UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
ടി.പി. സന്തോഷ്കുമാര്‍
Saturday, July 26, 2025 8:38 PM IST
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്ച് സംഗീതത്തിന്റെ കോർട്ടിലേക്കു കയറി. പിന്നെ ഹിറ്റുകളുടെ പ്രവാഹം. സൂപ്പർ ഹിറ്റ് ആയ നിരവധി ക്രിസ്ത്രീയ ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച റോബിൻ ജോസ് ചെറുവള്ളിയുടെ സംഗീതയാത്ര.
പഠിച്ചതും ബിരുദം നേടിയതും നിയമത്തിൽ. എന്നാൽ, നിയമത്തിന്റെ തടിയൻ പുസ്തകങ്ങളേക്കാൾ കട്ടപ്പനക്കാരൻ റോബിൻ ജോസ് ചെറുവള്ളിയുടെ ഷെൽഫിൽ നിറഞ്ഞത് പാട്ടുപുസ്തകങ്ങൾ.
നിയമത്തിന്റെ വകുപ്പുകളേക്കാൾ ആ മനസിൽ ഉറച്ചത് പാട്ടിന്റെ സംഗീതവും ശ്രുതിയും. ഇതോടെ മനസിൽ നിയമവും സംഗീതവും തമ്മിൽ പൊരിഞ്ഞ വാദം നടന്നു. ഒടുവിൽ റോബിന്റെ മനസ് ജീവിതത്തിന്റെ കോടതിയിൽ ഉറപ്പിച്ചു പറഞ്ഞു, യുവർ ഒാണർ എന്റെ കക്ഷി സംഗീതപ്രേമിയാണ്!
ദൈവത്തിന്റെ കുഞ്ഞല്ലേ നീ
പിന്നീട് നാട്ടിൽനിന്നു വിദേശത്തേക്കു പറന്നപ്പോഴും കൂടെ പറക്കാൻ സംഗീതമുണ്ടായിരുന്നു. ക്രൈസ്തവരും അല്ലാത്തവരുമായ മലയാളികൾ മൂളി നടക്കുന്ന, പള്ളികളിൽ പലപ്പോഴും മുഴങ്ങിക്കേൾക്കുന്ന, വേദികളിൽ ആനന്ദം പൊഴിക്കുന്ന പല ക്രിസ്തീയ ഗാനങ്ങൾക്കും പിന്നിൽ റോബിന്റെ സ്പർശമുണ്ട്.
മലയാളികൾ ഇന്നും പാടുന്ന ദൈവത്തിന്റെ കുഞ്ഞല്ലേ നീ... എന്ന സൂപ്പർ ഹിറ്റ് ആൽബം പുറത്തിറക്കി 2009ൽ ആയിരുന്നു സംഗീതലോകത്ത് റോബിൻ മുദ്ര ചാർത്തിയത്. ഈ ആൽബം പുറത്തിറക്കിയത് റോബിന്റെ ക്രിസ് ഒാഡിയോസ് എന്ന ആൽബം നിർമാണ ക്കന്പനിയായിരുന്നു. അതിനു ശേഷം മലയാളി മനസുകളിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ റോബിൻ പുറത്തിറക്കി.
ദേവാലയ മണി മുഴങ്ങി
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ അൽത്താരബാലനായിരുന്നപ്പോൾ ഉള്ളിൽ കയറിപ്പറ്റിയതാണ് സംഗീതം. വൈകാതെ യേശുദാസിന്റെയും കെ.ജി. മർക്കോസിന്റെയും ഭക്തിഗാനങ്ങൾ കേൾക്കുന്നതു ശീലമായി.
കട്ടപ്പന ഐടിഐ ജംഗ്ഷനിലെ വീട്ടിലെത്തിയാലും സംഗീതത്തിന്റെ നേർത്ത അലകൾ എപ്പോഴുംതന്നെ കേൾക്കാമായിരുന്നു. സംഗീത പ്രേമിയും വനംവകുപ്പില്‍ ഉദ്യോഗസ്ഥനുമായിരുന്ന പിതാവ് സി.സി.ജോസഫിന്റെ ഓര്‍മയ്ക്കായാണ് റോബിൻ ആദ്യ ആൽബം പുറത്തിറക്കിയത്.
അള്‍ത്താര എന്ന ആല്‍ബത്തിലെ മിക്ക ഗാനങ്ങളും ഹിറ്റായി മാറി. ആകാശമേഘങ്ങളെ, ദേവാലയ മണിമുഴങ്ങി, എന്റെ ഈശോ സ്നേഹമായി, ദിവ്യകാരുണ്യത്തിന് ബലിവേദിയില്‍... എന്നിങ്ങനെ ജനപ്രിയമായ ഗാനങ്ങളൊരുക്കിയതിനു പിന്നിൽ മാസങ്ങൾ നീണ്ട അധ്വാനമുണ്ടായിരുന്നു.
കെ.ജി.മര്‍ക്കോസ്, കെസ്റ്റര്‍, സുജാത, ബിജു നാരായണന്, മധു ബാലകൃഷ്ണന്, വില്സിന് പിറവം, സിസിലി, എലിസബത്ത് രാജു, വിനീത് ശ്രീനിവാസന്, അമൃതാ സുരേഷ് തുടങ്ങി മലയാളത്തിലെ മുന്‍നിര ഗായകരെല്ലാം ഈ ആല്‍ബത്തില്‍ പാടി.
