. അൽഫോൻസാമ്മയുടെ നാമകരണനടപടി ഓഫീസ് സ്ഥാപനം മുതൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങൾക്കും സാക്ഷിയാവാനുള്ള ഭാഗ്യവും പിതാവിനു ലഭിച്ചു.
മദ്യവിരുദ്ധപ്രസ്ഥാനത്തിലും സന്യാസസഭകളുടെ സ്ഥാപനത്തിലും വിവിധ ആത്മീയ സംഘടനകളുടെ ശക്തീകരണത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്.
കുടുംബം, ബാല്യം, ദൈവവിളി, പൗരോഹിത്യം, മെത്രാഭിഷേകം, അജപാലനം തുടങ്ങി വിപുലമായ ഒൻപത് അധ്യായങ്ങളിലാണ് വ്യക്തിയുടെയും ദേശത്തിന്റെയും സഭയുടെയും ചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഈ ഉത്കൃഷ്ട രചന നിർവഹിച്ചിരിക്കുന്നത്. ഇതിൽതന്നെ പാലായുടെ കാർഷിക സംസ്കാരത്തെയും പാലായിൽ നിന്ന് മലബാറിലേക്കും ഹൈറേഞ്ചിലേക്കുമുണ്ടായ കുടിയേറ്റത്തെയും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.
രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്ത മാർ വയലിൽ സൂനഹദോസിന്റെ ദൈവശാസ്ത്ര ഉൾക്കാഴ്ചകളും അജപാലനവീക്ഷണങ്ങളും സ്വന്തമാക്കി അത് രൂപതയിൽ നടപ്പാക്കി. മാർത്തോമ്മാ നസ്രാണി ശ്ലൈഹിക പാരന്പര്യത്തിന്റെയും പൗരസ്ത്യ സുറിയാനി ഭാഷയുടെയും ശക്തനായ വക്താവായിരുന്നു പിതാവ്. ബാല്യം മുതൽ വിശ്രമജീവിതം വരെയുള്ള ധന്യമായ ഓർമകളെ കൃത്യതയോടെയും വ്യക്തതയോടെയും മാർ വയലിൽ ആത്മകഥയിൽ പ്രതിപാദിക്കുന്നു.