ആകാശ മേഘങ്ങളേ
പിതാവിന്റെ സ്മരണയ്ക്ക് ഒരു ആൽബം പുറത്തിറക്കിയ ശേഷം അഭിഭാഷകവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനായിരുന്നു പ്ലാൻ. പക്ഷേ, ആദ്യത്തെ ഗാനം സൂപ്പർ ഹിറ്റ് ആയതോടെ അഭിനന്ദനം ഒഴുകിയെത്തി.
അതോടെ ക്രിസ് ഒാഡിയോസ് മുന്നോട്ടുതന്നെ പോയി. ഇതിനിടെ ജോലിക്കായി ഷിക്കാഗോയിലേക്ക്. എങ്കിലും സംഗീതം വിട്ടില്ല. ക്രിസ് ഒാഡിയോസിൽനിന്ന് പിന്നെ ഹിറ്റുകളുടെ പ്രവാഹമായിരുന്നു. ദൈവദൂതന്, ജീസസ് മൈ ജീസസ്, ഹോളി എയ്ഞ്ചല്‍ തുടങ്ങിയ ആൽബങ്ങളെല്ലാം സംഗീതപ്രേമികളുടെയും വിശ്വാസികളുടെയും ഹൃദയത്തിൽ ഇടം നേടി.
പ്രമുഖരെ ഉൾപ്പെടുത്തി പതിനഞ്ചോളം വിഡിയോ ആൽബങ്ങൾ റോബിന്റെ സംവിധാന മികവില്‍ പ്രമുഖ ചാനലുകളിലൂടെ പുറത്തിറക്കി. നാല്പതോളം ആല്‍ബങ്ങള്‍ ക്രിസ് ഓഡിയോസ് സംഗീത പ്രേമികള്‍ക്ക് നല്കിയ വിരുന്നായി. കവര്‍ ഡിസൈനിംഗ് മുതല്‍ റിക്കാര്‍ഡിംഗ് വരെയുള്ള ഓരോ ഘട്ടത്തിലും റോബിന്റെ കൈയൊപ്പുണ്ട്. സംഗീതരംഗത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധർ ആൽബങ്ങളിൽ വേണമെന്നതു റോബിനു നിർബന്ധം.
അതിനായി എത്ര ബുദ്ധിമുട്ടും സഹിക്കും. എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാര്‍, കെ.ജി.മാര്‍ക്കോസ്, കെസ്റ്റര്‍, ബിജു നാരായണന്, മധു ബാലകൃഷ്ണന്, സുജാത, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്, സംഗീത സംവിധായകന് ശരത്, ശ്വേത മോഹന്‍, മൃദുല വാര്യര്‍, നിത്യ മാമന് , മിഥില മൈക്കിള്‍, മരിയ കോലടി, മനോജ്, വില്‍സണ്‍ പിറവം, എലിസബത്ത് രാജു, സിസിലി, അമൃത സുരേഷ്, ചിന്മയി തുടങ്ങിയ മുന്‍നിര ഗായകര്‍ ക്രിസ് ഓഡിയോസിനു വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ആ വിരൽ തുന്പിലെ
ഒരു ഇടവേളയ്ക്കുശേഷം ക്രിസ് ഓഡിയോസ് എന്ന യൂ ട്യൂബ് ചാനലിലൂടെ തിരിച്ചുവരവ്. അമൃത സുരേഷ് ആലപിച്ച ദൈവത്തിന്റെ കുഞ്ഞല്ലേ എന്ന ഗാനം ടോപ് സിംഗറിലെ താരമായ മേഘ്ന സുമേഷിന്റെ സ്വര ലാവണ്യത്തില്‍ വീണ്ടും സംഗീതാസ്വാദകര്‍ക്കു മുന്നിലെത്തിച്ചു. പരിചയ സന്പന്നർക്കൊപ്പം പുതുമുഖങ്ങളെയും റോബിൻ ഒപ്പംകൂട്ടി.
നാടന്‍ പാട്ടുകാരന് മണികണ്ഠന് പെരുമ്പടപ്പ് രചിച്ച് ഈണം നല്കി ആലപിച്ച പൂമേനിയില്‍, മൃദുല വാര്യര്‍ പാടിയ ആ വിരല്‍ തുമ്പിലെ, ചിന്മയിയുടെ ശ്രുതിയില്‍ ഇവള് പാടും സംഗീതം, ശ്വേതാമോഹന്റെ മണ്ണില്‍ സ്വര്ഗത്തിന് ചിത്രം രചിക്കുവാന്‍, കെസ്റ്ററുടെ സ്വര്‍ഗീയമാം അള്‍ത്താരയില്‍, എം.ജി.ശ്രീകുമാറിന്റെ കരളുകീറും നൊമ്പരം, മേഘ്നയുടെ നിന് തിരു രക്തത്താല്‍ തുടങ്ങിയവയാണ് സമീപ നാളില്‍ ഇറങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍.
തമിഴ് ഗാനങ്ങള്‍ക്കു മാത്രമായി ക്രിസ്റ്റല്‍ മൂവീസ് തമിഴ് ക്രിസ്ത്യന്‍ സോംഗ്സ് എന്ന ചാനലും റോബിന്റേതായുണ്ട്. അമേരിക്കയിലുള്ള സംഗീതപ്രേമികളായ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പുതിയ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് റോബിന്.
സിനിമാ തിരക്കഥാ രംഗത്തും പേര് അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലും. നേരത്തേ തൊടുപുഴ, കട്ടപ്പന കോടതികളില്‍ അഭിഭാഷകനായിരുന്നു. ഭാര്യ സിന്ധുവും മക്കളായ ക്രിസ്റ്റഫര്‍, ക്രിസ്റ്റല്‍ എന്നിവരുമാണ് ഈ സംഗീതയാത്രയ്ക്കു പ്രചോദനവും പിന്തുണയും.